22 June Friday

അസ്തോറിക്ക്.. നിറകണ്ണോടെ..

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

ഫ്ളോറെൻസ് > അന്തരിച്ച ഇറ്റാലിയൻ ഫുട്ബോളർ ഡേവിഡ് അസ്തോറിക്ക് മരണശേഷമുള്ള ആദ്യകളിയിൽ ക്ലബ് ഫിയന്റീന ജയത്തോടെ ആദരമർപ്പിച്ചു. ഇറ്റാലിയൻ ലീഗിൽ ബെനെവെന്റോയുമായി സ്വന്തം തട്ടകത്തിൽ നടന്ന കളി ഫിയന്റീന ഒരുഗോളിന് ജയിച്ചു. കളത്തിൽ അസ്തോറിയുടെ തോളൊപ്പംനിന്ന കൂട്ടുകാരൻ വിറ്റർ ഹ്യൂഗോയാണ് ഫിയന്റീനയുടെ വിജയഗോൾ നേടിയത്. ഒരാഴ്ചമുമ്പ് ലീഗിൽ ഉഡിനീസുമായുള്ള മത്സരത്തിനായി ഉഡിനിയിൽ എത്തിയപ്പോഴാണ് അസ്തോറി ഹോട്ടൽമുറിയിൽ മരിച്ചത്.

ഫിയന്റീനയുടെ ഫ്ളോറെൻസിലെ മൈതാനിക്ക് മൈലുകൾ മാത്രം അകലെ, അസ്തോറിയുടെ അന്തിമചടങ്ങുകൾ മൂന്നു ദിവസം മുമ്പായിരുന്നു. ചടങ്ങിന് സാക്ഷികളാകാനെത്തിയ ആയിരങ്ങൾ പതിന്മടങ്ങായി അർതേമിയോ ഫ്രാഞ്ചി സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇറ്റാലിയൻ ഫുട്ബോളിന്റെ മുൻതലമുറയിലെയും ഈ തലമുറയിലെയും മഹാരഥന്മാരും അസ്തോറിയുടെ സ്വന്തം മൈതാനിയിൽ അസ്തോറിയില്ലാതെ ഇറങ്ങുന്ന ഫിയന്റീനയുടെ കളി കാണാനെത്തി.

അവരുടെ ക്യാപ്റ്റന്റെ 13‐ാം നമ്പർ കുപ്പായത്തിലാണ് ഫിയന്റീനയുടെ കളിക്കാർ പരിശീലനത്തിനിറങ്ങിയത്. കളിക്കുമുമ്പ് ഇരുടീമും അണിനിരന്നപ്പോൾ ക്യാപ്റ്റന് അഭിവാദ്യവുമായി 'ഡേവിഡിന് വിട' എന്ന ബാനറും അവരുടെ കൈകളിലുണ്ടായിരുന്നു. ആദ്യ വിസിലിനുമുമ്പ് ഒരുമിനിറ്റ് സ്റ്റേഡിയം നിശബ്ദമായി. അസ്തോറിയുടെ കളത്തിലെ നിമിഷങ്ങൾ ഭീമൻ വീഡിയോ സ്ക്രീനിൽ നിറഞ്ഞു. ക്യാമറഫ്ളാഷുകൾ മാത്രം തുടരെ മിന്നി.

തുടങ്ങി 13‐ാം മിനിറ്റിൽ കളി നിർത്തിവച്ച് കളിക്കാർ അസ്തോറിയെ ഓർമിച്ചു. മേഘംമൂടിയ ആകാശത്തിനുകീഴിൽ ഗ്യാലറിയിൽ 'ഡേവിഡ് 13' എന്ന പേരുയർന്നു. അവരുടെ ക്യാപ്റ്റന്റെ കുപ്പായവും 13‐ാം നമ്പറായിരുന്നു. 25‐ാം മിനിറ്റിൽ ഹ്യൂഗോയുടെ ഗോൾ വന്നു. മഴ പെയ്തു. കളി അവസാനിക്കുമ്പോഴും അത് തോരാതെ പെയ്തുകൊണ്ടിരുന്നു.

 

പ്രധാന വാർത്തകൾ
Top