10 December Monday

റബാദ നിറഞ്ഞാടി, ഓസീസ് നിലംപറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018


പോർട്ട് > കഗീസോ റബാദ നിറഞ്ഞാടിയ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് ഓസ്ട്രേലിയയെ കീഴടക്കി. ഒരുദിവസം ശേഷിക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഇതോടെ പരമ്പര 1‐1 ആയി. രണ്ട് ടെസ്റ്റ്കൂടി ശേഷിക്കുന്നു.

നാലാം ദിവസം ഓസ്ട്രേലിയയെ 239ൽ ഒതുക്കിയതോടെ ജയിക്കാൻ ദക്ഷിണാഫ്രിക്കക്ക് 101 മതിയായിരുന്നു. നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്കക്കാർ ലക്ഷ്യംകണ്ടു.

5‐180ൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഓസീസിന് വൻ സ്കോർ ഉയർത്തി ആതിഥേയരെ വെല്ലുവിളിക്കാൻ മാത്രം ശേഷിയുണ്ടായില്ല. 41 റണ്ണിന്റെ മേൽക്കൈയുമായി ക്രീസിലിറങ്ങിയ ഓസീസ് ആഞ്ഞടിക്കുന്ന അവസാനക്കാരിലൂടെ സ്കോർ ഉയർത്താമെന്നു കരുതി. 45 റണ്ണുമായി നിൽക്കുന്ന മാർഷിലായിരുന്നു പ്രതീക്ഷ. എന്നാൽ നാലാം ദിവസം ഒരോവർ തികയ്ക്കാൻ റബാദ മാർഷിനെ അനുവദിച്ചില്ല. റബാദ കുറ്റി തെറിപ്പിച്ചു.

ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അതേ പ്രകടനം റബാദ രണ്ടാം ഇന്നിങ്സിലും പുറത്തെടുത്തു. റബാദയുടെ വേഗമുള്ള പന്തുകൾക്കുമുന്നിൽ ഓസീസ് പതറി. പാറ്റ് കുമ്മിൻസിനെയും(5) സ്റ്റാർക്കിനെയും (1) നില ഉറപ്പിക്കാൻ റബാദ സമ്മതിച്ചില്ല. ഓസീസ് 8‐204ൽ പരുങ്ങി. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് പിഴുത റബാദ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു. റബാദയാണ് കളിയിലെ കേമൻ. അവസാനക്കാരെ എൻഗിഡിയും തുടച്ചുനീക്കിയതോടെ ഓസീസിന്റെ ഇന്നിങ്സ് 239ൽ അവസാനിച്ചു.

വിജയം ഉറപ്പിച്ചാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിന് ഇറങ്ങിയത്. സ്കോർ 32ൽ എത്തിയപ്പോഴേക്കും എൽഗറിനെയും (5) മാർക്രത്തെയും (21) നഷ്ടമായെങ്കിലും ദക്ഷിണാഫ്രിക്കക്ക് പരിഭ്രമമുണ്ടായില്ല. എൽഗറെ ല്യോണും മാർക്രമിനെ ഹാസെൽവുഡുമാണ് മടക്കിയത്. ഹാഷിം അംലയും (27) എ ബി ഡിവില്ലിയേഴ്സും (28) ക്ഷമയോടെ ബാറ്റ്ചെയത് വിജയത്തോടടുത്തു. സ്കോർ 81ൽ ഇരുവരെയും നഷ്ടമായെങ്കിലും ദക്ഷിണാഫ്രിക്കയുടെ വിജയം തടുക്കാൻ അത് പോരായിരുന്നു. ഡി ബ്രയ്നും (15) ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസും (2) അനായാസം ലക്ഷ്യത്തിലേക്കെത്തി.

സ്കോർ: ഓസ്ട്രേലിയ ‐ 243, വാർണർ 63. റബാദ 5‐96. രണ്ടാം ഇന്നിങ്സ് 239, ഖവാജ 75, മാർഷ് 45, റബാദ 6‐54. ദക്ഷിണാഫ്രിക്ക‐ 382. ഡിവില്ലിയേഴ്സ് 126, അംല 56, കുമ്മിൻസ് 3‐79. രണ്ടാം ഇന്നിങ്സ് 4‐102.

പ്രധാന വാർത്തകൾ
Top