21 July Saturday

ഇന്ത്യ ഇന്ന് ഘാനയ്ക്കെതിരെ

എം പ്രശാന്ത്Updated: Thursday Oct 12, 2017


ന്യൂഡല്‍ഹി >  കൌമാര ലോകകപ്പില്‍ ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിന്. ആഫ്രിക്കന്‍ കരുത്തരായ ഘാനയാണ് എതിരാളികള്‍. ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ കന്നിവിജയത്തിനായി ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ സര്‍വവും മറന്നുള്ള മാസ്മരിക പ്രകടനത്തിനാണ് നായകന്‍ അമര്‍ജിത്ത് കിയാമും സംഘവും ഒരുങ്ങുന്നത്. അമേരിക്കയ്ക്കും കൊളംബിയക്കുമെതിരായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ കൌമാരക്കാര്‍ക്ക് ഭാവിയിലെ ലോകവേദികളില്‍ സ്ഥിരസാന്നിധ്യമാകും തങ്ങളെന്ന് ഫുട്ബോള്‍ ലോകത്തെ വിളിച്ചറിയിക്കേണ്ടതുണ്ട്.

ഗ്രൂപ്പ് എയില്‍ നിലവില്‍ പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ് ഇന്ത്യ. രണ്ട് ജയങ്ങളുമായി ആറുപോയിന്റോടെ യുഎസ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മൂന്ന് പോയിന്റ് വീതമുള്ള ഘാനയും കൊളംബിയയും അവസാന മത്സരം ജയിച്ച് പ്രീക്വാര്‍ട്ടറില്‍ ഇടംനേടാന്‍ കിണഞ്ഞുശ്രമിക്കും. ഘാനയ്ക്കെതിരായി നാലു ഗോളിന്റെയെങ്കിലും വ്യത്യാസത്തില്‍ വിജയിച്ചാല്‍ മാത്രമാണ് ഇന്ത്യയ്ക്ക് നേരിയ സാധ്യതയെങ്കിലുമുള്ളത്. ഇതോടൊപ്പം കൊളംബിയ വലിയ മാര്‍ജിനില്‍ യുഎസിനോട് തോല്‍ക്കുകയും വേണം.

അണ്ടര്‍ 17ല്‍ രണ്ടുവട്ടം ലോകചാമ്പ്യന്‍മാരാണ് ഘാന. രണ്ടുവട്ടം റണ്ണറപ്പുമായി. എതിരാളികളുടെ ഈ പാരമ്പര്യമൊന്നും ഇന്ത്യ പ്രശ്നമാക്കിയിട്ടില്ല. വിജയം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങുന്നതെന്ന് കോച്ച് ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റോസ് നിര്‍ണായക മത്സരത്തിന് മുമ്പായി മാധ്യമങ്ങളോട് പറഞ്ഞു. ശാരീരികമായും മാനസികമായും ഘാന വെല്ലുവിളി തന്നെയാണ്. വളരെ വേഗത്തില്‍ കളിക്കുന്നവര്‍. വിജയം ഉറപ്പിക്കുന്നതിന് കളത്തില്‍ പൂര്‍ണമായും നിറഞ്ഞുനില്‍ക്കേണ്ടി വരും. വെല്ലുവിളി ഏറ്റെടുക്കാന്‍ കുട്ടികള്‍ തയ്യാറായി കഴിഞ്ഞു. എല്ലാംമറന്ന് കളിക്കും. ചരിത്രം സൃഷ്ടിക്കുകയാണ് ലക്ഷ്യം- നോര്‍ട്ടണ്‍ പറഞ്ഞു.

നല്ല പോരാട്ടം കാഴ്ചവയ്ക്കുമെന്ന് ക്യാപ്റ്റന്‍ അമര്‍ജിത്ത് സിങും പറഞ്ഞു. ഇത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. അടുത്ത റൌണ്ട് ലക്ഷ്യമിട്ട് സര്‍വവും മറന്ന് കളിക്കും. കാണികളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു- അമര്‍ജിത്ത് പറഞ്ഞു. ഇന്ത്യയുമായുള്ള കളി നിര്‍ണായകം തന്നെയാണെന്ന് ഘാന കോച്ച് സാമുവല്‍ ഫാബിന്‍ പറഞ്ഞു. ഇന്ത്യയുടേത് മികച്ച ടീമാണ്. യുഎസിനെതിരായി ഒട്ടനവധി അവസരങ്ങള്‍ പാഴാക്കി. ആ പിഴവുകള്‍ ആവര്‍ത്തിക്കാതെ കൃത്യതയുള്ള കളി കാഴ്ചവയ്ക്കും- ഫാബിന്‍ പറഞ്ഞു.

കൊളംബിയക്കെതിരായി സ്വീകരിച്ച 4-4-1-1 ശൈലി തന്നെയാകും ഇന്ത്യ തുടരുക. പ്രതിരോധത്തില്‍ അന്‍വര്‍ അലിയും നമിത് ദേശ്പാണ്ഡെയും ബോറിസ് സിങും സഞ്ജീസ് സ്റ്റാലിനും അണിനിരക്കും. ക്യാപ്റ്റന്‍ അമര്‍ജിത്ത്, ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോളിന് ഉടമയായ ജീക്സണ്‍ സിങ് എന്നിവരെ മധ്യനിരയില്‍ ഉറപ്പിക്കാം. വലതുവിങ്ങില്‍ നിന്‍തോയിന്‍ഗാന്‍ബയും ഇടതുവിങ്ങില്‍ കെ പി രാഹുലിനുമാണ് സാധ്യത. അറ്റാക്കിങ് മിഡ്ഫീല്‍ഡറായി അഭിജിത്ത് സര്‍ക്കാരും മുന്നേറ്റത്തില്‍ റഹീം അലിയുമുണ്ടാകും. അമേരിക്കയ്ക്കെതിരെ മികച്ചപ്രകടനം കാഴ്ചവച്ച കോമള്‍ തട്ടാല്‍ ആദ്യ 11ല്‍ ഉണ്ടാകുമോയെന്ന് വ്യക്തമല്ല.

ഘാന നിരയില്‍ മുന്നേറ്റത്തില്‍ കളിക്കുന്ന ക്യാപ്റ്റന്‍ എറിക് അയായും അമിനു മുഹമദും ഇന്ത്യന്‍ പ്രതിരോധത്തിന് വെല്ലുവിളിയാകും. മധ്യനിരയില്‍ വേഗത്തില്‍ കുതിക്കുന്ന സാദിക്ക് ഇബ്രാഹിമും ഭീഷണിയാണ്. പ്രതിരോധത്തില്‍ ഉറച്ചുകൊണ്ട് വേഗത്തിലുള്ള  പ്രത്യാക്രമണങ്ങള്‍ക്കാവും ഇന്ത്യ ശ്രമിക്കുക.

പ്രധാന വാർത്തകൾ
Top