21 July Saturday

വേഗവും ദൂരവും വേര്‍പിരിയുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2017

സര്‍ മുഹമ്മദ് മുക്താര്‍ ജമാ ഫറാ
രാജ്യം: ബ്രിട്ടന്‍
വയസ്സ്: 34
ജനനം: 23 മാര്‍ച്ച് 1983, മൊഗാദിഷു, സൊമാലിയ

പ്രിയപ്പെട്ട ഇനങ്ങള്‍: 1500 മീ., 3000 മീ., 5000 മീ., 10,000 മീ., ഹാഫ് മാരത്തണ്‍, മാരത്തണ്‍
* ലോക ചാമ്പ്യന്‍ഷിപ്: 6, (2007, 2009, 2011, 2013, 2015, 2017)
മെഡലുകള്‍: സ്വര്‍ണം 5000- 3, 10,000- 3, വെള്ളി 1000-1
* ഒളിമ്പിക്സ്: 3 (2008, 2012, 2016).
മെഡലുകള്‍: 5000-സ്വര്‍ണം 1, 10,000- സ്വര്‍ണം 2
* യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്: 3 (2010, 2012, 2014)
മെഡലുകള്‍:  5000 സ്വര്‍ണം- 3, 10,000- സ്വര്‍ണം 3
* റെക്കോഡുകള്‍
ഔട്ട്ഡോര്‍: * 1500 മീ. യൂറോപ്യന്‍ റെക്കോഡ് 3:28.81 മിനിറ്റ് (2013)
* 3000 മീ. ദേശീയ റെക്കോഡ് 7:32.62 മിനിറ്റ് * 5000 മീ. ദേശീയ റെക്കോഡ് 12:53.11 മിനിറ്റ് * 10000 മീ. ദേശീയ റെക്കോഡ് 26:46.11 മിനിറ്റ്
ഇന്‍ഡോര്‍: * 2 മൈല്‍: ലോകറെക്കോഡ് 8:03.40 മിനിറ്റ് (2015) റോഡ്: * ഹാഫ് മാരത്തണ്‍: യൂറോപ്യന്‍ റെക്കോഡ് 59:32.20 (2015 ലിസ്ബണ്‍)

കാര്‍ മെക്കാനിക്ക്, അല്ലെങ്കില്‍ അഴ്സണലിന്റെ വലതുവിങ് കളിക്കാരന്‍. മോ ഫറായുടെ സ്വപ്നങ്ങളായിരുന്നു അവ. പക്ഷേ, ഐല്‍വര്‍ത്ത് ആന്‍ഡ് സ്യോണ്‍ സ്കൂളിലെ കായികാധ്യാപകന്‍ അലന്‍ വാറ്റ്കിന്‍സണ്‍ അന്നത്തെ മെലിഞ്ഞു കൊലുന്നനെയുള്ള പയ്യന്റെ ഓട്ടത്തിലെ മിടുക്ക് കണ്ടറിഞ്ഞു. ലോകം മുഴുവന്‍ കീഴടക്കിയ അന്നത്തെ 10 വയസ്സുകാരന്‍ ഇന്ന് ലോകചാമ്പ്യന്‍ഷിപ്പില്‍ അവസാന അങ്കത്തിനിറങ്ങും. 5000 മീറ്ററില്‍ സ്വര്‍ണം നേടിയാല്‍ അപൂര്‍വമായ ഇരട്ടസ്വര്‍ണത്തിന്റെ ഹാട്രിക് തികച്ച് ഫറാ ട്രാക്കിനോട് വിടപറയും.

സൊമാലിലാന്‍ഡിലെ മൊഗാദിഷുവില്‍ ജനിച്ച് ലണ്ടനിലേക്ക് കുടിയേറിയ ഫറാ 13-ാം വയസ്സിലാണ് സ്കൂള്‍തലത്തില്‍ മത്സരിച്ചത്. ക്രോസ്കണ്‍ട്രിയില്‍ ഫിനിഷ്ചെയ്തത് ഒമ്പതാം സ്ഥാനത്ത്. അടുത്തവര്‍ഷം ഒന്നാമതെത്തിയാല്‍ ഫറായുടെ പ്രിയപ്പെട്ട ഫുട്ബോള്‍ ക്ളബ്ബായ അഴ്സണലിന്റെ ജഴ്സി സമ്മാനം നല്‍കാമെന്ന് വാറ്റ്കിന്‍സണ്‍ വാക്കുനല്‍കി. പിറ്റേ വര്‍ഷത്തെ ദേശീയ മെഡലുകളില്‍ അഞ്ചെണ്ണം സ്വന്തം പേര്‍ക്ക് കുറിച്ച് ഫറാ ട്രാക്കില്‍ വരവറിയിച്ചു. പിന്നെ ലോകത്തിന്റെ അറ്റത്തേക്ക് കണ്ണയച്ചു.
2001ല്‍ ജൂനിയര്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററില്‍ സ്വര്‍ണംനേടിയ ഫറായ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ട്വിക്കെന്‍ഹാമിലെ സെന്റ് മേരീസ് യൂണിവേഴ്സിറ്റി കോളേജിലെ പ്രത്യേക അത്ലറ്റിക് സെന്ററിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ 5000 മീറ്ററില്‍ ബ്രിട്ടന്റെ മികച്ച രണ്ടാമത്തെ സമയം കുറിച്ച് മികവു തെളിയിച്ചു. 13 മിനിറ്റ് 9.43 സെക്കന്‍ഡില്‍ ഡേവ് മൂര്‍ക്രോഫ്റ്റിന് പിറകില്‍. ഒരുമാസത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി വന്‍കരയിലെ പ്രകടനത്തിന് തുടക്കമിട്ടു.

എന്നാല്‍ 2007ലെ ഒസാക ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഫറായ്ക്ക് നിരാശയായിരുന്നു ഫലം. 5000 മീറ്ററില്‍ 13 മിനിറ്റ് 47. 54 സെക്കന്‍ഡില്‍ ആറാംസ്ഥാനത്ത് മാത്രമാണ് ബ്രിട്ടീഷ് ചാമ്പ്യന് ഓടിയെത്താനായത്. 2008ലെ ഒളിമ്പിക്സിലും ഫറായ്ക്ക് മെഡല്‍ പട്ടികയില്‍ എത്താനായില്ല.

നിരാശനായെങ്കിലും കരുത്തനായി ഫറാ തിരിച്ചുവന്നു. 2009ലെ ജനുവരിയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടുതവണ 3000 മീറ്ററിലെ ദേശീയ റെക്കോഡ് തകര്‍ത്തു. രണ്ടുമാസം കഴിഞ്ഞ് യൂറോപ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 7:40.17 മിനിറ്റില്‍ റെക്കോഡ് സ്വര്‍ണവും കുറിച്ചു. 2009 ലോകചാമ്പ്യന്‍ഷിപ്പില്‍ ഒരിക്കല്‍ക്കൂടി ഫറയ്ക്ക് മെഡല്‍നേടാനാകാതെ മടങ്ങേണ്ടിവന്നു. അത് അവസാനത്തേതായിരുന്നു. പിന്നെയുള്ള ലോകചാമ്പ്യന്‍ഷിപ്പുകളില്‍ 5000 മീറ്ററിലും 10,000 മീറ്ററിലും സ്വര്‍ണനിറത്തിനുനേരെ ഫറയുടെ പേരു മാത്രമായിരുന്നു.

യുസൈന്‍ സെന്റ് ലിയോ ബോള്‍ട്ട്
രാജ്യം: ജമൈക്ക
വയസ്സ്: 30
ജനനം: ഷെര്‍വുഡ് കണ്ടന്റ്, 1986, ആഗസ്ത് 21
ഉയരം: 1.95 മീറ്റര്‍
ഭാരം : 94 കിലോ

പ്രിയപ്പെട്ട ഇനങ്ങള്‍: 100 മീ., 200 മീ., 4-100 മീ. റിലേ
ലോക റെക്കോഡുകള്‍:
* 100 മീ. 9.58 സെ. (ബെര്‍ലിന്‍ 2009)
* 150 മീ. 14.35 സെ. (മാഞ്ചസ്റ്റര്‍ 2009)
* 200 മീ. 19.19 സെ. (ബെര്‍ലിന്‍ 2009)
* 4-100 മീ. റിലേ 36.84 (2012 ലണ്ടന്‍)
ഒളിമ്പിക് റെക്കോഡുകള്‍:
* 100 മീ. 9.63 സെ. (ലണ്ടന്‍ 2012)
* 200 മീ. 19.30 സെ. (ബീജീങ് 2008)
* 4-100 മീ. റിലേ 36.84 (ലണ്ടന്‍ 2012)
* ലോക ചാമ്പ്യന്‍ഷിപ്:
2007, 2009, 2011, 2013, 2015, 2017.
മെഡലുകള്‍:
* 100 മീ.- 3 സ്വര്‍ണം, ഒരു വെങ്കലം
* 200 മീ.- 4 സ്വര്‍ണം, ഒരു വെള്ളി
* 4-100 മീ. റിലേ- 4 സ്വര്‍ണം, ഒരു വെള്ളി
ഒളിമ്പിക്സ്: 2008, 2012, 2016
മെഡലുകള്‍:
* 100 മീ.- 3 സ്വര്‍ണം
* 200 മീ.-3 സ്വര്‍ണം
* 4-100 മീ. റിലേ. 2 സ്വര്‍ണം

ഇന്നു രാത്രി 2.20. തെളിഞ്ഞ ദീപങ്ങള്‍ക്കു നടുവിലൂടെ യുസൈന്‍ ബോള്‍ട്ട് വരും. അവസാനമായി ട്രാക്കില്‍ തൊടും. അവസാനമായി വെടിയൊച്ച കേള്‍ക്കും. അവസാന ലാപ്പില്‍ ഓടും... അവസാനിക്കുകയാണ് ഒരു ഇതിഹാസം. ഇന്നാണ് 4-100 മീറ്റര്‍ റിലേ. 'മിന്നല്‍' എന്നു പേരുചാര്‍ത്തപ്പെട്ട ആ മനുഷ്യന്‍ മിന്നലിനും മിന്നുചാര്‍ത്തും. മിന്നിയപ്പോഴെല്ലാം പൊന്നണിഞ്ഞ കൊടുങ്കാറ്റിന്റെ വളര്‍ത്തുപുത്രന്‍. ബാറ്റണുമായി അവസാനവര കടക്കുമ്പോള്‍ ബോള്‍ട്ടിന്റെ അത്ലറ്റിക്സ് ലോകത്തിനുമീതെ യവനിക താഴും. ജമൈക്കയിലെ ഷെര്‍വൂഡ് കണ്ടന്റില്‍നിന്നു തുടങ്ങിയ ആ ഓട്ടത്തിന് ഇന്ന് ലണ്ടനില്‍ ഫിനിഷിങ്. പതിവുള്ള വിജയച്ചിരിയോടെതന്നെ തിരിച്ചിറങ്ങണം ബോള്‍ട്ടിന്. അവസാന വ്യക്തിഗത ഇനത്തില്‍ കൈവിട്ടുപോയ സ്വര്‍ണത്തിന്റെ നിരാശ മറക്കണം.

അത്ലറ്റിക്സ് ചരിത്രത്തില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട താരമാണ് ഇന്ന് ട്രാക്ക് വിടുന്നത്. ബോള്‍ട്ടിന് പകരമില്ല. മരുന്നടിയും വിവാദങ്ങളും നിറഞ്ഞ അത്ലറ്റിക്സില്‍ പ്രതീക്ഷയുടെ ദീപമായിരുന്നു ബോള്‍ട്ട്. ഇതിഹാസം. ലോകത്തിലെ ഏറ്റവും വേഗമേറിയ താരം. ഇന്ന് വിടപറയുന്നു.

100ല്‍ 9.58 സെക്കന്‍ഡ്, 200ല്‍ 19.19 സെക്കന്‍ഡ്. ബോള്‍ട്ട് കുറിച്ചിട്ടുപോകുന്ന സമയം ഇതാണ്. ഈ മാന്ത്രിക സംഖ്യക്ക് അപ്പുറവും ഇപ്പുറവുമാണ് ഇനി അത്ലറ്റിക്സ് ലോകം. ലോകചാമ്പ്യന്‍ഷിപ്പില്‍ ആകെ 11 സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും. ഒളിമ്പിക്സില്‍ എട്ട് സ്വര്‍ണം. കാലുകള്‍ തളര്‍ന്നുതുടങ്ങി. ഇനിയുമോടാന്‍ ആ കാലുകള്‍ക്ക് ബാല്യമില്ല.

അമ്മ ജന്നിഫറാണ് യുസൈന്‍ ബോള്‍ട്ടിനെ ചിരിക്കാന്‍ പഠിപ്പിച്ചത്്. മത്സരസമ്മര്‍ദത്തില്‍ വിറച്ചുനിന്ന്, മുഖം വാടിയ ബോള്‍ട്ടിന്റെ കവിളില്‍ ജന്നിഫര്‍ വരച്ചതാണ് ചിരി. പ്രതിസന്ധികളോട് അങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് ജന്നിഫര്‍ പറഞ്ഞു. കഴിഞ്ഞ ഒരുപതിറ്റാണ്ട് ആ നിറഞ്ഞ ചിരി ലോകം കണ്ടു. ഒസാക്കതൊട്ട് ലണ്ടന്‍വരെയുള്ള ലോകമീറ്റ് വേദികളില്‍. ബീജിങ്മുതല്‍ റിയോവരെയുള്ള ഒളിമ്പിക്സ് മേളകളില്‍. ദൂരങ്ങളെ നിമിഷങ്ങള്‍കൊണ്ട് കീഴടക്കുമ്പോഴും ബോള്‍ട്ട് ചിരിച്ചു.

ദേഗുവില്‍ ഫൌള്‍ സ്റ്റാര്‍ട്ടില്‍ പുറത്തായപ്പോള്‍ ജഴ്സി മുഖത്തേക്ക് വലിച്ചിട്ട്, ചുവപ്പുകാര്‍ഡ്പോലും നോക്കാതെ പോയ ബോള്‍ട്ട്. പിന്നെ 200 മീറ്ററില്‍ തിരിച്ചെത്തുമ്പോള്‍ മറന്നുവച്ച ചിരി മുഖത്തണിഞ്ഞു. ജസ്റ്റിന്‍ ഗാറ്റ്ലിനും ക്രിസ്റ്റ്യന്‍ കോള്‍മാനും പിന്നിലായപ്പോള്‍ ലണ്ടന്‍ ട്രാക്കില്‍ ബോള്‍ട്ടിന്റെ മുഖം വിളറി. പിന്നെ ഗാറ്റ്ലിനെ അനുമോദിക്കുമ്പോള്‍ ആ ചിരി വിടര്‍ന്നു. ഇന്ന്, ആ ചിരി പൂര്‍ണമായിത്തന്നെ വിരിയണം.

 

പ്രധാന വാർത്തകൾ
Top