21 July Saturday

അസ്തമിച്ചു, ഇനി ഉദയമുണ്ടോ?

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

റൊമേലു ലുക്കാക്കു, ഹസാർഡ്‌,ഡി ബ്രയ്‌ൻ


മോസ്കോ
ഹസാർഡിന്റെ ബൂട്ടിൽ പൂ വിരിഞ്ഞില്ല. ഡി ബ്രയ്‌ൻ തളയ്ക്കപ്പെട്ടവനായി. റൊമേലു ലുക്കാക്കുവിന് സ്വപ്നത്തിലേക്ക് പന്തു തട്ടാനായില്ല. ബൽജിയത്തിന്റെ സുവർണതലമുറ ഫ്രാൻസിന്റെ പ്രൊഫഷണൽ ഫുട്ബോളിനുമുന്നിൽ സ്തംഭിച്ചുപോയി. ഇതായിരുന്നില്ല, അവർ ആഗ്രഹിച്ചത്. ഇതായിരുന്നില്ല, അവർ സ്വപ്നംകണ്ടത്. 2018ലെ സ്വർഗം അവർ 2022ൽ പണിയുമോ? അതിന് ഖത്തർ വേദിയാകുമോ?

  നാലുവർഷം കഴിയുമ്പോൾ ഹസാർഡിന് 31 വയസ്സാകും. ഡിബ്രയ്ൻ 31ൽ പന്തുതട്ടും. ലുക്കാക്കുവിന് 29. 1986ലെ നാലാം സ്ഥാനമാണ് ലോകകപ്പിൽ ബൽജിയത്തിന്റെ ഏറ്റവും വലിയ നേട്ടം. അവർ 32 വർഷ മായി കാത്തിരിക്കുകയായിരുന്നു. അതിനായി ഒരുസംഘത്തെ പോറ്റിവളർത്തിയിരുന്നു. അതാണ് ഏറെ പ്രതീക്ഷയുണർത്തിയ 'സുവണതലമുറ'. പക്ഷേ, നിർണായക പോരിൽ പിഴച്ചു.

  പാനമയെ മൂന്നുഗോളിന് തോൽപ്പിച്ച് തുടക്കം ഗംഭീരമായിരുന്നു. ടുണീഷ്യയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോൽപ്പിച്ചതോടെ ബൽജിയത്തെ പേടിക്കണമെന്നായി. ഇരട്ടഗോൾ അടിച്ച ലുക്കാക്കു ലോകകപ്പിന്റെ താരമാകുമെന്നും പ്രവചനമുണ്ടായി. പ്രീക്വാർട്ടറിൽ ആവേശകരമായ പോരാട്ടത്തിൽ ജപ്പാനെ കീഴടക്കി. ക്വാർട്ടറിൽ ബ്രസീലിനെതിരെ ആധികാരിക പോരാട്ടമായിരുന്നു. സെമിയിലേക്ക് മുന്നേറിയതോടെ ബൽജിയം ലോകം കീഴടക്കുമെന്നു പറഞ്ഞുതുടങ്ങി. എന്നാൽ സെമിയിൽ ഫ്രാൻസ് ബൽജിയത്തെ കീഴടക്കി. വിജയം ഒരു ഗോളിനാണെങ്കിലും ഫ്രാൻസിന്റെ വിജയത്തിന് ആധികാരികത ഉണ്ടായിരുന്നു.

  അതേക്കുറിച്ച് ബൽജിയം കോച്ച് റോബർട്ടോ മാർടിനെസ് പറയുന്നതിങ്ങനെ: 'പോരാട്ടം ഒപ്പത്തിനൊപ്പമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം. പക്ഷേ ഭാഗ്യം അവർക്കൊപ്പമായിരുന്നു'. എന്നാൽ ഭാഗ്യം മാത്രമായിരുന്നില്ല ഫ്രാൻസിനൊപ്പം. അവർ കളിച്ചുതന്നെ നേടി. ബൽജിയത്തിന്റെ തന്ത്രങ്ങൾ ഫലപ്രദമായി ഫ്രാൻസ് തടഞ്ഞതാണ് നിർണായകമായത്. ലുക്കാക്കുവിനെയും ഡി ബ്രയ്നെയും തന്ത്രപരമായി പൂട്ടിയ ഫ്രഞ്ചുകാർ അവർക്കുള്ള പന്ത് കൈമാറ്റം പൂർണമായും ഇല്ലാതാക്കി. ഇത് തിരിച്ചറിഞ്ഞ് മറുതന്ത്രം മെനയാൻ ബൽജിയത്തിനായതുമില്ല. 

ഇരുടീമും ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ കിട്ടുന്ന ഏതൊരവസരവും നിർണായകമാണെന്ന പാഠം ഫ്രാൻസിന് അറിയാമായിരുന്നു. അതുപ്രകാരം കിട്ടിയ അർധാവസരം അവർ ഗോളാക്കുകയും ചെയ്തു. ബൽജിയമാകട്ടെ വലിയ പോരാട്ടങ്ങളിലെ വീഴ്ച ആവർത്തിക്കുകയും ചെയ്തു. ഇനി നാലുവർഷം കാത്തിരിക്കുകയല്ലാതെ മറ്റു വഴിയില്ല. അപ്പോഴും 'ചുവന്ന ചെകുത്താൻമാർക്ക്' ചിരിക്കാൻ കഴിയുമോ?

പ്രധാന വാർത്തകൾ
Top