Top
21
Tuesday, November 2017
About UsE-Paper

ഗ്രീസ്, വടക്കന്‍ അയര്‍ലന്‍ഡ് പുറത്ത് : ക്രൊയേഷ്യ, സ്വിറ്റ്സര്‍ലന്‍ഡ് ലോകകപ്പിന്

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

ബാസെല്‍ > ക്രൊയേഷ്യയും സ്വിറ്റ്സര്‍ലന്‍ഡും ലോകകപ്പ് ഫുട്ബോളിന് അര്‍ഹത നേടി. യോഗ്യതാറൌണ്ടിലെ പ്ളേ ഓഫില്‍ ക്രൊയേഷ്യ ഗ്രീസിനെയും സ്വിറ്റ്സര്‍ലന്‍ഡ് വടക്കന്‍ അയര്‍ലന്‍ഡിനെയും തോല്‍പ്പിച്ചു. 

രണ്ടാംപാദത്തില്‍ ഇരുമത്സരവും ഗോളടിക്കാതെ പിരിഞ്ഞപ്പോള്‍ ആദ്യപാദത്തിലെ ഫലം നിര്‍ണായകമായി. ആദ്യപാദത്തില്‍ ക്രൊയേഷ്യ ഗ്രീസിനെ 4-1നും സ്വിറ്റ്സര്‍ലന്‍ഡ് വടക്കന്‍ അയര്‍ലന്‍ഡിനെ 1-0ത്തിനും തോല്‍പ്പിച്ചു.

അയര്‍ലന്‍ഡ്-സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം ആവേശകരമായി. ബാസെലിലെ മഴ നനച്ച സെന്റ് ജേക്കബ് പാര്‍ക്കില്‍ ഇരുടീമും ഒപ്പത്തിനൊപ്പം നിന്നു. മൂന്നുപതിറ്റാണ്ടിനുശേഷം ലോകകപ്പിനെത്താനുള്ള ആഗ്രഹത്തിലായിരുന്നു ഐറിഷുകാര്‍. 1986ലാണ് അയര്‍ലന്‍ഡ് അവസാനമായി ലോകകപ്പ് കളിച്ചത്. പരിക്കുസമയത്തെ അവസാന മിനിറ്റില്‍ അയര്‍ലന്‍ഡുകാര്‍ ഗോളിനടുത്തെത്തി. ജോണി ഇവാന്‍സിന്റെ ഹെഡര്‍ സ്വിസിന്റെ ഗോള്‍ലൈനില്‍നിന്ന് റിക്കാര്‍ഡോ റോഡ്രിഗ്വസ് അകറ്റിയതോടെ ഐറിഷുകാരുടെ മുന്നില്‍ റഷ്യയുടെ വാതില്‍ അടഞ്ഞു. തുടര്‍ച്ചയായി നാലാം തവണയും സ്വിസുകാര്‍ ലോകകപ്പിന് അര്‍ഹത നേടി.

ആദ്യപാദത്തിലെ 4-1ന്റെ മേല്‍ക്കൈയുമായി വന്ന ക്രൊയേഷ്യക്കെതിരെ ഗ്രീസിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ഒന്നാംപാദത്തിലെ ഫലംതന്നെ മത്സരഗതി നിര്‍ണയിച്ചിരുന്നു.

വിരസമായിരുന്നു രണ്ടാംപാദം. ഗോള്‍മുഖത്തേക്ക് ഒറ്റ ഷോട്ട് മാത്രമാണ് ഉണ്ടായത്. ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിച്ച് 30 വാര അകലെനിന്ന് അടിച്ചത് പോസ്റ്റില്‍ തട്ടി മടങ്ങി. ആദ്യപാദത്തെക്കാള്‍ ഗ്രീസ് മെച്ചപ്പെട്ടെങ്കിലും തിരിച്ചുവരവിനുള്ള ശേഷി അവര്‍ക്കില്ലായിരുന്നു.

Categories