20 June Wednesday

നിദഹാസ് ട്രോഫി ട്വന്റി -20: ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

കൊളംബോ > നിദഹാസ് ട്രോഫി ട്വന്റി‐20 പരമ്പരയിൽ ശ്രീലങ്കയുമായുള്ള രണ്ടാംമത്സരത്തിൽ ഇന്ത്യക്ക് ആറുവിക്കറ്റ് ജയം. മഴമൂലം 19 ഓവറാക്കി ചുരുക്കിയ കളിയിൽ ലങ്ക 9ന് 152 റണ്ണെടുത്തു. ഒരോവറും മൂന്ന് പന്തും ബാക്കിനിൽക്കെ ഇന്ത്യ ലക്ഷ്യംകണ്ടു. തകരാത്ത അഞ്ചാംവിക്കറ്റിൽ മനീഷ് പാണ്ഡെയും (31 പന്തിൽ 42*) ദിനേഷ് കാർത്തിക്കും (25 പന്തിൽ 39*) ചേർത്ത 68 റണ്ണാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. സ്കോർ ലങ്ക 9‐152(19). ഇന്ത്യ 4‐153(17.3).

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ലങ്കയെ ബാറ്റിങ്ങിയക്കുകയായിരുന്നു. മികച്ച തുടക്കത്തിനുശേഷം തകർന്നെങ്കിലും ലങ്ക പൊരുതാവുന്ന സ്കോർ കണ്ടെത്തി. 38 പന്തിൽ 55 റണ്ണെടുത്ത ഓപ്പണർ കുശാൽ മെൻഡിസിന്റെ ഇന്നിങ്സ് ലങ്കയ്ക്ക് കരുത്തായി. ശാർദുൾ താക്കൂർ നാലുവിക്കറ്റെടുത്തു.

മൂന്നാം ഓവറിൽ ധനുഷ്ക ഗുണതിലകയെ (8 പന്തിൽ 17) പുറത്താക്കി ശാർദുൾ ഇന്ത്യയ്ക്ക് ആശിച്ച തുടക്കംനൽകി. അടുത്ത ഓവറിൽ അപകടകാരിയായ കുശാൽ പെരേരയും (4 പന്തിൽ 3) തിരിച്ചുകയറി. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ പെരേര ക്ലീൻ ബൗൾഡാകുകയായിരുന്നു. പിന്നീടെത്തിയ ഉപുൽ തരംഗയ്ക്കൊപ്പം മെൻഡിസ് രക്ഷാപ്രവർത്തനം തുടങ്ങി. അപകടമകന്നപ്പോൾ അവർ ബൗണ്ടറികൾ നേടി. 11‐ാം ഓവറിൽ തരംഗ (24 പന്തിൽ 23) മടങ്ങി. പകരമെത്തിയ തിസര പെരേരയും  (6 പന്തിൽ 15) ജീവൻ മെൻഡിസും (3 പന്തിൽ1) കുശാൽ മെൻഡിസും വേഗം മടങ്ങി. ധനഞ്ജയക്കും (11 പന്തിൽ 5) റണ്ണെടുക്കാനായില്ല. അവസാന ഓവറിൽ ചമീരയെയും ഷനകയെയും മടക്കി ശാർദുൾ നാലുവിക്കറ്റ് തികച്ചു.

മറുപടിയിൽ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. രോഹിതും (7 പന്തിൽ 11) ധവാനും (10 പന്തിൽ 8) വേഗം തിരിച്ചുകയറി. പിടിച്ചുനിന്നെങ്കിലും സുരേഷ് റെയ്നയും (15 പന്തിൽ 27) ലോകേഷ് രാഹുലും (17 പന്തിൽ 18) മോശം പന്തുകളിൽ മടങ്ങി. രാഹുൽ വിക്കറ്റിൽ ചവുട്ടിയാണ് പുറത്തായത്. മുതിർന്നവർ പരാജയപ്പെട്ടപ്പോൾ കാർത്തികും മനീഷും ഇന്ത്യയുടെ രക്ഷകരായി.

പ്രധാന വാർത്തകൾ
Top