21 October Sunday

പാക്‌‐ഓസീസ്‌ ഒന്നാം ടെസ്‌റ്റ്‌ സമനില ഖവാജ നയിച്ചു, ഓസീസ‌് ചെറുത്തു

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018


ദുബായ‌്
ഉസ‌്മാൻ ഖവാജയുടെ ചെറുത്തുനിൽപ്പിനുമുന്നിൽ പാകിസ്ഥാന്റെ വിജയമോഹം കെട്ടു. പാകിസ്ഥാനെതിരായ ഒന്നാം ടെസ‌്റ്റിൽ ഓസ‌്ട്രേലിയക്ക‌് ആവേശ സമനില. പാകിസ്ഥാൻ ഉയർത്തിയ 462 ലക്ഷ്യത്തിേേലക്ക‌് ബാറ്റ‌് ചെയ‌്ത ഒാസീസ‌് 142 ഓവറുകൾ അതിജീവിച്ചു. എട്ടിന‌് 362 റണ്ണെന്ന നിലയിൽ കളി അവസാനിപ്പിച്ചു. അവസാന ദിനം സ‌്പിന്നർമാരുടെ തന്ത്രങ്ങളിൽ എളുപ്പത്തിൽ ജയം നേടാമെന്ന പാക‌് മോഹത്തെ ഓരോ നിമിഷവും ഓസീസ‌് ഇല്ലാതാക്കുകയായിരുന്നു. 302 പന്തുകൾ നേരിട്ട‌് 141 റണ്ണെടുത്ത ഖവാജയായിരുന്നു ഓസീസിന്റെ വീരൻ. കൂട്ടിന‌് ക്യാപ‌്റ്റൻ ടിം പെയ‌്നും (219 പന്തിൽ 61*). ഖവാജ പോയിട്ടും പാക‌് ബൗളർമാരെ അവസാനിമിഷംവരെ ചെറുത്തുനിൽക്കാൻ പെയ‌്നുണ്ടായിരുന്നു. ഖവാജയാണ‌് കളിയിലെ കേമൻ. സ‌്കോർ: പാകിസ്ഥാൻ 482, 6–181 ഡി.; ഒാസ‌്ട്രേലിയ 202, 8–326.

മാസങ്ങൾക്ക‌് മുമ്പ‌് ലോക ക്രിക്കറ്റിൽ നിറംകെട്ടുപോയ നിമിഷമുണ്ടായിരുന്നു ഒാസീസിന‌്. പന്ത‌് ചുരണ്ടിയതിന‌് ക്യാപ‌്റ്റൻ സ‌്റ്റീവൻ സ‌്മിത്തും ഡേവിഡ‌് വാർണറും കാമറൂൺ ബാങ്ക്രോഫ‌്റ്റും വിലക്കിലായ സംഭവം. ദക്ഷിണാഫ്രിക്കയ‌്ക്കെതിരെ കേപ‌്ടൗണിൽ നടന്ന ആ ടെസ‌്റ്റിനുശേഷം ഓസീസ‌് വീറുകാട്ടിയിട്ടില്ല. അടുത്ത ടെസ‌്റ്റിൽ ദക്ഷിണാഫ്രിക്കയോട‌് കൂറ്റൻ തോൽവി ഏറ്റുവാങ്ങി. തുടർന്ന‌് ഏകദിന, ട്വന്റി–20 മത്സരങ്ങളിലും മികവുകാട്ടാനായില്ല. ദുബായിയിൽ പാകിസ്ഥാനെതിരെ തുറിച്ചുനോക്കിയ തോൽവിയെ ഓസീസ‌് ചെറുത്തുനിൽപ്പുകൊണ്ട‌് തള്ളിമാറ്റി. വിജയംപോലെ ഓസീസ‌് അത‌് ആഘോഷിക്കുകയും ചെയ‌്തു.

പാകിസ്ഥാൻ ആധിപത്യം നേടിയ മത്സരത്തിൽ ഓസീസിന്റെ ചെറുത്തുനിൽപ്പ‌് അത്ഭുതകരമായിരുന്നു. മൂന്നിന‌് 130 റണ്ണെന്ന നിലയിലാണ‌് അഞ്ചാംദിനം ഓസീസുകാർ കളി തുടങ്ങിയത‌്. ആദ്യ മണിക്കൂർ അവർ അതിജീവിച്ചു. ഖവാജയും ട്രാവിസ‌് ഹെഡും ക്ഷമയോടെ ക്രീസിൽനിന്നു. ഉച്ചഭക്ഷണത്തിന‌് പിരിയാൻ രണ്ടോവർ ശേഷിക്കെ ഹെഡിനെ (72) വിക്കറ്റിന‌് മുന്നിൽ കുരുക്കി മുഹമ്മദ‌് ഹഫീസ‌് പാകിസ്ഥാന‌് പ്രതീക്ഷ നൽകി. തുടർന്നെത്തിയ മാർനസ‌് ലബുഷെയ‌്ൻ (13) പെട്ടെന്ന‌് മടങ്ങി. പാകിസ്ഥാൻ ജയം സ്വപ‌്നംകണ്ടു. പക്ഷേ, ഖവാജയ‌്ക്ക‌് കൂട്ടായി പെയ‌്ൻ എത്തിയതോടെ പാക‌് ബൗളർമാരുടെ പിടി അയഞ്ഞു. ഇരു സംഘവും സമനിലതന്നെ കണക്കുകൂട്ടി.

അവസാന ഒരു മണിക്കൂറിൽ വീണ്ടും കളിയുടെ ദിശമാറി. അതുവരെ ഒതുങ്ങിനിന്ന സ‌്പിന്നർ യാസിർ ഷാ ആഞ്ഞടിച്ചു. ആദ്യം ഖവാജ, പിന്നെ മിച്ചെൽ സ‌്റ്റാർക‌് (1), പീറ്റർ സിഡിൽ (0) യാസിറിന്റെ ഇരകളായി. 12 ഓവർ ശേഷിക്കെ ഓസീസിന്റെ എട്ട‌് വിക്കറ്റുകൾ വീണു. പാകിസ്ഥാൻ ജയത്തിന‌് രണ്ട‌് വിക്കറ്റ‌് അകലെ. യാസിറും ബിലാൽ ആസിഫും ആവേശത്തോടെ പന്തെറിഞ്ഞുകൊണ്ടിരുന്നു. പെയ‌്നും കൂട്ടിനുണ്ടായിരുന്ന നതാൻ ല്യോണും (34 പന്തിൽ 5*) വിട്ടുകൊടുത്തില്ല. മൂളിപ്പറന്ന പന്തുകളെ അവർ തഴുകിയിട്ടു. പാകിസ്ഥാൻ നിരാശയോടെ സമനില മൂളി.


പ്രധാന വാർത്തകൾ
Top