25 June Monday

ഉദിക്കാന്‍ വെമ്പുന്ന നക്ഷത്രങ്ങള്‍

ഇ സുദേഷ്Updated: Thursday Sep 14, 2017


പുത്തന്‍ താരോദയത്തിന് ലോകകപ്പിനോളം മികച്ച വേദി മറ്റൊന്നില്ല. നാളെയുടെ വാഗ്ദാനങ്ങള്‍ മാറ്റുരയ്ക്കുന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പാകുമ്പോള്‍ പ്രത്യേകിച്ചും. ഫുട്ബോളിന്റെ കളിത്തൊട്ടിലായ യൂറോപ്പില്‍നിന്ന് അധിനിവേശത്തിന്റെ മുറിപ്പാടുകള്‍ മറക്കാന്‍ കാല്‍പ്പന്തിനെ പ്രണയിക്കുന്ന തെക്കെ അമേരിക്കയില്‍നിന്നും ലോകഫുട്ബോളിന്റെ മുന്‍നിരയില്‍ ഇരിപ്പിടം തേടുന്ന വടക്കെ അമേരിക്കയില്‍നിന്നും നിരവധി മിടുക്കന്മാര്‍ ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പന്തുതട്ടാനെത്തും. കളിമിടുക്കും കഠിനാദ്ധ്വാനവും സമം ചേര്‍ന്നാല്‍ പലര്‍ക്കും സൂപ്പര്‍താരപദവിയെന്ന മായാലോകത്തേക്കുള്ള ആദ്യ ചുവടാകും കൌമാര ലോകകപ്പ്. ലോകകപ്പില്‍ കസറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവര്‍ പല ടീമുകളിലുമുണ്ട്.

ലോകറാങ്കിങ്ങിലെ ഒന്നാമന്മാരായ ബ്രസീല്‍ തന്നെ കൌമാര താരസമ്പന്നതയിലും മുന്നില്‍. വിനിഷ്യസ് ജൂനിയര്‍ സൂപ്പര്‍താര പദവിയില്‍ എത്തിക്കഴിഞ്ഞു. തെക്കെ അമേരിക്കന്‍ അണ്ടര്‍ 15, അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച താരമായും ടോപ് സ്കോററായും വരവറിയിച്ച വിനിഷ്യസിന് പ്രതിഭാസമ്പന്നത ലോകത്തിനാകെ കാട്ടിക്കൊടുക്കാനുള്ള അവസരമാണ് അണ്ടര്‍ 17 ലോകകപ്പ്. ബ്രസീല്‍ ടീമിലെ ആക്രമിക്കുന്ന മധ്യനിരക്കാരന്‍ അലന്‍ സുസ 10-ാം നമ്പര്‍ കുപ്പായത്തിന് തികച്ചും അര്‍ഹനാണ്. ബ്രസീല്‍ ലീഗില്‍ പല്‍മിറാസിനു കളിക്കുന്ന ഈ മിടുക്കന്‍ കാനറികള്‍ക്കായി കളി മെനയും. ബ്രസീല്‍ ഗോള്‍കീപ്പര്‍ ഗബ്രിയേല്‍ ബ്രസാവോ  സീനിയര്‍ ടീമിന്റെ കാവല്‍ഭടനാകുമെന്ന് കണക്കാക്കപ്പെടുന്നു.

ചിലിയുടെ മധ്യനിരയില്‍ കളിക്കുന്ന ലൂക്കാസ് അലാകോണിന് പാസിങ്ങിലും ഹൈബോളിലും നല്ല പ്രാവീണ്യമുണ്ട്. ഇപ്പോള്‍ ചിലിയിലെ ഒന്നാംനിര ക്ളബ്ബിനു കളിക്കുന്നു. കൊളംബിയയുടെ ഡേവിഡ് ബരേരോ ഗോളടിക്കാന്‍ അസാധാരണ മികവുള്ള താരമാണ്. ഇപ്പോള്‍ നാട്ടിലെ റിയോ നെഗ്രോ ക്ളബ്ബിനായി ഗോളടിച്ചു കൂട്ടുകയാണ്. പരാഗ്വെ നായകന്‍ റോബര്‍ട്ടോ ഫെര്‍ണാണ്ടസ് ഉര്‍ബിറ്റ പ്രതിരോധിക്കുന്നതില്‍ കേമനാണ്. ഈ സ്റ്റോപ്പര്‍ ബാക്ക് എതിര്‍ഗോള്‍മുഖത്ത് പലപ്പോഴും അപകടം വിതയ്ക്കും.
താരസമ്പന്നതയില്‍ യൂറോപ്പ് ഒട്ടും പിന്നിലല്ല. ഫ്രാന്‍സിന്റെ അമിനെ ഗുറിയുടെ ഗോളടി മികവ് അപാരമാണ്. ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ ലിയോണിനു കളിക്കുന്ന ഗുറി ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നാലു കളിയില്‍നിന്ന് എട്ടു ഗോള്‍ നേടി.  ബാഴ്സലോണ ബി ടീമില്‍ കളിക്കുന്ന സ്പെയ്നിന്റെ ആബേല്‍ റൂയിസിനെ പൂട്ടാന്‍ എതിരാളികള്‍ പാടുപെടും. വലങ്കാലിനു കരുത്തുകുടുതലുള്ള റൂയിസ് മുന്നറ്റത്തില്‍ എവിടെയും ഒരുപോലെ തിളങ്ങും.

വടക്കെ അമേരിക്കയില്‍നിന്നു ഒരുപിടി മിടുക്കന്മാരുണ്ട്. കോണ്‍കാകാഫ് അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മെക്സികോയുടെ ജാരിയോ ടൊറസാണ് ഇന്ത്യയിലെത്തുന്ന മറ്റൊരു ഗോളടി വീരന്‍. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക്കടക്കം ഏഴു ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിനുടമയായ കാര്‍ലോസ് മെഹിയ ഹോണ്ടുറാസ് മുന്നേറ്റനിരയിലുണ്ട്. അമേരിക്കന്‍ ടീമിന്റെ നായകനായ ജോഷ് സര്‍ജന്റ് കോണ്‍കാകാഫില്‍ അഞ്ചു ഗോളുമായി തിളങ്ങിയിരുന്നു. ഒരേ വര്‍ഷം അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പില്‍ കളിക്കുന്ന താരവുമാണ് ജോഷ്. ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനെന്ന റെക്കോഡുമുണ്ട്.

പ്രധാന വാർത്തകൾ
Top