20 June Wednesday

17ന്‌ ഫൈനലിൽ : ബംഗളൂരു‐ ചെന്നൈയിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

എഫ്‌സി ഗോവയ്‌ക്കെതിരെ ഗോൾ നേട്ടം ആഘോഷിക്കുന്ന ചെന്നൈയിൻ കളിക്കാർ

ചെന്നൈ > എഫ്സി ഗോവയുടെ ഗോളടിക്കാരെ നിശബ്ദസാക്ഷികളാക്കി ചെന്നൈയിൻ എഫ്സി ഐഎസ്എൽ നാലാം സീസണിന്റെ ഫൈനലിലേക്ക് കുതിച്ചു. മടക്കമില്ലാത്ത മൂന്നുഗോളിനാണ് ഗോവക്കാരെ ചെന്നൈയിൻ മടക്കിയത്. ജെജെ ലാൽപെഖുല ഇരട്ടഗോളുമായി മുന്നിൽനിന്നപ്പോൾ ധൻപാൽ ഗണേഷും പട്ടികയിൽ പേരുചേർത്തു. ഇരുപാദത്തിലുമായി 4‐1ന്റെ ജയം. ഗോവയുടെ തട്ടകത്തിലെ ആദ്യപാദസെമി ഒരുഗോൾ സമനിലയിലായിരുന്നു. 

2015ലെ രണ്ടാം സീസൺ ഫൈനലിന് കണക്ക് ചോദിക്കാമെന്ന് കൊതിച്ചാണ് ഗോവക്കാർ ചെന്നൈയിന്റെ തട്ടകത്തിൽ രണ്ടാംപാദത്തിനിറങ്ങിയത്. അതിന് കണക്കിന് ആദ്യമിനിറ്റുകളിൽ അവർ പന്തുതട്ടുകയും ചെയ്തു. ഗോളിന് തൊട്ടുമുന്നിലെ നീക്കങ്ങളിൽ കൃത്യത നഷ്ടമായപ്പോൾ ലീഡെടുക്കാൻ ഗോവക്കാർക്ക് സാധിച്ചില്ലെന്നുമാത്രം. എന്നാൽ കളിയുടെ ഒഴുക്കിനെതിരെ ചെന്നൈയിന്റെ ഗോളുവന്നു.  26‐ാംമിനിറ്റിൽ ഇടതുവശത്തുനിന്ന് ഗ്രിഗറി നെൽസൺ ഉയർത്തിനൽകിയ പന്തിൽ ജെജെ തലവച്ചു. ഗോവക്കാർ പതറി.

മൂന്നുമിനിറ്റിൽ ചെന്നൈയിൻ ലീഡെടുത്തു. വീണ്ടും ഗ്രിഗറി നെൽസൺ വഴിയൊരുക്കി. ഇക്കുറി പക്ഷേ അതേവശത്തുനിന്ന് ലഭിച്ച ഫ്രീകിക്കിൽനിന്ന്. ധൻപാൽ ഗണേഷിന്റെ ഹെഡ്ഡർ ലക്ഷ്യംകണ്ടു. രണ്ടു പ്രതിരോധക്കാരുടെയും ഗോൾകീപ്പറുടെയും ഇടയിൽനിന്ന്‌ ചാടിയായിരുന്നു ഗണേഷ് തലവച്ചത്. ഗോവക്കാരുടെ മനോബലം ചോർന്നു. പ്രതീക്ഷയുയർത്തുന്ന ഒരു നീക്കംപോലും പിന്നീട് വിരുന്നുകാരുടെ ഭാഗത്തുനിന്നുണ്ടായില്ല.

ഇടവേളയ്ക്ക് തലകുനിച്ചാണ് ഐഎസ്എലിലെ ഗോളടിക്കാരുടെ സംഘം തിരിച്ചുകയറിയത്. അവസാനമിനിറ്റിൽ ജെജെ പട്ടിക പൂർത്തിയാക്കി. ഗാവിലന്റെ പാസിൽനിന്ന് ബോക്സിന് പുറത്തുനിന്ന് ജെജെ വലകുലുക്കി.

പ്രധാന വാർത്തകൾ
Top