24 October Wednesday

ഋഷഭ‌് പന്ത‌് ഏകദിന ടീമിൽ ; ഷമി തിരിച്ചെത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018


ന്യൂഡൽഹി
വിക്കറ്റ‌് കീപ്പർ ബാറ്റ‌്സ‌്മാൻ ഋഷഭ‌് പന്തിനെ ഉൾപ്പെടുത്തി വെസ‌്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട‌് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ ടീമാണ‌്. ഏഷ്യാ കപ്പിൽ കളിക്കാതിരുന്ന ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി തിരിച്ചെത്തിയിട്ടുണ്ട‌്. ഒരു വർഷത്തെ ഇടവേളയ‌്ക്കുശേഷം പേസർ മുഹമ്മദ‌് ഷമിയും ടീമിലെത്തി. ആകെ അഞ്ച‌് മത്സരങ്ങളാണ‌് പരമ്പരയിൽ. ആദ്യ മത്സരം 21ന‌് നടക്കും.

പന്ത‌് ആദ്യമായി ഏകദിന ടീമിലെത്തിയപ്പോൾ മറ്റൊരു വിക്കറ്റ‌് കീപ്പർ ബാറ്റ‌്സ‌്മാൻ ദിനേശ‌് കാർത്തികിന‌് സ്ഥാനം നഷ്ടമായി. ബാറ്റ‌്സ‌്മാനായിട്ടാകും ഋഷഭ‌് പന്ത‌് കളിക്കുക. വിക്കറ്റ‌് കീപ്പറായി മഹേന്ദ്ര സിങ‌് ധോണിതന്നെ തുടരും. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാർ ജാദവിനെയും ഓൾ റൗണ്ടർ ഹാർദിക‌്  പാണ്ഡ്യയെയും പരിഗണിച്ചില്ല. പേസർമാരായ ജസ‌്പ്രീത‌് ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവർക്ക‌് വിശ്രമം അനുവദിച്ചു. ഏഷ്യാ കപ്പിൽ കളിച്ച  ദീപക‌് ചഹാറിനെയും ഒഴിവാക്കി. ഖലീൽ അഹമ്മദിനെ നിലനിർത്തിയിട്ടുണ്ട‌്. രവീന്ദ്ര ജഡേജയും സ്ഥാനം നിലനിർത്തി.

സമീപകാലത്തെ മിന്നുന്ന പ്രകടനമാണ‌് ഋഷഭ‌് പന്തിന‌് ഏകദിന ടീമിലേക്ക‌്‌ വഴിയൊരുക്കിയത‌്. ഇംഗ്ലണ്ട‌് പര്യടനത്തിലായിരുന്നു ഈ ഇരുപതുകാരൻ ടെസ‌്റ്റ‌്  ക്രിക്കറ്റിൽ അരങ്ങേറിയത‌്. പരമ്പരയിൽ ഒരു സെഞ്ചുറിയും നേടി. വിൻഡീസുമായുള്ള ആദ്യ ടെസ‌്റ്റിൽ ഏകദിന ശൈലിയിൽ ബാറ്റ‌് വീശിയ ഋഷഭ‌്  84 പന്തിൽ 92 റണ്ണെടുത്തു. അടുത്തവർഷം നടക്കുന്ന ലോകകപ്പ‌് കൂടി കണക്കിലെടുത്താണ‌് ഋഷഭിനെ ഉൾപ്പെടുത്തിയത‌്.
കിട്ടിയ അവസരങ്ങൾ കൃത്യമായി ഉപയോഗിക്കാൻ കഴിയാത്തതാണ‌് കാർത്തികിന‌് തിരിച്ചടിയായത‌്. ഏഷ്യാ കപ്പിൽ അഞ്ച‌് കളിയിൽ 146 റണ്ണാണ‌് കാർത്തിക‌് നേടിയത‌്. 48.86 ബാറ്റിങ‌് ശരാശരിയിലായിരുന്നു ഈ നേട്ടം. പക്ഷെ , മികച്ച തുടക്കം കിട്ടിയിട്ടും കാർത്തികിന‌് വമ്പൻ സ‌്കോർ നേടാനാകുന്നില്ല. പ്രഹരശേഷിയും കുറവാണ‌്.

കഴിഞ്ഞ വർഷം സെപ‌്തംബറിലാണ‌് ഷമി അവസാനമായി ഏകദിനം കളിച്ചത‌്. തുടർന്ന‌് പരിക്കും ഫോമില്ലായ‌്മയും ഷമിയെ തളർത്തി. ഐപി‌എലിലും തിളങ്ങാനായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ‌്റ്റ‌് പരമ്പരയിലും വിൻഡീസുമായുള്ള ആദ്യ ടെസ‌്റ്റിലും ഷമി നല്ല ബൗളിങ‌് പ്രകടനം പുറത്തെടുത്തു.

ടീം: വിരാട‌് കോഹ‌്‌ലി (ക്യാപ‌്റ്റൻ), രോഹിത‌് ശർമ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, മനീഷ‌് പാണ്ഡെ, ഋഷഭ‌് പന്ത‌്, ധോണി, ലോകേഷ‌് രാഹുൽ, രവീന്ദ്ര ജഡേജ, കുൽദീപ‌് യാദവ‌്, മുഹമ്മദ‌് ഷമി, ഖലീൽ അഹമ്മദ‌് ശർദുൾ താക്കൂർ, യുശ‌്‌വേന്ദ്ര ചഹാൽ.


പ്രധാന വാർത്തകൾ
Top