17 November Saturday

ടെന്നീസിൽ ലിംഗവിവേചനം, വംശീയത; വിവാദം മുറുകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018

ന്യൂയോർക്ക് > യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിനു പിന്നാലെ അമേരിക്കൻ താരം സെറീന വില്യംസിനെ അധിക്ഷേപിച്ച കാർട്ടൂൺ വിവാദമായി. കാർട്ടൂണിൽ വംശീയ ആക്ഷേപമുണ്ടെന്നാണ് ആരോപണം.

ഓസ്ട്രേലിയൻ പത്രം ഹെറാൾഡ് സണ്ണിലാണ് വിവാദ കാർട്ടൂൺ. അതിനിടെ ടെന്നീസിൽ ലിംഗവിവേചനം കൂടുകയാണെന്ന ആരോപണങ്ങൾ ശക്തമായി. വനിതാ സിംഗിൾസ് ഫൈനലിൽ നവോമി ഒസാക്കയ്ക്കെതിരായ മത്സരത്തിലായിരുന്നു വിവാദങ്ങളുടെ തുടക്കം. പരിശീലകന്റെ നിർദേശം കളത്തിൽവച്ച് സെറീന സ്വീകരിച്ചു എന്ന കാരണത്താൽ അമ്പയർ കാർലോസ് റാമോസ് താക്കീത് നൽകി. നിർദേശം സ്വീകരിച്ചില്ലെന്ന് സെറീന വ്യക്തമാക്കി. അമ്പയറോട് തർക്കിച്ചു. പിന്നാലെ സെറീന റാക്കറ്റ് എറിഞ്ഞുടച്ചു. അമ്പയർ ഒരു പോയിന്റ് പെനൽറ്റി വിധിച്ചു. അമ്പയറെ കള്ളനെന്നും നുണയനെന്നും സെറീന വിളിച്ചു. ഇത്തവണ ഒരു ഗെയിമാണ് പെനൽറ്റി വിധിച്ചത്. മത്സരശേഷം സെറീന ആഞ്ഞടിച്ചു. ടെന്നീസിൽ ലിംഗവിവേചനം നിലനിൽക്കുന്നുവെന്നായിരുന്നു ഈ മുപ്പത്താറുകാരിയുടെ ആരോപണം. ഇത്തരം പെരുമാറ്റത്തിന് പുരുഷന്മാർ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം.

ഇതിനുപിന്നാലെയാണ് സെറീനയെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള കാർട്ടൂൺ. കളത്തിൽ റാക്കറ്റ് തകർത്ത് അലറുന്ന രൂപമായാണ് സെറീനയെ ചിത്രീകരിച്ചിരിക്കുന്നത്. വലയ്ക്കരികെ അമ്പയർ ഒസാക്കയോട് 'അവളെ ജയിക്കാൻ അനുവദിച്ചുകൂടെ?' എന്ന് ചോദിക്കുന്നതുമാണ് കാർട്ടൂൺ. ഇതിൽ ഒസാക്കയെ വെളുത്ത വർഗക്കാരിയായും അവതരിപ്പിച്ചിട്ടുണ്ട്. സെറീനയെ അധിക്ഷേപിച്ച് വരച്ചതല്ലെന്നായിരുന്നു കാർട്ടൂണിസ്റ്റ് മാർക് നൈറ്റിന്റെ വാദം.

പക്ഷേ, ഇത് കൃത്യമായ വംശീയ അധിക്ഷേപമാണെന്ന് മുൻ കളിക്കാരും എഴുത്തുകാരുമുൾപ്പെടെയുള്ളവർ പ്രതികരിച്ചു. ലോകത്തിലെ ഏറ്റവുംമികച്ച വനിതാ കായികതാരത്തെ വംശീയമായും ലിംഗപരമായും അവഹേളിക്കുന്നതാണ് ഈ കാർട്ടൂണെന്നായിരുന്നു ബ്രിട്ടീഷ് എഴുത്തുകാരി ജെ കെ റൗളിങ്ങിന്റെ പ്രതികരണം.

ഇതാദ്യമായല്ല സെറീനയ്ക്കെതിരെ ഈ അധിക്ഷേപമുണ്ടാകുന്നത്.  ഈ വർഷംതന്നെ ഫ്രഞ്ച് ഓപ്പണിൽ സെറീനയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി. സെറീന ഇറുകിപ്പിടിക്കുന്ന വസ്ത്രം ധരിച്ചുകളിക്കുന്നത് അനുവദിക്കില്ലെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ തലവൻ ബെർണാഡ് ഗുയ്ദിസെല്ലി പറഞ്ഞിരുന്നു.

ടെന്നീസിൽ ഈ വർഷം രണ്ടാംതവണയാണ് ലിംഗവിവേചനത്തിന്റെ പേരിൽ വിവാദമുണ്ടാകുന്നത്. യുഎസ് ഓപ്പണിൽതന്നെയാണ് ആദ്യ സംഭവം. ഫ്രഞ്ചുകാരി ആലീസ് കോർണറ്റ് കളത്തിൽവച്ച് മേൽവസ്ത്രം മാറിയതിന് അമ്പയർ താക്കീത് നൽകി. ഇടവേളയ്ക്കുശേഷം താൻ തെറ്റായ രീതിയിലാണ് വസ്ത്രമിട്ടതെന്ന് തിരിച്ചറിഞ്ഞ കോർണറ്റ് അത് ഊരി തിരിച്ചിടുകയായിരുന്നു. സംഭവത്തിൽ താക്കീത് നൽകിയതിന് യുഎസ് ഓപ്പൺ ഫെഡറേഷൻ ഖേദം പ്രകടിപ്പിച്ചു.
 


പ്രധാന വാർത്തകൾ
Top