Top
22
Thursday, February 2018
About UsE-Paper

ഗോകുലം ബഗാനെ വീഴ്ത്തി

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌
ബഗാന്റെ നിഖിൽ കാദത്തിന്റെ മുന്നേറ്റം തടയുന്ന ഗോകുലത്തിന്റെ ഇർഷാദ്

കൊൽക്കത്ത > ഐ ലീഗിൽ ഗോകുലം കേരള എഫ്സിക്ക് അട്ടിമറിജയം. കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ ഗോകുലം തകർത്തു (2‐1). മഹ്മൂദ് അൽ അജ്മി, ഹെൻറി കിസേക എന്നിവരാണ് ഗോകുലത്തിനായി ഗോളടിച്ചത്. അസെർ ദിപാൻഡ ഡിക്ക ബഗാന്റെ ആശ്വാസഗോൾ നേടി. ജയം, പോയിന്റ് പട്ടികയിൽ ഗോകുലത്തിന് മുന്നേറ്റം നൽകിയില്ല. 13 പോയിന്റുമായി അവസാന സ്ഥാനത്തുതന്നെയാണ്. ഇനി അഞ്ച് മത്സരങ്ങളാണ് ഗോകുലത്തിന് ശേഷിക്കുന്നത്. ഇതിൽ രണ്ട് കളി സ്വന്തം തട്ടകമായ കോഴിക്കോട്വച്ചാണ്.  

കരുത്തരായ നെറോക്ക എഫ്സിയോട് ഒരു ഗോളിന് തോറ്റ ഗോകുലം ബഗാനെതിരെ നാല് മാറ്റങ്ങൾ വരുത്തി. പ്രൊവാട്ട് ലക്ര, ഡാനിയേൽ അഡ്ഡോ, മുഹമ്മദ് റാഷിദ്, കിവി ഷിമോമി എന്നിവരെ കോച്ച് ബിനോ ജോർജ് ടീമിൽ കൊണ്ടുവന്നു.

ഗോളടിക്കുക മാത്രമായിരുന്നു ഗോകുലത്തിന്റെ ലക്ഷ്യം. ആദ്യ മിനിറ്റ് മുതൽ ഗോകുലത്തിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. കിസേക്കയുടെ മികച്ച ഷോട്ട് ബാറിൽതട്ടിത്തെറിച്ചു. ബഗാൻ ചൂടുപിടിക്കാൻ അൽപ്പസമയമെടുത്തു. കളി പുരോഗമിച്ചപ്പോൾ ബഗാന്റെ നീക്കങ്ങൾ വേഗത്തിലായി. ഗോകുലം പ്രതിരോധത്തിലേക്ക് ആക്രമണങ്ങൾ വന്നു. അരിജിത്, ഫയ്യാസ്, വാട്സൺ എന്നിവരുടെ ശ്രമങ്ങൾ ഗോകുലം ഗോൾമേഖലയിൽ അപകടമുണ്ടാക്കി. ഗോൾ കീപ്പർ ബിലാൽ ഖാൻ വഴങ്ങിയില്ല. ഇടയ്ക്ക് നിഖിൽ കദമിന്റെ ഷോട്ട് തടയുന്നതിൽ പരാജയപ്പെട്ടെങ്കിലും ബിലാൽ ഉടൻതന്നെ രണ്ടാംശ്രമത്തിലൂടെ അപകടമൊഴിവാക്കി. പന്തിൻമേൽ ബഗാൻ പൂർണനിയന്ത്രണംനേടി. ആദ്യപകുതി ഗോൾ പിറക്കാതെ അവസാനിച്ചു.

രണ്ടാംപകുതിയും ബഗാന്റെ നിയന്ത്രണത്തിലായിരുന്നു. അവസരങ്ങൾ ഏറെയുണ്ടാക്കിയെങ്കിലും മുന്നേറ്റത്തിൽ  മികച്ച ഗോളടിക്കാരനില്ലാത്തത് ബഗാന് തിരിച്ചടിയായി. അവസാനഘട്ടത്തിലേക്ക് കടന്നതോടെ ഗോകുലം എല്ലാം മറന്ന് ആക്രമിച്ചു. അതിനുള്ള ഫലവും കിട്ടി. കിസേകയുടെ തകർപ്പൻ പാസിൽനിന്ന് അൽ അജ്മി വലംകാൽകൊണ്ട് അടിപായിച്ചു. ബഗാന്റെ മോശം പ്രതിരോധവും ഗോകുലത്തിന് സഹായകരമായി. ഒരു മിനിറ്റിനുള്ളിൽ ബഗാൻ തിരിച്ചടിച്ചു. ഡിക്ക സമനില ഗോൾ നേടി. ഡിക്കയുടെ സീസണിലെ ഒമ്പതാം ഗോളായിരുന്നു ഇത്.

കളിയുടെ അവസാന നിമിഷം കിസേകയുടെ ഒന്നാന്തരം വോളി ഗോകുലത്തെ തകർപ്പൻ ജയത്തിലെത്തിച്ചു. മൂസ മുഡ്ഡെയുടെ നീക്കം പിടിച്ചെടുത്ത് കിസേക അടിതൊടുത്തു. ബഗാൻ ഗോൾ കീപ്പർ ഷിൽട്ടൻ പോളിന് എത്തിപ്പിടിക്കാനായില്ല.

Categories