26 September Wednesday

ബാഴ്സ തുടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

ടാൻജിയെർ (മൊറോക്കോ)
സ്പാനിഷ് സൂപ്പർ കപ്പ് കിരീടംനേടി ബാഴ്സലോണ ഈ സീസണിന് തുടക്കം കുറിച്ചു. ഫൈനലിൽ സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്.

ജെറാർഡ് പിക്വെ സമനില ഗോൾ നേടിയപ്പോൾ ഉസ്മാൻ ഡെംബെലെയുടെ മിന്നുന്ന ഷോട്ടിൽ ബാഴ്സ ജയം സ്വന്തമാക്കി. സെവിയ്യക്ക് അവസാനനിമിഷം കിട്ടിയ പെനൽറ്റി ബാഴ്സ ഗോൾകീപ്പർ മാർക് ആന്ദ്രേ ടെർ സ്റ്റെയ്ഗൻ തട്ടിയകറ്റി.

സൂപ്പർ കപ്പിൽ ബാഴ്സയുടെ പതിമൂന്നാം കിരീടമാണിത്. ബാഴ്സ ക്യാപ്റ്റൻ ലയണൽ മെസി കിരീടമുയർത്തി. ബാഴ്സയിൽ മെസിയുടെ 33‐ാം കിരീടമാണിത്. ബാഴ്സ കുപ്പായത്തിൽ ഏറ്റവും കൂടുതൽ കിരീടവും മെസിയുടെ പേരിലായി. അർജന്റീനയുടെ ലോകകപ്പ് പ്രീ ക്വാർട്ടർ തോൽവിക്കുശേഷം ആദ്യമായാണ് മെസി കളത്തിലിറങ്ങിയത്.

സൂപ്പർ കപ്പ് ചരിത്രത്തിലാദ്യമായി സ്പെയ്നിന് പുറത്താണ് മത്സരം നടന്നത്. മൊറോക്കോയിലെ ടാൻജിയെറിലായിരുന്നു ഫൈനൽ.  സ്പാനിഷ് ഫുട്ബോളിൽ ആദ്യമായി വീഡിയോ റഫറി സംവിധാനം (വാർ) പരീക്ഷിച്ചു. സെവിയ്യയുടെ ഗോൾ വാറിലാണ് തീർച്ചപ്പെടുത്തിയത്.

പുതിയ സീസണിന് മുന്നോടിയായി വമ്പൻ താരങ്ങളെയെല്ലാം ബാഴ്സ കോച്ച് ഏണെസ്റ്റേ വാൽവെർദെ രംഗത്തിറക്കി. മെസി‐ലൂയിസ് സുവാരസ്‐ഡെംബെലെ സഖ്യമായിരുന്നു മുന്നേറ്റത്തിൽ. ഫിലിപ് കുടീന്യോയും ഇടംപിടിച്ചു. ഈ സീസണിലെത്തിയ അർട്യൂറോ വിദാൽ, ക്ലെമെന്റ് ലാങ്ലെറ്റ്, ആർതർ എന്നിവർ ബാഴ്സ കുപ്പായത്തിൽ അരങ്ങേറി.

കളിയുടെ ആദ്യഘട്ടത്തിൽതന്നെ ബാഴ്സ നിയന്ത്രണം നേടി. എന്നാൽ അപ്രതീക്ഷിതമായി സെവിയ്യ മുന്നിലെത്തി. കളി തുടങ്ങി പത്ത് മിനിറ്റ് തികയുംമുമ്പ് പാബ്ലോ സബാറിയയുടെ അടി ബാഴ്സ വലയിൽ ഇറങ്ങി. ലൂയിസ് മുറിയേലാണ് അവസരമൊരുക്കിയത്. ഓഫ് സൈഡാണെന്ന ബാഴ്സയുടെ വാദത്തെത്തുടർന്ന് റഫറി വാറിന് തീരുമാനം വിട്ടു. പരിശോധനയിൽ ഓഫ്സൈഡല്ലെന്ന് തെളിഞ്ഞു.

ഇടവേളയ്ക്കുതൊട്ടുമുമ്പ് ബാഴ്സ ഒപ്പമെത്തി. മെസിയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. പിക്വെയ്ക്ക് പന്ത് കിട്ടി. ബാഴ്സ ഒപ്പമെത്തി. പിന്നാലെ സെവിയ്യയുടെ ഫ്രാങ്കോ വാസ്കേസിന്റെ ഹെഡർ ബാറിൽ തട്ടിത്തെറിച്ചു.

രണ്ടാംപകുതിയിൽ ബാഴ്സ ആക്രമണം ശക്തമാക്കി. സെവിയ്യ പിടിച്ചുനിന്നു. കളി തീരാൻ 12 മിനിറ്റ് ശേഷിക്കെ ഡെംബെലെ തൊടുത്ത മിന്നുന്ന അടിക്കുമുന്നിൽ സെവിയ്യ നിഷ്പ്രഭരായി. ബോക്സിന് പുറത്തുനിന്ന് മെസി നൽകിയ പന്ത് ഡെംബെലെ ശക്തിയിൽ തൊടുത്തു. സെവിയ്യ ഗോൾ കീപ്പറെ സ്തബ്ധനാക്കി പന്ത് പോസ്റ്റിൽതൊട്ട് വലയിലേക്കിറങ്ങി.

അവസാനനിമിഷം അലെയക്സ് വിദാലിനെ ടെർ സ്റ്റെയ്ഗൻ ഫൗൾ ചെയ്തതിന് സെവിയ്യക്ക് പെനൽറ്റി കിട്ടി. പകരക്കാരൻ വിസം ബെൻ യെദ്ദെറാണ് കിക്ക് എടുത്തത്. യെദ്ദറുടെ ശക്തി കുറഞ്ഞ അടി ടെർ സ്റ്റെയ്ഗൻ അനായാസം പിടിച്ചെടുത്തു.
18ന് അലാവെസുമായിട്ടാണ് സ്പാനിഷ് ലീഗിൽ ബാഴ്സയുടെ ഈ സീസണിലെ ആദ്യകളി. അതിനുമുമ്പ് അർജന്റീന ടീം ബൊക്കാ ജൂനിയേഴ്സുമായി കളിക്കും.

പ്രധാന വാർത്തകൾ
Top