23 September Sunday

ഏഷ്യാകപ്പിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018


ദുബായ്
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ശനിയാഴ്ച യുഎഇയിൽ തുടങ്ങും.  ആറു ടീമുകളാണ് മത്സരിക്കുക. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവയാണ് ടീമുകൾ. 28ന് സമാപനം.

ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യമത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. രണ്ട് ഗ്രൂപ്പുകളായാണ് ടീമുകൾ ആദ്യറൗണ്ടിൽ മത്സരിക്കുക. രണ്ടുഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനക്കാർ സൂപ്പർ ഫോറിലേക്ക് മുന്നേറും. ആറുമത്സരങ്ങളാണ് സൂപ്പർ ഫോറിലുള്ളത്.

ചെറിയൊരു ഇടവേളയ്ക്കുശേഷം ഏഷ്യാകപ്പ് ഏകദിന ഫോർമാറ്റിലേക്കു മടങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. 2016ൽ ട്വന്റി‐20 ഫോർമാറ്റിലാണ്  ഏഷ്യാകപ്പ് നടത്തിയത്.

നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയും രണ്ടുതവണ കിരീടംനേടിയ പാകിസ്ഥാനുമാണ് കിരീടപ്രതീക്ഷയിൽ മുമ്പിൽ. ഏഴാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ തവണ കിരീടംനേടിയ ടീമും ഇന്ത്യതന്നെ. ശ്രീലങ്ക അഞ്ചുതവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞതവണയും 2012ലും ഫൈനലിലെത്തിയതാണ് ബംഗ്ലാദേശിന്റെ ഏറ്റവും മികച്ചപ്രകടനം. പത്തുവർഷങ്ങൾക്കുശേഷം ടൂർണമെന്റിലെത്തിയ ഹോങ്കോങ്ങിന് ഇതുവരെ ആദ്യറൗണ്ടിൽനിന്ന് മുന്നേറാൻ സാധിച്ചിട്ടില്ല. 2004ലും 2008ലും ഹോങ്കോങ് യോഗ്യത നേടിയിരുന്നു. 2014ൽ ഗ്രൂപ്പ്ഘട്ടത്തിൽ അവസാനിച്ചു അഫ്ഗാനിസ്ഥാന്റെ പ്രകടനം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‐ഏകദിന പരമ്പരകൾ തോറ്റത്തിന്റെ ക്ഷീണവുമായാണ് ഇന്ത്യ ടൂർണമെന്റിന് എത്തുന്നത്. വിരാട് കോഹ്ലിക്ക് വിശ്രമം നൽകിയതിനാൽ പകരം ക്യാപ്റ്റൻ രോഹിത് ശർമയാണ് ടീമിനെ നയിക്കുക. ഏകദിനത്തിന് എത്തുമ്പോൾ ഇന്ത്യൻ ടീം കൂടുതൽ സന്തുലിതമാണ്. ഇംഗ്ലണ്ട് പര്യടനം ഒഴിച്ചുനിർത്തിയാൽ സമീപകാലത്ത് മികച്ചപ്രകടനമാണ് ഇന്ത്യനടത്തിയത്. ഏകദിനത്തിൽ രണ്ടാംപടിക്കാരാണ് ഇന്ത്യ. രോഹിതും ശിഖർ ധവാനും ഏകദിന റാങ്കിൽ ആദ്യപത്തിലുള്ളവരാണ്. 

ഇംഗ്ലണ്ടിൽ പരാജയമായിരുന്നുവെങ്കിലും. മഹേന്ദ്രസിങ് ധോണി യുടെ അനുഭവസമ്പത്ത് ഇന്ത്യക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. പരിക്കിൽനിന്ന് മോചിതനായ ഭുവനേശ്വർ കുമാർ ടീമിൽ മടങ്ങിയെത്തിയത് ബൗളിങ്നിരയുടെ മൂർച്ച കൂട്ടും. ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിൽ മികച്ചപ്രകടമാണ് പുറത്തെടുത്ത്. ദക്ഷിണാഫ്രിക്കയിൽ അത്ഭുതംകാണിച്ച കൈക്കുഴ സ്പിന്നർമാരാണ് ഇന്ത്യയുടെ മറ്റൊരു തുറുപ്പുചീട്ട്. ആർ അശ്വിനെയും രവീന്ദ്ര ജഡേജയെയും മറികടന്നാണ് കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹാൽ  എന്നിവർ ടീമിൽ ഇടംനേടിയത്.

യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ഹോങ്കോങ്ങാണ് ഇന്ത്യയുടെ ആദ്യ എതിരാളി. സെപ്തംബർ 19നാണ്  ഇന്ത്യ‐പാകിസ്ഥാൻ മത്സരം.


പ്രധാന വാർത്തകൾ
Top