Top
23
Tuesday, January 2018
About UsE-Paper

പുണെയെ വീഴ്ത്തി ചെന്നൈയിന്‍ ഒന്നാമത്

Sunday Jan 14, 2018
വെബ് ഡെസ്‌ക്‌

ചെന്നൈ > ഐഎസ്എല്‍ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള സംഘങ്ങളുടെ പോരില്‍ ചെന്നൈയിന്‍ എഫ്സിക്ക് ജയം. സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ എഫ്സി പുണെ സിറ്റിയെ ചെന്നൈയിന്‍ ഒറ്റഗോളിന് തോല്‍പ്പിച്ചു. മത്സരം അവസാനിക്കാന്‍ എട്ടുമിനിറ്റ് നില്‍ക്കെ ഗ്രിഗറി നെല്‍സണ്‍ പുണെയുടെ വലകുലുക്കി.

ജയത്തോടെ 10 കളിയില്‍ 20 പോയിന്റുമായി ചെന്നൈയിന്‍ എഫ്സി ലീഗ് പട്ടികയില്‍ ഒന്നാംപടി കയറി.  പുണെ അത്രയും തന്നെ കളിയില്‍നിന്ന് 16 പോയിന്റുമായി മൂന്നാമത് തുടര്‍ന്നു. 18 പോയിന്റുള്ള ബംഗളൂരൂ എഫ്സിയാണ് രണ്ടാംപടിയില്‍.

തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിച്ച ചെന്നൈയിന്‍ 27-ാം മിനിറ്റില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. ആദില്‍ ഖാന്‍ ഗ്രിഗറി നെല്‍സണെ വീഴ്ത്തിയതിനായിരുന്നു ശിക്ഷ. എന്നാല്‍ റെനെ മിഹെലിച്ച് എടുത്ത കിക്ക് പുണെ ഗോളി വിശാല്‍ കെയ്ത്ത് തടഞ്ഞു. പുണെയുടെ നീക്കങ്ങള്‍ ചെന്നൈയിന്‍ തടഞ്ഞിട്ടപ്പോള്‍ സമനിലയിലേക്ക് കളി നീങ്ങി. എന്നാല്‍ 83-ാം മിനിറ്റിലെ നെല്‍സന്റെ മിന്നുന്ന നീക്കം ചെന്നൈയിന് വിജയം സമ്മാനിച്ചു.

വലതുവശത്ത് അഗസ്റ്റോയുടെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കയറി നെല്‍സണ്‍. ഓടിയെത്തിയ ഗുര്‍തേജ് സിങ്ങിനെ ഒരു വെട്ടിയൊഴിയലില്‍ കബളിപ്പിച്ച് ഇടംകാല്‍ കൊണ്ട് തൊടുത്തു. വലകുലുങ്ങി. പുണെ മടങ്ങി.

Categories