Top
16
Saturday, December 2017
About UsE-Paper

ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

ഗുവാഹത്തി > അമീന്‍ ഗുറിയുടെ ഇരട്ടഗോളില്‍ ജപ്പാനെ കീഴടക്കി ഫ്രാന്‍സ് അണ്ടര്‍ 17 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ (2-1). രണ്ടുകളിയില്‍ നാലുഗോള്‍ സ്വന്തമാക്കിയ ഗുറി ഗോള്‍പട്ടികയില്‍ മുന്നിലെത്തി.

കെയ്റ്റോ നകാമുറയുടെ ഹാട്രിക്കിന്റെ ബലത്തില്‍ ഹോണ്ടുറാസിനെ 6-1ന് വീഴ്ത്തിയ ഏഷ്യന്‍ കരുത്തര്‍ക്ക് യൂറോപ്യന്‍ വമ്പന്‍മാര്‍ക്ക് മുന്നില്‍ കാലിടറി. നീലപ്പട ആദ്യമിനിറ്റുകളില്‍ തന്നെ ജപ്പാന്‍ ഗോള്‍മുഖം വിറപ്പിച്ചു.

എസി മിലാനും ലിവര്‍പൂളും ഇതിനകം നോട്ടമിട്ടുകഴിഞ്ഞ ഗുറിയുടെ പ്രതിഭ വ്യക്തമാക്കുന്നതായിരുന്നു ആദ്യഗോള്‍. മാക്സിന്‍ കാക്വറെറ്റില്‍നിന്ന് പന്ത് സ്വീകരിച്ച ഗുറിയുടെ വലംകാലനടി ജപ്പാന്‍ വലയില്‍ തുളഞ്ഞുകയറി.

പന്തടക്കത്തില്‍ മികവുകാട്ടിയ ജപ്പാന്‍ ഇടയ്ക്ക് പ്രത്യാക്രമണത്തിനു ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. കഴിഞ്ഞകളിയിലെ ഹാട്രിക് പ്രകടനത്തിന്റെ നിഴലായി മാറിയ നകാമുറയെ രണ്ടാംപകുതിയില്‍ പിന്‍വലിക്കുകയുംചെയ്തു.

അഡ്ലി-ഗുറി കൂട്ടുകെട്ടില്‍നിന്നാണ് രണ്ടാംഗോള്‍ പിറന്നത്. ജപ്പാന്‍ ബോക്സിനുപുറത്തുനിന്ന് അതിവേഗ പാസുകളിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ലക്ഷ്യംവച്ച ഗുറിക്ക് പിഴച്ചില്ല.

രണ്ടുമിനിറ്റിനകം ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് തായ്സെ മിയാഷിറോ ജപ്പാന്റെ ആശ്വാസഗോള്‍ നേടി. ജപ്പാന്‍ മെസിയെന്ന് വിളിപ്പേരുള്ള സൂപ്പര്‍താരം തകേഫുസ കുബോയെ സമര്‍ഥമായി കുരുക്കിയിട്ട ഫ്രഞ്ച് പ്രതിരോധതാരം വില്യം ബിയാന്‍ഡയുടെ പിഴവില്‍നിന്നായിരുന്നു പെനല്‍റ്റി.

Categories