Top
18
Monday, December 2017
About UsE-Paper
ദേശീയ സ്കൂള്‍ ജൂനിയര്‍ മീറ്റ്

കേരളത്തിന് ഓവറോള്‍ കിരീടം നിഷേധിച്ചു

Monday Nov 13, 2017
രജീഷ് ബാലന്‍
ഭോപാലില്‍ നടന്ന ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഓവറോള്‍ കിരീടം നിഷേധിച്ചതിനെതിരെ കേരള ടീമംഗങ്ങള്‍ പ്രതിഷേധിക്കുന്നു ഫോട്ടോ > സുരേന്ദ്രന്‍ മടിക്കൈ

 ഭോപാല്‍ > ദേശീയ ജൂനിയര്‍ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍മാരായ കേരളത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ് കിരീടം നിഷേധിച്ചു. ഗെയിംസ് ഇനങ്ങളായ ഹുപ്ക്വോന്‍ഡോയിലെയും സ്ക്വെയ് മാര്‍ഷ്യല്‍ ആര്‍ടിലെയും പോയിന്റുകള്‍ ഒരുമിച്ചുചേര്‍ത്ത് മധ്യപ്രദേശിന് ഓവറോള്‍ കിരീടം നല്‍കി. കേരളം ഇതില്‍ ശക്തമായി പ്രതിഷേധിച്ചു. മധ്യപ്രദേശിന് ആകെ 13 പോയിന്റാണ് അത്ലറ്റിക്സില്‍നിന്ന് കിട്ടിയത്. 13-ാമതുമാണ് അവര്‍. ഗെയിംസിനങ്ങളിലെ പോയിന്റ് പട്ടിക അധികൃതര്‍ ലഭ്യമാക്കിയിട്ടില്ല.

ആദ്യമായാണ് അത്ലറ്റിക്സിലെ അതതു പ്രായവിഭാഗത്തിലെ ഓവറോള്‍ കിരീടം ജേതാക്കള്‍ക്ക് നല്‍കാതിരിക്കുന്നത്. മൂന്നായി വിഭജിച്ചശേഷം വഡോദരയില്‍ നടന്ന ആദ്യ അണ്ടര്‍ 17 അത്ലറ്റിക് മീറ്റില്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കഴിഞ്ഞപതിപ്പില്‍ ഓവറോള്‍ കിരീടം നല്‍കിയിരുന്നു. വഡോദരയില്‍ 12 സ്വര്‍ണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവും നേടി പോയിന്റ് നിലയില്‍ കേരളം ഏറെ മുന്നിലായിരുന്നു. ഇക്കുറി 13 സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമടക്കം 116 പോയിന്റോടെയാണ് കേരളം അത്ലറ്റിക്സില്‍ മുന്നിലെത്തിയത്. രണ്ടാംസ്ഥാനത്തെത്തിയ തമിഴ്നാടിന് 41 പോയിന്റ്മാത്രമാണുണ്ടായത്.

അത്ലറ്റിക്സില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചാമ്പ്യന്‍ഷിപ് കേരളത്തിന് നല്‍കിയെങ്കിലും ഓവറോള്‍ നിഷേധിക്കുകയായിരുന്നു അധികൃതര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗെയിംസ് ഇനങ്ങളില്‍ മത്സരം നടക്കുന്നുണ്ടെന്നും അവിടങ്ങളില്‍ ചാമ്പ്യന്‍മാരാകുന്നവര്‍ക്ക് കിരീടം നല്‍കാറുണ്ടെന്നും കേരള ടീം മാനേജ്മെന്റ് ചൂണ്ടിക്കാട്ടി. പ്രതിഷേധിച്ച കേരളത്തോട് കിരീടം ആര്‍ക്ക് നല്‍കണമെന്ന് സംഘടിപ്പിക്കുന്നവര്‍ തീരുമാനിക്കുമെന്ന നിലപാടാണ് സംഘാടകര്‍ കാട്ടിയത്.
 

പരാതി നല്‍കില്ല
 ഓവറോള്‍ കിരീടം നഷ്ടപ്പെട്ടതില്‍ പരാതി നല്‍കില്ലെന്ന് കേരളം. അര്‍ഹിച്ച ഓവറോള്‍ കിരീടം കിട്ടാതിരുന്നതില്‍ വിഷമം ഉണ്ടെങ്കിലും സംഘാടകരുടെ നിലപാട് അംഗീകരിക്കുകയാണെന്ന് കേരള സ്കൂള്‍ സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് പറഞ്ഞു. സാധാരണയായി അത്ലറ്റിക്സ് നടക്കുമ്പോള്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന ടീമുകള്‍ക്ക് ട്രോഫി നല്‍കും. ഇരു വിഭാഗത്തിലും കൂടി കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് ഓവറോള്‍ ചാംപ്യന്‍ഷിപ്പും നല്‍കും. ഭോപാലില്‍ അത്ലറ്റിക്സിനൊപ്പം മറ്റ് ചില ഇനങ്ങള്‍കൂടി നടത്തിയതിനാല്‍ അതെല്ലാം ചേര്‍ത്താണ് സംഘാടകര്‍ ഓവറോള്‍ നിശ്ചയിച്ചത്. അങ്ങനെയാണ് കേരളത്തിന് ഓവറോള്‍ നല്‍കാതിരുന്നത്. സംഘാടകരുടെ ഈ നിലപാട് കണക്കിലെടുത്ത് കൂടുതല്‍ പരാതികള്‍ക്ക് പോകേണ്ടെന്നാണ് ഇപ്പോള്‍ തീരുമാനിച്ചത്- ചാക്കോ ജോസഫ് പറഞ്ഞു.

ടീം ഇന്ന് മടങ്ങും
ഭോപാല്‍ > ദേശീയ മീറ്റിനെത്തിയ കേരള ടീം ഇന്നു മടങ്ങും. രാത്രി എട്ടിനുള്ള കേരള എക്സ്പ്രസിലാണ് ടീം നാട്ടിലേക്ക് തിരിക്കുക. 16 പേര്‍ വിജയവാഡയില്‍ ദേശീയ ജൂനിയര്‍ മീറ്റിനായി ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍, കായിക മന്ത്രി എ പി മൊയ്തീന്‍, വിദ്യാഭ്യാസമന്ത്രി എന്‍ രവീന്ദ്രനാഥ് എന്നിവര്‍ ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്നതായി ടീം മാനേജര്‍ ജിജി ജോണ്‍ പറഞ്ഞു.
 

സത്യ ഭാവിതാരം
ഭോപാല്‍ >  പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ റെക്കോഡ് സ്വര്‍ണം നേടിയ തമിഴ്നാട്ടുകാരി സത്യ തമിഴരസന്‍പ്രകടനംകൊണ്ട് മീറ്റിനെ അതിശയിപ്പിച്ചു.  ഈയിനത്തില്‍ രാജ്യത്തിനുതന്നെ വാഗ്ദാനമാകുമെന്ന് തെളിയിച്ചാണ് സത്യ ഭോപാലില്‍നിന്ന് മടങ്ങിയത്. സത്യയും ആന്‍സിയും പ്രിസ്കില്ലയും മീറ്റിലെ തിളങ്ങുന്ന താരങ്ങളായി. ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ റെക്കോഡിട്ട ദീപക് യാദവും ഷോട്ട്പുട്ടിലെ റെക്കോഡ് നേട്ടത്തില്‍ മികച്ച താരമായ അഭിഷേക്സിങ്ങും പ്രകടനമികവുകൊണ്ട് ശ്രദ്ധപിടിച്ചുപറ്റി.

 

Categories