26 September Wednesday

സ്വിങ് കിങ്‌ തുടരും

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018


ഓവൽ
ഇന്ത്യക്കെതിരായ പരമ്പരയിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമനായ ജയിംസ് ആൻഡേഴ്സൺ അടുത്തൊന്നും കളി അവസാനിപ്പിക്കാൻ ഭാവമില്ല. വിക്കറ്റിന്റെ മർമവും ബാറ്റിന്റെ അരികും തേടി ചീറിപ്പായുന്ന സ്വിങ്ങും പേസും സമന്വയിപ്പിച്ച തീപ്പന്തുകൾ എതിരാളികളുടെ ചങ്കിടിപ്പായി തുടരും. അവസാന മത്സരത്തിലെ അവസാന പന്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുംകൂടുതൽ വിക്കറ്റ് നേടുന്ന പേസ് ബൗളറെന്ന ബഹുമതി സ്വന്തമാക്കി. കാലം ചെല്ലുന്തോറും വീര്യമേറുന്ന പന്തേറിൽ ഇനിയും ഏറെ റെക്കോഡുകൾ കടപുഴകും.

നിലവിൽ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും എന്നാൽ,ഏതു നിമിഷവും അതുണ്ടാകാമെന്നുമാണ് ഇതേക്കുറിച്ച് പന്തിന്റെ ഗതിമാറ്റുന്ന അതേ വൈദഗ്ധ്യത്തോടെ മറുപടി നൽകിയത്. 'വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. അടുത്ത കളിയും അടുത്തപരമ്പരയും മാത്രമാണ് എന്റെ മുന്നിൽ.' ആൻഡേഴ്സന്റെ ഈ മറുപടി ആ കരിയറിനെ അടുത്തറിയുന്നവർക്ക് കൃത്യമായി മനസ്സിലാകും. 15 വർഷം ഇംഗ്ലീഷ് പേസാക്രമണത്തിന്റെ കുന്തമുനയായി ഈ മുപ്പത്താറുകാരനെ നിലനിർത്തിയത് കളിക്കളത്തിലെ ഈ കൃത്യമായ കാഴ്ചപ്പാടാണ്.

ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ 564 വിക്കറ്റ് തികച്ച ആൻഡേഴ്സൺ ഓസ്ട്രേലിയൻ പേസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെ (563) പിന്നിലാക്കി. മുത്തയ്യ മുരളീധരൻ(800), ഷെയ്ൻ വോൺ(708), അനിൽ കുംബ്ലെ (619) എന്നിവരാണ് ആൻഡേഴ്സണു മുന്നിലുള്ളത്. മുന്നിലുള്ള മൂവരും സ്പിന്നർമാരാണ്. പേസ് ബൗളർമാരിൽ ഒന്നാമതെത്തി എന്നത് ചെറിയകാര്യമല്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞദിവസം മഗ്രാത്ത് തന്നെ ആൻഡേഴ്സണെ വാനോളം പുകഴ്ത്തിയത്. ഒരു വർഷംകൂടി കളിതുടർന്നാൽ അനിൽ കുംബ്ലെയെ പിന്നിലാക്കാൻ അനായാസം സാധിക്കും.

15 വർഷമായി ഒരു ടീമിലെ ഏറ്റവും മികച്ച പേസ് ബൗളറായി തുടരാൻ സാധിച്ചു. പുതുമുഖതാരങ്ങൾ വന്നിട്ടും ഇംഗ്ലണ്ടിന് വിശ്വാസം ആൻഡേഴ്സണെയാണ്. ഇന്ത്യക്കെതിരായ പരമ്പരയിലെ അഞ്ചു ടെസ്റ്റിലായി 24 പേരെ പുറത്താക്കിയ താരം അടുത്തകാലത്തൊന്നും സിംഹാസനം വിട്ടുകൊടുക്കില്ലെന്ന് വ്യക്തം.

കൂടുതൽ ശാരീരികാധ്വാനം ആവശ്യമുള്ള പേസ് ബൗളിങ്ങ് രംഗത്ത് ഇത്രകാലം പിടിച്ചുനിൽക്കുക അതീവ ദുഷ്ക്കരമാണ്. പതിവ് പേസ് ബൗളർമാരുടെ വീറും വന്യതയുമൊന്നും ഈ വലംകൈയനിൽ കാണില്ല. ഏതു വിക്കറ്റിലും സ്വിങ് കണ്ടെത്താനുള്ള കഴിവാണ് വിജയകരമായ നീണ്ട കരിയറിനുപിന്നിൽ. ആക്ഷനിൽ വലിയ വ്യത്യാസം വരുത്താതെ ഇതു സാധിക്കുന്നത് അത്ഭുതമാണ്. ഫാസ്റ്റ് ബൗളർമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ  പരിക്കുകളിൽനിന്ന് മാറിനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു മുപ്പത്താറുകാരൻ.

സൗമ്യത മുഖമുദ്രയാക്കിയ താരത്തെ എതിരാളികൾക്കുപോലും സ്നേഹവും ബഹുമാനവുമാണ്. ഏറ്റവും അടുത്ത കൂട്ടുകാരനായ അലസ്റ്റയർ കുക്ക് വിരമിച്ചതോടെ അടുത്തത് ആൻഡേഴ്സന്റെ ഊഴമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, ആവുന്ന കാലത്തോളം കളിക്കാൻ തന്നെയാണ് താരത്തിന്റെ തീരുമാനം.
 


പ്രധാന വാർത്തകൾ
Top