18 September Tuesday

അവഗണന മടുത്ത്‌ ഇതിഹാസം മടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018


ന്യൂഡൽഹി
സർദാർ സിങ് രാജ്യാന്തരഹോക്കിയിൽനിന്ന് വിരമിച്ചത് അവഗണന മൂലം. ദേശീയ ക്യാമ്പിലേക്കുള്ള 25 കളിക്കാരെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചപ്പോൾ സർദാർ സിങ്ങിനെ ഒഴിവാക്കി. അവഗണനയിൽ നിരാശനായ മുൻ നായകൻ തൊട്ടുപിന്നാലെ വിരമിക്കുന്നതായി അറിയിച്ചു.

ഏഷ്യൻ ഗെയിംസിൽ സ്വർണം കൈവിട്ട് നിരാശരാക്കിയ ടീമിലെ പലർക്കും സ്ഥാനം നഷ്ടമാകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, സർദാർ സിങ്ങിനെ മാത്രം ഒഴിവാക്കി. ജക്കാർത്തയിൽ നിറംമങ്ങിയ താരങ്ങൾ വേറെയുമുണ്ട്. എസ് വി സുനിൽ, രുപിന്ദർ പാൽ സിങ് എന്നിവർ തീർത്തും നിരാശരാക്കിയിരുന്നു.

പുറത്താക്കിയതിലല്ല, അതിനു സ്വീകരിച്ച രീതിയാണ് സർദാറിനെ വിഷമിപ്പിച്ചത്. 12 വർഷം രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച താരത്തോട് ഒന്നു സംസാരിക്കാൻ പോലും അധികൃതർ തയ്യാറായില്ല. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ കളിക്കാരന് അർഹിക്കുന്ന പരിഗണനയോടെ ഒരു വിടചൊല്ലൽ നൽകാമായിരുന്നു. അതിനുപകരം സമ്മർദത്തിലൂടെ വിരമിക്കാൻ നിർബന്ധിതനാക്കി. പരിശീലകൻ ഹരേന്ദ്രനാഥുമായുള്ള ബന്ധം മോശമായിരുന്നത് പുറത്താകലിനു പിന്നിലുള്ളതായി സൂചനയുണ്ട്.

ജൂനിയർ തലം മുതൽ ദേശീയ ടീമിന് കളിച്ച സർദാർ ചുരുങ്ങിയ കാലം കൊണ്ട് സീനിയർ ടീമിന്റെ എല്ലാമായി. ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ നായകൻ എന്ന ബഹുമതി തേടിയെത്തിയത് ആ കളിമികവും ചുരുങ്ങിയ കാലത്തിനകം ടീമിലുണ്ടാക്കിയ സ്വാധീനവും കൊണ്ടാണ്. സുൽത്താൻ അസ്ലൻ ഷാ കപ്പിൽ ടീമിനെ നയിക്കുമ്പോൾ 22 വയസ്സായിരുന്നു. ഇപ്പോൾ മുപ്പത്തിരണ്ടാം വയസ്സിലും കളിമിടുക്ക് തരിമ്പും കൈമോശം വന്നിട്ടില്ല. എന്നാൽ, സർദാറിന്റെ ചോരയ്ക്കായി ചിലർ മുറവിളി തുടങ്ങിയിരുന്നു.

കളത്തിലും പുറത്തും തികഞ്ഞ മാന്യനാണ് സർദാർ. വിരമിക്കൽ പ്രഖ്യാപനത്തിൽ അവഗണിച്ചവർക്കെതിരെ പരാമർശം പോലുമില്ല.
പ്രീമിയർ ഹോക്കി ലീഗിൽ ഏതെങ്കിലും ടീമിന്റെ മധ്യനിരയിൽ സർദാറിനെ ഇനിയും കാണാം. നിലവിൽ ഹരിയാന പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടാണ്. സഹോദരൻ ദിദാർ സിങ്് ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

യഥാർഥ നായകൻ: ശ്രീജേഷ്
കൊച്ചി
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യൻ ഹോക്കി നടത്തിയ തിരിച്ചുവരവിൽ മുഖ്യ പങ്കുവഹിച്ച താരമാണ് സർദാർ സിങ്ങെന്ന്  ദേശീയ ടീം നായകൻ ശ്രീജേഷ് പറഞ്ഞു.

തികഞ്ഞ നായകഗുണമുള്ള താരമായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരനെന്ന് നിസ്സംശയം പറയാം.
ഒരേ സമയത്താണ് കളി തുടങ്ങിയത്. അതുകൊണ്ടുതന്നെ ഏറെ ആത്മബന്ധം ഉണ്ടായിരുന്നു‐ ശ്രീജേഷ് പറഞ്ഞു.


പ്രധാന വാർത്തകൾ
Top