18 June Monday

മെസി മിന്നി; പിഎസ്ജി അടിച്ചുകൂട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017

ബാഴ്സലോണ/ലണ്ടന്‍ > ചാമ്പ്യന്‍സ് ലീഗ് പുതിയ സീസണിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഗോളടിമേളത്തോടെ തുടക്കം. വമ്പന്‍ ടീമുകള്‍ ആധികാരിക ജയവുമായി ഉശിരന്‍ തുടക്കംകുറിച്ചു. യുവന്റസിനെ മൂന്ന് ഗോളിന് നിലംപരിശാക്കി ബാഴ്സലോണ തിളങ്ങി. ലയണല്‍ മെസിയുടെ ഇരട്ടഗോളിലൂടെയാണ് കഴിഞ്ഞ സീസണിലെ ക്വാര്‍ട്ടര്‍ തോല്‍വിക്ക് ബാഴ്സ യുവന്റസിന് മറുപടി കൊടുത്തത്. ഒരു ഗോള്‍ ഇവാന്‍ റാകിടിച്ച് നേടി. നെയ്മര്‍, കൈലിയന്‍ എംബാപ്പെ എന്നീ വമ്പന്‍മാരുടെ മികവില്‍ പിഎസ്ജി സെല്‍റ്റിക്കിനെ 5-0ന് തകര്‍ത്ത് തുടങ്ങി. ചെല്‍സി 6-0ന് ക്വാറാബാഗിനെ തോല്‍പ്പിച്ചു. ഡേവിഡ് സപ്പകോസ്റ്റയുടെ അത്ഭുതഗോളും ഇതില്‍ ഉള്‍പ്പെടും.

ബയേണ്‍ മ്യൂണിക് ആന്‍ഡെര്‍ലെക്ടിനെതിരെ 3-0ന്റെ ജയം നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബാസെലിനെ ഇതേ സ്കോറിന് കീഴടക്കി. അത്ലറ്റികോ മാഡ്രിഡും റോമയും ഗോളടിക്കാതെ പിരിഞ്ഞു.  

നൌകാമ്പില്‍ മെസി നിറഞ്ഞപ്പോള്‍ യുവന്റസിന് പിടിച്ചുനില്‍ക്കാനായില്ല. കഴിഞ്ഞ പതിപ്പില്‍ മെസി-സുവാരസ്-നെയ്മര്‍ സഖ്യത്തെ ക്വാര്‍ട്ടറിന്റെ ഇരുപാദത്തിലും യുവന്റസ് ഗോളടിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇക്കുറി നെയ്മര്‍ ഇല്ലാതിരുന്നിട്ടും ബാഴ്സ യുവന്റസ് പ്രതിരോധക്കോട്ട ഇളക്കി. ആദ്യമായി യുവന്റസ് ഗോളി ജിയാന്‍ല്യൂജി ബുഫണിനെ മെസി കീഴടക്കുകയും ചെയ്തു. യുവന്റസ് നിരയില്‍ ജോര്‍ജിയോ കിയെല്ലിനി, സാമി ഖെദീര, മരിയോ മാന്‍ഡ്സുകിച്ച് എന്നിവര്‍ ഉണ്ടായിരുന്നില്ല.

യുവന്റസിനാണ് തുടക്കത്തില്‍ അവസരം കിട്ടിയത്. അര്‍ജന്റീനക്കാരന്‍ പാബ്ളോ ഡിബാലയ്ക്ക് അവസരങ്ങള്‍ മുതലാക്കാനായില്ല. ബാഴ്സ ഗോളി മാര്‍ക് ആന്ദ്രേ ടെര്‍സ്റ്റെയ്ഗന്റെ മികവും യുവന്റസിനെ തടഞ്ഞു. മുന്നേറ്റത്തില്‍ മെസിക്കും സുവാരസിനും ഒപ്പം ഉസ്മാന്‍ ഡെംബെലെയയും ബാഴ്സ കോച്ച് ഏണെസ്റ്റോ വാല്‍വെര്‍ദെ ഇറക്കി. തുടക്കത്തില്‍ പതറിയ ബാഴ്സ ഇടവേളയ്ക്കു തൊട്ടുമുമ്പ് നേടിയ ഗോളിലൂടെ ഉണര്‍ന്നു. ഡെംബെലെയില്‍ പന്തേറ്റ് വാങ്ങി മുന്നോട്ടുകുതിച്ച മെസി സുവാരസുമായി ചേര്‍ന്ന് യുവന്റസ് ഗോള്‍ മേഖലയില്‍ എത്തി. തുടര്‍ന്ന് സുവാരസിന്റെ പാസ് ഏറ്റുവാങ്ങി അടിപായിച്ചു. വലതുമൂലയിലേക്ക് പന്ത് കയറി. ഇടതുഭാഗത്ത് കാഴ്ചക്കാരനായി നോക്കിനില്‍ക്കാനേ ബുഫണിന് കഴിഞ്ഞുള്ളൂ. ഇതിനിടെ സുവാരസിന്റെ മിന്നുന്നൊരു അടി ബുഫണ്‍ തട്ടിയകറ്റി.

ബാഴ്സ മധ്യനിരയില്‍ ആന്ദ്രേ ഇനിയേസ്റ്റയും ഇവാന്‍ റാകിടിച്ചും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇനിയേസ്റ്റ നെയ്ത ഓരോ നീക്കവും യുവന്റസ് പ്രതിരോധത്തെ പരിഭ്രമിപ്പിച്ചു. ഇടവേളയ്ക്കുശേഷം റാകിടിച്ച് ബാഴ്സയുടെ നേട്ടം രണ്ടാക്കി. മെസി ബോക്സിന്റെ വലതുഭാഗത്തുനിന്ന് തൊടുത്ത ക്രോസ് യുവന്റസ് മധ്യനിരക്കാരന്‍ സ്റ്റെഫാനോ സ്റ്റുവാറോ തട്ടിയകറ്റി. പന്ത് റാകിടിച്ചിനാണ് കിട്ടിയത്. ബുഫണ്‍ സ്ഥാനം തെറ്റിനില്‍ക്കുകയായിരുന്നു. ഒഴിഞ്ഞ വലയിലേക്ക് റാകിടിച്ച് പന്ത് അടിച്ചുകയറ്റി. 69-ാം മിനിറ്റില്‍ മെസി രണ്ടാം ഗോളിലൂടെ ബാഴ്സയുടെ ജയം ഉറപ്പിച്ചു. മനോഹരമായ നീക്കമായിരുന്നു മെസിയുടേത്. ഇനിയേസ്റ്റയാണ് അവസരമൊരുക്കിയത്. മൂന്ന് പ്രതിരോധക്കാര്‍ക്കിടയിലൂടെ ഇടംകാല്‍ കൊണ്ട് തൊടുത്ത അടി ബുഫണിനെ നിഷ്പ്രഭനാക്കി. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ ഒളിമ്പിയാകോസിനെ സ്പോര്‍ടിങ് സിപി 3-2ന് കീഴടക്കി.

വമ്പന്‍ താരങ്ങളുടെ കരുത്തുമായെത്തിയ പിഎസ്ജി ഗോളടിച്ചുകൂട്ടി. സെല്‍റ്റിക്കിനെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല നെയ്മറും കൂട്ടരും. എഡിന്‍സണ്‍ കവാനി ഇരട്ടഗോളടിച്ചു. നെയ്മറുടെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു പിഎസ്ജിയുടെ തുടക്കം. പിന്നാലെ എംബാപ്പെയും നേടി. പിഎസ്ജി കുപ്പായത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഈ ഫ്രഞ്ചുകാരന്‍ ഗോളടിച്ചു. ഒരെണ്ണം സെല്‍റ്റിക് താരം ലസ്റ്റിഗിന്റെ ദാനഗോളായിരുന്നു.

ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ബയേണ്‍ മൂന്ന് ഗോളിന് ആന്‍ഡെര്‍ലെക്ടിനെ കീഴടക്കി. റോബര്‍ട് ലെവന്‍ഡോവ്സ്കി, തിയാഗോ അലസാന്‍ഡ്ര, ജോഷ്വ കിമ്മിച്ച് എന്നിവര്‍ ഗോളടിച്ചു. ബയേണിന് ആധികാരിക പ്രകടനം പുറത്തെടുക്കാനായില്ല.

ഗ്രൂപ്പ് സിയില്‍ അസെര്‍ബെയ്ജാന്‍ ക്ളബ് ക്വാറാബാഗിനെ ചെല്‍സി ഗോളില്‍ മുക്കി. ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയുടെ ഏറ്റവും വലിയ ജയമാണിത്. പെഡ്രോ, സപ്പകോസ്റ്റ, അസ്പ്ളിക്യൂട്ട, ബകായോകോ, ബാത്ഷുവായി എന്നിവര്‍ ചെല്‍സിക്കായി ഗോളടിച്ചു. ഒരെണ്ണം ക്വാറാബാഗ് താരം മെദ്വെദേവിന്റെ ദാനഗോളായിരുന്നു. ഇതില്‍ സപ്പകോസ്റ്റയുടെ ഗോള്‍ മികച്ചതായി. 30വാര അപ്പുറത്തുനിന്ന് തൊടുത്ത അടി ക്വാറാബാഗ് വലയില്‍ വീണു. ഗോളി തിബൌട്ട് കുര്‍ടോയ്സില്‍നിന്ന് പന്ത് വാങ്ങി വലതുഭാഗത്തിലൂടെ മുന്നേറിയ സപ്പകോസ്റ്റ ഗോള്‍മുഖത്തേക്ക് ക്രോസ് തൊടുക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ അത്ലറ്റികോയ്ക്കും റോമയ്ക്കും ഗോള്‍ നേടാനായില്ല. നിരവധി അവസരങ്ങളാണ് ഇരു ടീമുകള്‍ക്കും കിട്ടിയത്. ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

ഗ്രൂപ്പ് എയില്‍ മൌറെയ്ന്‍ ഫെല്ലെയ്നി, റൊമേലു ലുക്കാക്കു, മാര്‍കസ് റാഷ്ഫഡ് എന്നിവരുടെ ഗോളുകള്‍ക്കാണ് യുണൈറ്റഡ് ബാസെലിനെ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ സിഎസ്കെഎ മോസ്ക്വ 2-1ന് ബെന്‍ഫിക്കയെ മറികടന്നു.

തൊടുത്തതില്‍ തര്‍ക്കം അത് ഷോട്ടോ, ക്രോസോ
ലണ്ടന്‍ > ചാമ്പ്യന്‍സ് ലീഗില്‍ ക്വാറാബാഗിനെതിരെ ചെല്‍സിയുടെ ഡേവിഡ് സപ്പകോസ്റ്റ നേടിയ ഗോള്‍ ഷോട്ടാണോ, ക്രോസോ എന്ന കാര്യത്തില്‍ വാദം മുറുകുന്നു. സപ്പകോസ്റ്റ മനഃപൂര്‍വം അടിതൊടുത്തതാണെന്നാണ് ഒരു പക്ഷം. ചെല്‍സി കോച്ച് അന്റോണിയോ കോന്റെ ഇക്കാര്യം ഉറപ്പിക്കുന്നു. സപ്പകോസ്റ്റയുടെ ഗോള്‍ ഉദ്ദേശിച്ചുള്ള അടിയായിരുന്നു. മനഃപൂര്‍വം തൊടുത്തതാണ്. അല്ലാതെ ഗോള്‍മുഖത്തേക്കുള്ള ക്രോസല്ല. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കോന്റെ പറഞ്ഞു.

എന്നാല്‍ ഗോള്‍മുഖത്തേക്കുള്ള ക്രോസാണ് സപ്പകോസ്റ്റ ഉദ്ദേശിച്ചതെന്നും അത് ഗോളില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് മറ്റു ചിലരുടെ വാദം. ചെല്‍സി കുപ്പായത്തില്‍ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റവുമായിരുന്നു ഈ വലതുബാക്ക് താരത്തിന്റേത്.

കളിയുടെ 30-ാം മിനിറ്റിലായിരുന്നു ഈ ഇരുപത്തഞ്ചുകാരന്റെ അത്ഭുതപ്പെടുത്തുന്ന ഗോള്‍. ഗോളി തിബൌട്ട് കുര്‍ടോയ്സില്‍നിന്ന് പന്തുമായി സപ്പകോസ്റ്റ 60 വാര ഓടി. ഇതിനിടെ രണ്ട് ക്വാറാബാഗ് പ്രതിരോധക്കാരെ വകഞ്ഞുമാറ്റി. 30 വാര അപ്പുറത്തുവച്ച് അടിതൊടുത്തു. ക്വാറാബാഗ് ഗോളി ഇബ്രാഹിം സെഹിച്ചിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയ്ക്കുള്ളിലേക്ക് വീണു. 10 സെക്കന്‍ഡിലാണ് ഇതൊക്കെ സംഭവിച്ചത്.
 

പ്രധാന വാർത്തകൾ
Top