20 July Friday

ജര്‍മനിക്ക് ജയിക്കണം

പ്രദീപ് ഗോപാല്‍Updated: Friday Oct 13, 2017


കൊച്ചി >  ലോകചാമ്പ്യന്‍മാരുടെ കൌമാരനിരയ്ക്ക് ഇന്ന് അവസാന അവസരം. ഗിനിയക്കെതിരെ ജയിച്ചാല്‍ രണ്ടാം റൌണ്ട്. മറിച്ചായാല്‍ ജര്‍മനിയുടെ പ്രതീക്ഷ മങ്ങും. മറ്റ് മത്സരങ്ങളുടെ ഫലത്തിനായി കാത്തിരിക്കേണ്ടിവരും. ഗോവയില്‍നിന്ന് ഇറാനോടേറ്റ കനത്ത തോല്‍വിയുടെ ഭാരവുമായാണ് ജര്‍മനി കൊച്ചിയിലെത്തിയത്. നാല് ഗോളിനാണ് ഇറാന്റെ കുട്ടികള്‍ ജര്‍മന്‍ മതിലിനെ തകര്‍ത്ത് വലയിലേക്ക് തൊടുത്തത്. ഗ്രൂപ്പ് സിയില്‍ മൂന്നു പോയിന്റുമായി രണ്ടാമതാണ് ജര്‍മനി. ഗ്രൂപ്പ് ഡിയില്‍ സ്പെയ്ന്‍ ഇന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഉത്തര കൊറിയയെ നേരിടും.

ഗിനിയ താരങ്ങള്‍ പരിശീലനത്തില്‍

ഗിനിയ താരങ്ങള്‍ പരിശീലനത്തില്‍

കിരീടസാധ്യതയില്‍ മുമ്പിലായിരുന്നു ജര്‍മനി ഇന്ത്യയിലേക്കെത്തുമ്പോള്‍. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്ളേ ഓഫ്വഴി യോഗ്യത ഉറപ്പാക്കിയ ജര്‍മനി, ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടില്ല. ആദ്യകളിയില്‍ കോസ്റ്റ റിക്കയോട് മങ്ങിയ ജയം. അടുത്ത കളിയില്‍ ഇറാനോട് തകര്‍ന്നു. പ്രതിരോധവും മധ്യനിരയും ഒരുപോലെ വിളറുന്നതാണ് കണ്ടത്. ഗോള്‍കീപ്പര്‍ ലൂക്കാ പ്ളൊഗ്മാന്റെ മികച്ച പ്രകടനംകൂടി ഇല്ലായിരുന്നെങ്കില്‍ ജര്‍മനിയുടെ അവസ്ഥ ഇതിലും മോശമായേനെ.

ആര്‍പിനെ കേന്ദ്രീകരിച്ചാണ് ജര്‍മനിയുടെ നീക്കങ്ങള്‍. ഇന്നും ആര്‍പ്തന്നെയാകും അവരുടെ തുറുപ്പുചീട്ട്. കൂടുതല്‍ സമയം പന്ത് കാലില്‍വയ്ക്കുന്നുണ്ടെങ്കിലും ആസൂത്രണത്തോടെയുള്ള നീക്കങ്ങള്‍ ജര്‍മനിയുടെ മധ്യനിരയില്‍നിന്ന് ഉണ്ടാകുന്നില്ല. ആര്‍പിലേക്ക് പന്തൊഴുക്കാനാകുന്നില്ല. മുന്നേറ്റത്തില്‍ ഒറ്റപ്പെടുകയാണ് ഈ ഹാംബുര്‍ഗ് താരം. ആര്‍പിന് പിന്തുണ കൊടുക്കണമെന്നാണ് കോച്ച് ആവശ്യപ്പെടുന്നത്. പരിശീലനത്തില്‍ കൂടുതല്‍ സമയം പാസിങ്ങിലാണ് കോച്ച് ശ്രദ്ധകേന്ദ്രീകരിച്ചത്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒരുമണിക്കൂറാണ് ജര്‍മന്‍ ടീം പരിശീലനം നടത്തിയത്.

ഇറാനോട് കുട്ടികളാരും അവരുടെ കഴിവിനനുസരിച്ച് പന്ത് തട്ടിയില്ല. ഇറാന്‍ അതിവേഗത്തിലാണ് കളിച്ചത്. ഞങ്ങളുടെ കളിക്കാര്‍ ഭയന്നുപോയി. ഫലത്തില്‍ കൂടുതല്‍ നിരാശപ്പെടേണ്ടതില്ല. ഗിനിയുമായുള്ള കളിയെക്കുറിച്ച് ആലോചിക്കാനാണ് പറഞ്ഞത്. അവര്‍ പൊരുത്തപ്പെട്ടു- വുക് പറയുന്നു. ശാരീരികമായി ഗിനിയന്‍ കളിക്കാര്‍ക്കൊപ്പമെത്തില്ല ജര്‍മനിയുടെ കുട്ടികള്‍. ആര്‍പിനെ കൂടാതെ അവുക്കു, അബൌചബക്ക, കുയ്ന്‍ എന്നിവരാണ് ജര്‍മന്‍നിരയിലെ പ്രധാന കളിക്കാര്‍.

ഇറാനെതിരെ ഒരു ഗോള്‍ തിരിച്ചടിച്ചവരാണ് ഗിനിയ. ജര്‍മനിക്ക് കഴിയാത്ത കാര്യമാണിത്. ആക്രമണമാണ് ഗിനിയയുടെ പദ്ധതി. ഈ രീതി ജര്‍മനിയോട് പുറത്തെടുത്താല്‍ അത് അപകടമാകും. ആലി സൌമ, മുഹമ്മദ് കമാറ എന്നിവരടങ്ങിയ മുന്നേറ്റം ജര്‍മനിക്ക് ഭീഷണി ഉയര്‍ത്തും. കോസ്റ്റ റിക്കയ്ക്കെതിരെ 42 തവണയാണ് ഗിനിയ അടിതൊടുത്തത്. 14 തവണ ലക്ഷ്യത്തിലേക്ക് അടിപായിച്ചു. 2-2നാണ് കളി അവസാനിച്ചത്. പ്രതിരോധം അത്ര മികച്ചതല്ല ഗിനിയയുടേത്.

ആറു പോയിന്റുള്ള ഇറാനാണ് സി ഗ്രൂപ്പില്‍ ഒന്നാമത്. ജര്‍മനിക്ക് മൂന്നു പോയിന്റ്. കോസ്റ്റ റിക്കയ്ക്കും ഗിനിയക്കും ഓരോ പോയിന്റ്. ഇന്ന് ഗിനിയയോട് തോല്‍ക്കുകയും കോസ്റ്റ റിക്ക ഇറാനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ജര്‍മനി പുറത്താകും.

ആര്‍പിന്റെ വാക്കില്‍ തീര്‍പ്പ്

കൊച്ചി > കഴിഞ്ഞതൊക്കെ കഥകളാണ്. അത് മറന്നേക്കു. ഇന്നത്തെ കളിയാണ് പ്രധാനം. ലോകകപ്പ് കിരീടമാണ് എന്റെ ലക്ഷ്യം- ഗിനിയക്കെതിരായ മത്സരത്തിനുമുമ്പ് ജര്‍മന്‍ മുന്നേറ്റത്തിലെ കുന്തമുന യാന്‍ ഫിയറ്റെ ആര്‍പിന്റെ വാക്കുകള്‍. നിരാശയുണ്ട് ആര്‍പ്പിന്. പ്രതീക്ഷിച്ചപോലെയായിരുന്നില്ല ഈ ലോകകപ്പില്‍ ജര്‍മനിയുടെ പ്രകടനം.

കൊച്ചിയിലെ കാലാവസ്ഥയെക്കുറിച്ചോ, ഈര്‍പ്പമോ ആര്‍പിന് പ്രശ്നമല്ല. യൂറോപ്യന്‍ ടീമുകള്‍ക്ക് ഏഷ്യന്‍ സാഹചര്യങ്ങളുമായി ഒത്തുപോകാന്‍ പ്രയാസമാണ്. പക്ഷേ, കളിയില്‍ അതു ബാധിക്കില്ല. കളത്തിലിറങ്ങുന്നത് ജയിക്കാനാണ്- ആര്‍പ് പറയുന്നു.

ഗിനിയ കടുപ്പമേറിയ എതിരാളികളാകും. ഏതു രീതിയിലായാലും അവരെ കീഴടക്കുകയാണ് ലക്ഷ്യം. അടുത്ത റൌണ്ടില്‍ കടക്കണം. മൂന്നു പോയിന്റ് നേടിയാല്‍ അടുത്ത റൌണ്ടിലേക്ക് മുന്നേറാനാകുമെന്നാണ് പ്രതീക്ഷ. കളി എത്ര കഠിനമായാലും ഞങ്ങള്‍ ഒരുങ്ങിത്തന്നെയാണ്- ആര്‍പ് വ്യക്തമാക്കി.
ജര്‍മനിയുടെ മുന്‍ സ്ട്രൈക്കര്‍ മിറസ്ളോവ് ക്ളോസെയുമായുള്ള താരതമ്യത്തെ ആര്‍പ് തള്ളിക്കളഞ്ഞു. ആ താരതമ്യമൊന്നും ഞാന്‍ കേട്ടിട്ടില്ല. നാളത്തെ മത്സരമാണ് പ്രധാനം. എനിക്ക് ലോകകപ്പ് ജയിക്കണം.

ജര്‍മന്‍ ക്ളബ് ഹാംബുര്‍ഗ് എഫ്സിയുടെ താരമാണ് ഈ പതിനേഴുകാരന്‍. ക്ളോസെയ്ക്കും തോമസ് മുള്ളര്‍ക്കും ശേഷം ഗോളടിയില്‍ ജര്‍മനി പ്രതീക്ഷിക്കുന്ന കളിക്കാരന്‍. കഴിഞ്ഞവര്‍ഷം 15 കളിയില്‍ 14 ഗോള്‍ ആര്‍പ് നേടി. മൂര്‍ച്ചയുള്ള നീക്കങ്ങളും വേഗവുമാണ് ഈ കൌമാരതാരത്തിന്റെ സവിശേഷത. ലോകകപ്പില്‍ കോസ്റ്റ റിക്കയ്ക്കെതിരെ ആദ്യഗോള്‍ നേടിയത് ആര്‍പായിരുന്നു.

അന്നെല്ലാം പിഴച്ചു, ഇന്ന് കഥ മാറും: വുക്

കൊച്ചി > ഇറാനോടുള്ള തോല്‍വിയുടെ നിരാശ മായുന്നില്ല ജര്‍മന്‍ കോച്ച് ക്രിസ്റ്റ്യന്‍ വുക്കിന്. ടീം മൊത്തമായി പരാജയപ്പെട്ടു. ഏതെങ്കിലുമൊരു മേഖല എടുത്തുപറയാനില്ല. എല്ലാ നിലയിലും ടീം മങ്ങി. ഇന്ന് നിര്‍ണായകഘട്ടത്തിലാണ്. ജയം മാത്രമേ മുന്നോട്ടുള്ളപോക്കിന് സഹായകമാകൂ. ഗിനിയക്കെതിരെ മികച്ച കളി പ്രതീക്ഷിക്കാം- വുക് പറയുന്നു.

ആര്‍പിലാണ് കോച്ചിന്റെ പ്രതീക്ഷകള്‍. പക്ഷേ, ആര്‍പിന് അത്ര പിന്തുണ കിട്ടുന്നില്ല. ആര്‍പ് പ്രതിഭയുള്ള കളിക്കാരനാണ്. ജര്‍മന്‍നിരയിലെ ഏറ്റവും മികച്ച താരം. മുന്നേറണമെങ്കില്‍ ഇരു വശങ്ങളില്‍നിന്നും പിന്തുണ വേണം. ഗിനിയക്കെതിരെ കളി ആ രീതിയിലാകും.

ഒരുക്കങ്ങള്‍ മികച്ചതാണ്. കാലാവസ്ഥ ഒരു ഘടകമാക്കുന്നില്ല. കളിയുടെ മോശം ഫലത്തില്‍ കാലാവസ്ഥയെ പഴിചാരേണ്ടതില്ല. കളത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് വഴി. ഞങ്ങളെപ്പോലെ ഗിനിയയും ജയത്തിനുവേണ്ടിയാണ് കളിക്കുന്നത്. കളി കടുക്കും- വുക് പറഞ്ഞു.

എല്ലാ കളിയും വിജയിക്കുന്നവരായാണ് ജര്‍മനിയെ ലോകം കാണുന്നത്. ഇറാനോടുള്ള തോല്‍വി അവരില്‍ അമ്പരപ്പുണ്ടാക്കി. 2000നുശേഷമുള്ള തലമുറയാണിത്. ജര്‍മന്‍ ഫുട്ബോളിന്റെ ഭാവി ഇവരിലാണ്. നല്ല ആശയങ്ങളുണ്ടാകണം. ഭാവിയിലേക്ക് ഇവരെ വാര്‍ത്തെടുക്കണം- വുക് ആത്മവിശ്വാസത്തിലാണ്.

പ്രധാന വാർത്തകൾ
Top