Top
24
Wednesday, January 2018
About UsE-Paper

2-ാം പരീക്ഷ ഇന്നുമുതല്‍

Saturday Jan 13, 2018
വെബ് ഡെസ്‌ക്‌
വിരാട് കോഹ് ലി പരിശീലനത്തിനിടെ

സെഞ്ചൂറിയന്‍ > കണക്കുകൂട്ടലും കളിയും പിഴച്ച ഒന്നാം ടെസ്റ്റിനുശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഇന്ന് രണ്ടാം ടെസ്റ്റിനിറങ്ങുന്നു. ബൌളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ബാറ്റിങ്ങില്‍ ശരാശരിയിലും താഴെ വീണുപോയപ്പോള്‍ ഒരുദിവസത്തെ കളി ശേഷിക്കെ 72 റണ്ണിനാണ് ഇന്ത്യ തോറ്റത്. അവസരോചിത തിരുത്തല്‍ വരുത്തിയാല്‍ മാത്രം ഇന്ത്യക്ക് പരമ്പരയില്‍ നിലനില്‍ക്കാമെന്ന സ്ഥിതിയിലാണ് രണ്ടാം മത്സരം തുടങ്ങുന്നത്. 

ഒമ്പത് പരമ്പരകള്‍ തുടരെ ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കേപ്ടൌണിലിറങ്ങിയ ഇന്ത്യക്ക് അമിതാവേശം തിരിച്ചടിക്കുകയായിരുന്നു. വിദേശസാഹചര്യങ്ങളില്‍ കളിച്ച് മികവുതെളിയിക്കാത്ത കളിക്കാരെ ഉള്‍പ്പെടുത്തിയ ബാറ്റിങ്നിര ക്ഷമിക്കാനാകാത്തവിധം മോശം കളിയാണ് പുറത്തെടുത്തത്. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും മുരളി വിജയും പരാജയപ്പെട്ടു. ഷോട്ട് തെരഞ്ഞെടുപ്പില്‍ ധവാന്‍ നിരാശപ്പെടുത്തി. രോഹിത് ശര്‍മയും വ്യത്യാസമായിരുന്നില്ല. ഇന്ത്യന്‍നിരയിലെ അങ്കലാപ്പ് മുതലെടുത്ത ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാര്‍ ജയത്തിനുള്ള തന്ത്രംമെനഞ്ഞ് നടപ്പാക്കുകയും ചെയ്തു.

ടീം തെരഞ്ഞെടുപ്പില്‍ ആദ്യകളിയില്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ആശങ്ക. ബൌളര്‍മാരില്‍ ആരെ പുറത്തിരുത്തണമെന്നതില്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ളെസിസിന് ആലോചിക്കേണ്ടിവന്നു. പരിക്ക് മാറിയെത്തിയ ഡെയ്ല്‍ സ്റ്റെയ്നിന്റെ കാര്യത്തിലായിരുന്നു ആശങ്ക. സ്റ്റെയ്ന്‍ വീണ്ടും പരിക്കേറ്റ് വിശ്രമത്തിലായതോടെ അത് മാറി. നാല് പേസര്‍മാരെ ഇറക്കുമെങ്കില്‍ ലുങ്ഗി എന്‍ഗിഡിക്ക് അരങ്ങേറ്റത്തിന് അവസരമാകും.മറുവശത്ത് ഇന്ത്യന്‍ ക്യാമ്പില്‍ ഈ കളിക്കിറങ്ങുമ്പോള്‍ ആശങ്ക മാത്രമല്ല, സമ്മര്‍ദവും കൂടെയുണ്ട്. മുന്‍ കളിക്കാരില്‍നിന്ന് കടുത്ത വിമര്‍ശമാണ് ടീം തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ നേരിടേണ്ടിവന്നത്.

വിരാട് കോഹ്ലിയുടെ തീരുമാനപ്രകാരമായിരുന്നു കേപ്ടൌണ്‍ ടെസ്റ്റില്‍ രോഹിത് ശര്‍മയെ ടീമിലെടുത്തത്. ഒരു കളിയിലെ മോശം പ്രകടനംകൊണ്ട് രോഹിതിനെ മാറ്റാന്‍ കോഹ്ലി തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ അജിന്‍ക്യ രഹാനെ കളിക്കുന്ന കാര്യം സംശയത്തിലാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയും രഹാനെ നെറ്റ്സില്‍ പരിശീലിച്ചിരുന്നില്ല. എന്നാല്‍ ധവാനു പകരം ലോകേഷ് രാഹുല്‍ ഇറങ്ങിയേക്കും.

Categories