Top
18
Monday, December 2017
About UsE-Paper

റിലേകളിലെ സ്വര്‍ണം കേരളത്തിന് കുതിപ്പായി

Monday Nov 13, 2017
വെബ് ഡെസ്‌ക്‌

ഭോപാല്‍ > രാജ്യത്തെ കൌമാര കായികോത്സവത്തിന് കൊടിയിറങ്ങി. മൂന്നായി വിഭജിച്ചശേഷം തുടര്‍ച്ചയായി രണ്ടാംതവണയും കേരളത്തിന്റെ ചുണക്കുട്ടികള്‍ മുന്നിലെത്തി. 13 സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമടക്കം 116 പോയിന്റ് നേടി.  ഇക്കുറി ആദ്യമായി ഉള്‍പ്പെടുത്തിയ 4-400 മീറ്റര്‍ റിലേകളിലെ സ്വര്‍ണമാണ് കഴിഞ്ഞ പതിപ്പിലേതിനെക്കാള്‍ മെഡലെണ്ണം കൂട്ടാന്‍ കേരളത്തിന് സഹായകമായത്.

മധ്യ-ദീര്‍ഘ ദൂരയിനങ്ങളിലെ കഴിഞ്ഞ പതിപ്പുകളിലെ മേധാവിത്വവും നഷ്ടമായി. നാട്ടില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ കാലാവസ്ഥ അതിന് ഒരു കാരണമായി. എങ്കിലും പിറ്റിലെയും റിലേയിനങ്ങളിലെയും മികവ് നിലനിര്‍ത്തി.

നൂറിലും ഇരുന്നൂറിലും സ്വര്‍ണംനേടിയ ആന്‍സി സോജന്‍ സ്പ്രിന്റില്‍ തിളങ്ങി.  ഭാവിയിലേക്കൊരു താരമാകുമെന്നുറപ്പിച്ച ആന്‍സി ലോങ്ജമ്പിലും സ്വര്‍ണംനേടി. എങ്കിലും തന്റെ മികച്ചപ്രകടനം പുറത്തെടുക്കാന്‍ ഈ നാട്ടികക്കാരിക്ക് സാധിച്ചില്ല. മധ്യദൂരയോട്ടത്തില്‍ ഡി പ്രിസ്കില്ല ഡാനിയേലിന്റെ പ്രകടനവും ഇരട്ടസ്വര്‍ണത്തിളക്കത്തോടെയായിരുന്നു. മീറ്റിന് കേരളത്തിന്റെ സംഭാവനയും ഈ പത്തനംതിട്ടക്കാരിതന്നെ. 4-400 മീറ്റര്‍ റിലേയിലും തിരുവനന്തപുരം സായിയുടെ പുതിയ താരം സ്വര്‍ണമണിഞ്ഞു. ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണവും ലോങ്ജമ്പില്‍ റെക്കോഡ് പ്രകടനവും പുറത്തെടുത്ത സാന്ദ്ര ബാബുവും പ്രതീക്ഷയായി.

കഴിഞ്ഞ മീറ്റിന്റെ വേഗക്കാരനായി പ്രതീക്ഷ നല്‍കിയ സി അഭിനവ് ഇക്കുറി ഒരു സ്വര്‍ണത്തില്‍മാത്രമൊതുങ്ങി. 4-100 മീറ്റര്‍ റിലേയില്‍ കേരളത്തിനെ റെക്കോഡ് സ്വര്‍ണത്തിലേക്ക് നയിച്ചത് അഭിനവായിരുന്നു. 100ലും 200ലും അഭിനവ് മങ്ങി. ദീര്‍ഘദൂരയിനങ്ങളില്‍ കഴിഞ്ഞ പതിപ്പില്‍ത്തന്നെ വരവറിയിച്ച സി ചാന്ദിനിക്ക് പ്രകടനം ആവര്‍ത്തിക്കാനായില്ല. മധ്യദൂരയിനങ്ങളില്‍ അഭിഷേക് മാത്യുവും തിളങ്ങിയില്ല. പോള്‍വോള്‍ട്ടിലെ കേരളത്തിന്റെ മേധാവിത്വവും അവസാനിച്ചു.

സംസ്ഥാനമീറ്റില്‍ത്തന്നെ പരിക്കുമായാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ അഭിഷേക് മാത്യു ട്രാക്കിലിറങ്ങിയത്. 2016ലെ കോഴിക്കോട് മീറ്റില്‍ വലംകാലിനേറ്റ പരിക്ക് ഒരുവര്‍ഷമായിട്ടും ഭേദമായിട്ടില്ല. ഭോപാലില്‍ സംസ്ഥാനമീറ്റിലെ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കാതിരുന്നതും അതുകൊണ്ടുതന്നെ. ഏറിനങ്ങളില്‍ ഇരുവിഭാഗത്തിലും പരിക്ക് കൂസാതെയാണ് കുട്ടികള്‍ മത്സരിച്ചത്. സ്കൂള്‍ മാനേജ്മെന്റുകളുടെ സമ്മര്‍ദമാണ് കുട്ടികളുടെ ഭാവിയെ കരുതാതെ ട്രാക്കിലിറക്കാന്‍ കായികാധ്യാപകരെ നിര്‍ബന്ധിതരാക്കുന്നത്. ഇതിന് വഴങ്ങി കളത്തിലിറങ്ങി അവസാനിപ്പിച്ച കായികജീവിതവുമായി ഏറെ 'ഭാവി വാഗ്ദാനങ്ങള്‍' കേരളത്തിന് നഷ്ടമായിട്ടുണ്ട്.

Categories