20 September Thursday

ഇംഗ്ലണ്ട്‌ പിടിമുറുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

ഇന്ത്യയുമായുള്ള രണ്ടാം ടെസ്‌റ്റിൽ ഇംഗ്ലണ്ട്‌ ബാറ്റ്‌സ്‌മാൻ ജോണി ബെയർസ്‌റ്റോ ബൗണ്ടറി പായിക്കുന്നു


ലോർഡ്സ്
മഴ മാറി ആകാശം തെളിഞ്ഞപ്പോൾ ലോർഡ്സിൽ ഇംഗ്ലണ്ടിന്റെ  സർവാധിപത്യം. രണ്ടാംദിനം പന്തുകൊണ്ട് വമ്പുകാട്ടിയ ഇംഗ്ലീഷുകാർ രണ്ടാംടെസ്റ്റിന്റെ മൂന്നാംദിനം ബാറ്റ്കൊണ്ടും ഇന്ത്യയെ ശിക്ഷിച്ചു.അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 315 റണ്ണാണ്‌ അവർ അടിച്ചുകൂട്ടിയത്‌. ക്രിസ്‌ വോക്‌സും (105) ജോണി ബെയർസ്‌റ്റോയും (93) ഇന്ത്യൻ  ബൗളർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. രണ്ടുദിനം ശേഷിക്കെ ഇംഗ്ലണ്ടിന് 208റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 107നാണ് അവസാനിച്ചത്. സ്കോർ: ഇന്ത്യ 107, ഇംഗ്ലണ്ട് 5‐315.

ജയിംസ് ആൻഡേഴ്സണും ക്രിസ് വോക്സും നിറഞ്ഞാടിയ പിച്ചിൽ മൂന്നാംദിനം ഇന്ത്യൻ പേസർമാർക്ക് വേണ്ടത്ര പിന്തുണകിട്ടിയില്ല. എങ്കിലും ആദ്യഘട്ടത്തിൽ ആഞ്ഞടിച്ച് ഇംഗ്ലണ്ടിനെ 4‐89 റണ്ണെന്ന നിലയിലേക്ക് തള്ളിവിടാൻ പേസർമാർക്ക് കഴിഞ്ഞു. ശേഷം പിടിയയഞ്ഞു. ബെയർസ്റ്റോയും വോക്സും  ഇംഗ്ലണ്ടിന്റെ ലീഡുയർത്തി. ആറാം വിക്കറ്റിൽ ഇരുവരും 184 റണ്ണിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.

വെയിൽതെളിഞ്ഞതിനാൽ ലോർഡ്സിലെ പിച്ചിൽ മൂന്നാംദിനം ഈർപ്പമുണ്ടായില്ല. ഇംഗ്ലീഷ് പേസർമാർക്ക് കിട്ടിയ ആനുകൂല്യം ഇന്ത്യൻ പേസർമാർക്കുണ്ടായില്ല. തുടക്കത്തിൽ ഓപ്പണർമാരായ അലസ്റ്റയർക്കും (21) കീറ്റൺ ജെനിങ്സും (11) ചേർന്ന് എളുപ്പത്തിൽ റണ്ണെടുത്തു. എന്നാൽ ഷമിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി ജെനിങ്സ് മടങ്ങിയതോടെ ഇംഗ്ലണ്ട് ഇളകി. തൊട്ടടുത്ത ഓവറിൽ ഇശാന്തിന്റെ മനോഹരമായ പന്ത് കുക്കിന്റെ ബാറ്റിന് അരികിൽതട്ടി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കൈകളിലൊതുങ്ങി.

അരങ്ങേറ്റക്കാരൻ ഒല്ലീ പോപ് ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. ക്യാപ്റ്റൻ ജോ റൂട്ട് താളംകണ്ടെത്തിയില്ല. പരിഭ്രമത്തോടെ ഇംഗ്ലീഷ് ക്യാപ്റ്റൻ തുടങ്ങി. പോപ് ഇശാന്തിനെയും ഷമിയെയും അനായാസംനേരിട്ടു. സ്പിന്നർ കുൽദീപ് യാദവിനെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. പേസർ ഉമേഷ് യാദവിനെ മാറ്റി കുൽദീപിനെ കളിപ്പിക്കാനുള്ള തീരുമാനം അമ്പേ പാളി. കുൽദീപിനെ റൂട്ടും ശിക്ഷിച്ചു. ഈ കൂട്ടുകെട്ട് അപകടകരമായി മുന്നേറുന്നതിനിടെയാണ് ഹാർദിക് പാണ്ഡ്യ പോപിനെ വിക്കറ്റിന് മുന്നിൽ കുരുക്കുന്നത്. ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് റൂട്ടിനെ ഷമിയും എൽബിയിൽ കുരുക്കി.

ബെയർസ്റ്റോയും ജോസ് ബട്ലറും ഒന്നിച്ചതോടെ ഇംഗ്ലണ്ട് വേഗത്തിൽ റണ്ണെടുക്കാൻ തുടങ്ങി. ഇശാന്തിന്റെയും ഷമിയുടെയും ഓവറുകളിൽ ബൗണ്ടറികൾ പാഞ്ഞു. ക്യാപ്റ്റൻ വിരാട് കോഹ്ലി അസ്വസ്ഥനായി. ഇടയ്ക്ക് പാണ്ഡ്യക്കും കുൽദീപിനും പന്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. അശ്വിനെയും പരീക്ഷിച്ചു. 22 പന്തിൽ 24 റണ്ണെടുത്ത ബട്ലർ ഷമിക്കുമുന്നിൽ കീഴടങ്ങി. ഇന്ത്യ ആശ്വസിച്ചു. പക്ഷേ, ആ ആശ്വാസം അധികം നീണ്ടുനിന്നില്ല. ബെയർസ്റ്റോ‐വോക്സ് സഖ്യം ഇന്ത്യൻ പ്രതീക്ഷകളെ തല്ലിച്ചതച്ചു.

പ്രധാന വാർത്തകൾ
Top