14 August Tuesday
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യക്ക് ആദ്യ ഏകദിന പരമ്പര

ചരിത്രമെഴുതി ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 14, 2018

രോഹിത് ശർമ സിക്സർ പറത്തുന്നു

പോർട്ട് എലിസബത്ത് > ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ ചരിത്രമെഴുതി. പോർട് എലിസബത്തിൽ നടന്ന അഞ്ചാംഏകദിനത്തിൽ  ദക്ഷിണാഫ്രിക്കയെ 73 റണ്ണിന് തകർത്ത് ഇന്ത്യൻ സംഘം ചരിത്രത്തിലാദ്യമായി പരമ്പര നേട്ടം കുറിച്ചു. ഒരു മത്സരം ശേഷിക്കെ 4‐1നാണ് ഇന്ത്യയുടെ നേട്ടം. 275 റൺ ലക്ഷ്യവുമായി ഇറങ്ങി ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201ന് പുറത്തായി. സെഞ്ചുറി നേടിയ രോഹിത് ശർമയും (126 പന്തിൽ 115) കൈക്കുഴ സ്പിന്നർമാരായ കുൽദീപ് യാദവും യുശ്വേന്ദ്ര ചഹലും ജയത്തിന് അരങ്ങൊരുക്കി.

വേഗം കുറഞ്ഞ പിച്ചിൽ ഇന്ത്യ ഉയർത്തിയ 275 റൺ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് കഠിനമായിരുന്നു. 92 പന്തിൽ 71 റണ്ണെടുത്ത ഹാഷിം അംല മാത്രമാണ് പിടിച്ചുനിന്നത്. അംലയെ തകർപ്പൻ ഫീൽഡിങ് പ്രകടനത്തിലൂടെ റണ്ണൗട്ടാക്കിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ജയത്തിന് വഴിയൊരുക്കിയത്. ജെ പി ഡുമിനി (5 പന്തിൽ 1), എ ബി ഡിവില്ലിയേഴ്സ് (7 പന്തിൽ 6) എന്നിവരുടെ വിക്കറ്റും പാണ്ഡ്യ നേടി. കുൽദീപ് നാലും ചഹൽ രണ്ടും വിക്കറ്റെടുത്തു. പരമ്പരയിൽ ആകെ 16 വിക്കറ്റാണ് കുൽദീപ് നേടിയത്. ചഹൽ 14ഉം. ആദ്യമായാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ സ്പിന്നർമാർ ഇത്രയും വിക്കറ്റ് നേടുന്നത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡെൻ മാർക്രം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ നാല് മത്സരങ്ങളിലും മങ്ങിയ രോഹിത് ഇക്കുറി അവസരത്തിനൊത്തുയർന്നു. മറുവശത്ത് ശിഖർ ധവാനും തകർപ്പൻ കളി പുറത്തെടുത്തു. 23 പന്തിൽ 34 റണ്ണെടുത്ത ധവാനെ ഇന്ത്യക്ക് എട്ടാമത്തെ ഓവറിൽ നഷ്ടമായി.  ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ചേർന്ന് രോഹിത് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. വേഗം കുറഞ്ഞ പിച്ചിൽ സ്പിന്നർമാരെ നേരിടാൻ പ്രയാസമായിരുന്നു. ഇതോടെ റൺനിരക്ക് കുറഞ്ഞു. 128 റണ്ണാണ് രണ്ടാം വിക്കറ്റിൽ പിറന്നത്. ഇതിനിടെ ഇല്ലാത്ത റണ്ണിനോടി കോഹ്ലി  (54 പന്തിൽ 36) റണ്ണൗട്ടായി.  തുടർന്നെത്തിയ അജിൻക്യ രഹാനെയും (18 പന്തിൽ 8) രോഹിതുമായുള്ള ധാരണപ്പിശകിലൂടെ റണ്ണൗട്ടായി മടങ്ങി. ഈ രണ്ട് റണ്ണൗട്ടുകൾ കളിഗതിയെ സാരമായി ബാധിച്ചു.

രോഹിതിനെ ഇതിനിടെ 97ൽവച്ച് റബാദയുടെ പന്തിൽ ടബ്രിയാസ് ഷംസി വിട്ടുകളഞ്ഞു. അവസരം മുതലാക്കിയ രോഹിത് കളി ജീവിതത്തിലെ 17‐ാം സെഞ്ചുറി പൂർത്തിയാക്കി. നാല് സിക്സറും 11 ബൗണ്ടറികളും ആ ഇന്നിങ്സിൽ ഉൾപ്പെട്ടു.രോഹിതിനെ എൻഗിഡിയുടെ പന്തിൽ ക്ലാസെൻ പിടിച്ചു പുറത്താക്കി.

പിച്ചിന്റെ വേഗം കുറഞ്ഞിരുന്നു. ശ്രേയസ് അയ്യർ (37 പന്തിൽ 30) മാത്രമാണ് പിന്നീട് എത്തിയവരിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹാർദിക് പാണ്ഡ്യ നേരിട്ട ആദ്യപന്തിൽത്തന്നെ മടങ്ങി. മഹേന്ദ്രസിങ് ധോണി 17 പന്തിൽ 13 റണ്ണെടുത്ത് പുറത്തായി. 20 പന്തിൽ 19 റണ്ണുമായി പുറത്താകാതെനിന്ന ഭുവനേശ്വർകുമാറാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ലുൻഗി എൻഗിഡി നാല് വിക്കറ്റെടുത്തു. അവസാന 10 ഓവറിൽ 55 റൺമാത്രമാണ് ഇന്ത്യക്ക് നേടാനായത്.

സ്‌കോര്‍ ബോര്‍ഡ്
ഇന്ത്യ: ധവാൻ സി ഫെഹ്ളുക്വായോ ബി റബാദ 34, കോഹ്ലി റണ്ണൗട്ട് 36, രഹാനെ റണ്ണൗട്ട് 8, രോഹിത് സി ക്ലാസെൻ ബി എൻഗിഡി 115, പാണ്ഡ്യ സി ക്ലാസെൻ ബി എൻഗിഡി 0, ശ്രേയസ്സി ക്ലാസെൻ ബി എൻഗിഡി 30, ധോണി സി മാർക്രം ബി എൻഗിഡി 13, ഭുവനേശ്വർ 19*, കുൽദീപ് 2*. എക്സ്ട്രാസ് 17. ആകെ 7‐247 (50).
വിക്കറ്റ്വീഴ്ച: 1‐48, 2‐153, 3‐176, 4‐236, 5‐236, 6‐238, 7‐265
ബൗളിങ്: മോർകെൽ 10‐2‐44‐0, റബാദ 9‐0‐58‐1, എൻഗിഡി 9‐1‐51‐4, ഫെഹ്്ളുക്വായോ 8‐0‐34‐0, ഡുമിനി 4‐0‐29‐0,ഷാംസി 10‐0‐48‐0.
 ദക്ഷിണാഫ്രിക്ക:  മാർക്രം സി കോഹ്ലി ബി ബുമ്ര 32, ഡുമിനി സി രോഹിത് ബി പാണ്ഡ്യ 1, ഡിവില്ലിയേഴ്സ് സി ധോണി ബി  പാണ്ഡ്യ 6, മില്ലെർ ബി ചഹൽ 36, അംല റണ്ണൗട്ട് 71, ഫെഹ്്ളുക്വായോ ബി കുൽദീപ് 0, റബാദ സി ചഹൽ ബി കുൽദീപ് 3, ക്ലാസെൻ സ്റ്റമ്പ്ഡ് ധോണി ബി കുൽദീപ് 39, മോർകൽ എൽബിഡബ്ല്യു ബി ചഹൽ 1, ഷംസി സി പാണ്ഡ്യ ബി കുൽദീപ് 0, എൻഗിഡി 4*  എക്സ്ട്രാസ് 8. ആകെ 201(42.2) വിക്കറ്റ്വീഴ്ച: 1‐52,  2‐55, 3‐65 4‐127, 5‐166, 6‐168, 7‐196, 8‐197, 9‐197 10‐201 ബൗളിങ്: ഭുവനേശ്വർ 7‐0‐43‐0, ബുമ്ര 7‐0‐22‐1, കുൽദീപ് 10‐0‐57‐4, പാണ്ഡ്യ 9‐0‐30‐2, ചഹൽ 9.2‐0‐43‐2.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top