19 October Friday
രാത്രി 8ന് സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം

ബ്ളാസ്റ്റേഴ്സ് ഇന്ന് മുംബൈയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

മുംബൈ > ഐഎസ്എല്‍ നാലാം സീസണിലെ രണ്ടാം ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് മുംബൈയില്‍ ബൂട്ട്കെട്ടും. മുംബൈ സിറ്റി എഫ്സിയുടെ തട്ടകത്തിലിറങ്ങുമ്പോള്‍ ആത്മവിശ്വാസത്തോടൊപ്പം ആശങ്കയും കുറവല്ല ബ്ളാസ്റ്റേഴ്സിന്. സ്വന്തം മൈതാനിയില്‍ ഇരട്ടിക്കരുത്തരാണ് മുംബൈ. ഇവിടെ കളിച്ച നാല് കളിയില്‍ ഒരേയൊരു കളി മാത്രമാണ് മുംബൈക്ക് നഷ്ടമായത്. ശേഷിച്ച മൂന്നിലും ആധികാരികമായി ജയിച്ചു. അതേസമയം കൊച്ചിയില്‍ മുംബൈയോട് ലീഡെടുത്തശേഷം സമനില വഴങ്ങുകയായിരുന്നു ബ്ളാസ്റ്റേഴ്സ്. പോയിന്റ്പട്ടികയില്‍ 14 പോയിന്റുമായി മുംബൈ അഞ്ചാമതും 11 പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് ഏഴാമതുമാണ്. ജയിച്ചാല്‍ ആറാംപടിയാണ് ബ്ളാസ്റ്റേഴ്സിന്. മുംബൈ മൂന്നാമതേത്തും.

ഡേവിഡ് ജെയിംസിനു കീഴില്‍ വിജയവഴിയിലെത്തിയ ബ്ളാസ്റ്റേഴ്സിന് മുംബൈയെ കീഴടക്കണമെങ്കില്‍ ഏറെ പണിയുണ്ട്. ഇയാന്‍ ഹ്യൂം ഹാട്രിക്കോടെ മികവ് വീണ്ടെടുത്തെങ്കിലും മുംബൈക്കാരുടെ പ്രതിരോധത്തെ മറികടക്കുക എളുപ്പമാകില്ല. പ്രത്യേകിച്ച് ഇതുവരെ ബ്ളാസ്റ്റേഴ്സ് മധ്യനിര ഭാവനാപൂര്‍ണമായ ഒരു ഗോള്‍നീക്കവും ഉണ്ടാക്കിയിട്ടില്ലെന്ന യാഥാര്‍ഥ്യം മുന്നില്‍നില്‍ക്കെ. ദിമിതാര്‍ ബെര്‍ബറ്റോവിന്റെ പരിക്കും ബ്ളാസ്റ്റേഴ്സിന് തലവേദനയാണ്. അതേസമയം സി കെ വിനീത് പരിക്കുമാറി കളത്തിലിറങ്ങുന്നത് ആശ്വാസമാകും. മുന്നേറ്റത്തില്‍ വേഗം നല്‍കാനും പിറകോട്ടിറങ്ങിക്കളിക്കാനും വിനീതിന് സാധിക്കും.

മുംബൈയുടെ മുന്നേറ്റത്തെയാണ് ബ്ളാസ്റ്റേഴ്സ് ഭയക്കേണ്ടത്. ബല്‍വന്ത് സിങ് സീസണില്‍ അഞ്ചുഗോളുമായി കുതിക്കുകയാണ്. ബ്രസീലുകാരന്‍ തിയാഗോ സാന്റോസും അപകടകാരിതന്നെ. ബല്‍വന്തിന് അവസരമൊരുക്കുന്നതിനൊപ്പം സാന്റോസ് നാലുതവണ ലക്ഷ്യംകാണുകയും ചെയ്തു.
പ്രതിരോധത്തില്‍ ജെര്‍സണ്‍ വിയേരയും ലൂക് ഗോയനും ഇന്ത്യയിലെ മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ അമരീന്ദര്‍ സിങ്ങുമാണ് അണിനിരക്കുന്നത്. മധ്യനിരയും ഒപ്പത്തിനൊപ്പം മികച്ചത്. കാമറൂണ്‍കാരന്‍ അകിലെ എമാനയും മധ്യനിരക്കാരന്‍ എവര്‍ടണ്‍ സാന്റോസും കഠിനാധ്വാനികള്‍. ഇവരെ രണ്ടുപേരെയും പിടിച്ചുകെട്ടാന്‍ ഡിഫന്‍സീവ് മധ്യനിരക്കാരന്‍ സിയാം ഹാങ്കെലിന്  വിയര്‍ക്കേണ്ടിവരും. കറേജ് പെകൂസണും കിസീറ്റോ കെസിറോണും ഡല്‍ഹിയോട് വിയര്‍ത്തുകളിച്ചു. ആ കളി മതിയാകില്ല മുംബൈക്കെതിരെ.

എന്നാല്‍ ബ്ളാസ്റ്റേഴ്സിനെ കുറച്ചുകാണുന്നില്ല മുംബൈ പരിശീലകന്‍ അലെക്സാണ്ടെര്‍ ഗിമാറെസ്. കൊച്ചിയില്‍ നേരിട്ട ടീമല്ല, ഇപ്പോഴത്തേത് എന്നാണ് ഗിമാറെസിന്റെ പക്ഷം. പുതിയ പരിശീലകന്‍ എല്ലാവരെയും സ്വാധീനിക്കുന്നു.  ബ്ളാസ്റ്റേഴ്സ് പ്രധാനമായ ഒരു വിദൂര മത്സരം ജയിച്ചാണ് വരുന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് എളുപ്പമാകുമെന്ന് കരുതാനാകില്ല. മാത്രമല്ല ടീമിലെത്തിയ പുതിയ വിദേശകളിക്കാരന്‍ വ്യത്യസ്തമായ ഊര്‍ജവുമായാണ് ടീമിലെത്തിയത്- കെസിറോണിനെ സൂചിപ്പിച്ച് ഗിമാറെസ് പറഞ്ഞു. ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തെ മറികടക്കാന്‍ എളുപ്പമാകില്ല തന്റെ കുട്ടികള്‍ക്കെന്നും ഗിമാറെസ് തുറന്നുപറഞ്ഞു.

അതേസമയം ഒമ്പതുദിവസത്തെ വിശ്രമം മുംബൈക്ക് മുന്‍തൂക്കം നല്‍കുമെന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. ഡല്‍ഹിയെക്കാള്‍ കടുത്ത വെല്ലുവിളിയാകും മുംബൈ കാത്തുവച്ചിരിക്കുന്നത്. മുംബൈയുടെ ശൈലി വേറെയാണ്. അത് മനസ്സിലാക്കി കളിക്കണം. ഇതുവരെ ചെയ്യാന്‍സാധിക്കാതിരുന്നതാണ് അത്. ഏറ്റവും അച്ചടക്കമുള്ള, പേടിയില്ലാത്ത കളി പുറത്തെടുത്തേ മതിയാകൂ- ഡേവിഡ് ജെയിംസ് പറഞ്ഞു.
ഇന്ന് ഇതരമത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ് ബംഗളൂരു എഫ്സിയെ നേരിടും. വൈകിട്ട് 5.30ന് സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം.

പ്രധാന വാർത്തകൾ
Top