23 May Wednesday
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ

യൂറോ മുറുകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018


റോം/ബാസെൽ > ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്നു തുടക്കം. ആദ്യദിനം യുവന്റസും ടോട്ടനം ഹോട്സ്പറും ഏറ്റുമുട്ടും. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്വിസ് ക്ലബ് ബാസെലിനെ നേരിടും.

യുവന്റസ് തട്ടകമായ ടൂറിനിലാണ് ടോട്ടനം ഇന്ന് ഇറങ്ങുന്നത്.  കഴിഞ്ഞ 26 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ യുവന്റസ് സ്വന്തം തട്ടകത്തിൽ തോൽവിയറിഞ്ഞിട്ടില്ല. 16ലും ജയമായിരുന്നു. ബാക്കിയുള്ളവയൽ സമനില നേടി.  ടോട്ടനത്തിന്റെ വെല്ലുവിളിയും ഈ റെക്കോഡ്തന്നെ. ഗ്രൂപ്പ്ഘട്ടത്തിൽ നാല് ജയവും ഒരു സമനിലയുമായാണ് ടോട്ടനം മുന്നേറിയത്.

പരിക്കാണ് യുവന്റസിനെ തളർത്തുന്നത്. ഇറ്റാലിയൻ ലീഗിൽ നിലവിലെ ചാമ്പ്യൻമാർ നാപോളിക്ക് പിന്നിലാണ്. എന്നാൽ അവസാന എട്ട് മത്സരങ്ങൾ ജയിക്കാൻകഴിഞ്ഞു. അവസാനം കളിച്ച 16 മത്സരങ്ങളിൽ ഒരു ഗോൾ മാത്രമേ വഴങ്ങിയിട്ടുള്ളൂ. ഈ സീസണിലെ ആദ്യ 22 മത്സരങ്ങളിൽ 18 ഗോളാണ് യുവന്റസ് വഴങ്ങിയത്. പ്രതിരോധത്തിൽ മൊറോക്കക്കാരൻ മെഹദി ബെനാറ്റിയയുടെ പ്രകടനമാണ് യുവന്റസിനെ തുണച്ചത്. ബെനാറ്റിയ ഇറങ്ങിയ 13 മത്സരങ്ങളിൽ യുവന്റസ് വഴങ്ങിയത് വെറും മൂന്ന് ഗോൾ. ബെനാറ്റിയ ഇല്ലാത്ത 10 കളികളിൽ 12 ഗോളാണ് യുവന്റസ് വഴങ്ങിയത്.

ടോട്ടനത്തിനെതിരെ പൗളോ ഡിബാല, ഹോവേഡ്സ്, ബ്ലെയ്സ് മറ്റ്യൂഡി, കൊദ്രാദോ എന്നിവർ ഇറങ്ങില്ല. ആന്ദ്രേ ബർസാഗ്ലിയും കളിക്കാനിടയില്ല. ഡിബാലയുടെ പരിക്കാണ് കോച്ച് മാസിമില്ലാനോ അല്ലെഗ്രിയെ അസ്വസ്ഥപ്പെടുത്തുന്നത്. ഡിബാലയ്ക്ക് പകരം ഡഗ്ലസ് കോസ്റ്റയോ ബെർണാഡേഷിയോ കളിച്ചേക്കും.

ടോട്ടനം മികച്ച ഫോമിലാണ്. ഹാരി കെയ്നും ഡെല്ലെ ആല്ലിയും ഉൾപ്പെടുന്ന നിര യുവന്റസ് പ്രതിരോധത്തെ പരീക്ഷിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഴ്സണലിനെ തോൽപ്പിച്ചാണ് ടോട്ടനം ഒരുങ്ങിയത്. പക്ഷേ, യുവന്റസിന്റെ കിടയറ്റ പ്രതിരോധത്തെ മറികടക്കുക എളുപ്പമാകില്ല ടോട്ടനത്തിന്.

ഇംഗ്ലീഷ് ലീഗിൽ കിരീടം ഏറെക്കുറെ ഉറപ്പാക്കിയ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബാസെലിന്റെ തട്ടകത്തിലാണ് കളിക്കുക. ലീഗിൽ ലെസ്റ്റർ സിറ്റിയെ അഞ്ചു ഗോളിന് തകർത്തെറിഞ്ഞ സിറ്റിക്ക് ബാസെൽ വലിയ എതിരാളികളല്ല. സെർജിയോ അഗ്വേറോ, കെവിൻ ഡി ബ്രയ്ൻ, ബെർണാഡോ സിൽവ, റഹീം സ്റ്റെർലിങ് എന്നിവരൊക്കെ മികച്ച ഫോമിലാണ്.    
 

പ്രധാന വാർത്തകൾ
Top