25 June Monday
വാഴ്സിറ്റി മീറ്റ്: ഒന്നാംദിനം ഹീറ്റ്സ് മാത്രം, നിശ്ചയിച്ചിരുന്ന ഫൈനല്‍ മാറ്റി

വനിതകള്‍ തിളങ്ങി

ഇ സുദേഷ്Updated: Thursday Jan 12, 2017

ചുവടുതാങ്ങി... / 100 മീറ്റര്‍ ഹീറ്റ്സീല്‍ അത്ലീറ്റുകളുടെ സ്റ്റാര്‍ട്ടിങ് ബ്ളോക്കുകള്‍ ചവുട്ടിനില്‍ക്കുന്ന വളന്റിയര്‍മാര്‍ / ഫോട്ടോ: ജഗത് ലാല്‍


കോയമ്പത്തൂര്‍ > മെഡലുകളൊന്നും നിശ്ചയിക്കാതിരുന്ന ആദ്യ ദിനം കേരളത്തിന്റെ പെണ്‍കുട്ടികള്‍ ട്രാക്കില്‍ പൊന്‍തിളക്കവുമായി കുതിപ്പുതുടങ്ങി. വിവിധ ഇനങ്ങളിലായി എംജി, കലിക്കറ്റ്, കേരള സര്‍വകലാശാലകളുടെ 14 പെണ്‍കുട്ടികള്‍ ഫൈനലിന് യോഗ്യതനേടി. എംജിയുടെയും കലിക്കറ്റിന്റെയും ആറുപേര്‍വീതം ഫൈനലില്‍ കടന്നപ്പോള്‍ കേരളയുടെ രണ്ടുപേരും മുന്നേറി. ഒരുനാള്‍ മുന്നേ നടത്തിയ 100 മീറ്റര്‍ സെമിഫൈനലില്‍ മൂന്നു മലയാളിപെണ്‍കുട്ടികള്‍ ഗ്ളാമര്‍പോരാട്ടത്തിന് യോഗ്യരായി.

എംജി സര്‍വകലാശാലയുടെ കെ മഞ്ജുവാണ് മികച്ചസമയത്തോടെ (12.18) 100 മീറ്റര്‍ ഫൈനലില്‍ കടന്ന മലയാളിതാരം. കലിക്കറ്റിന്റെ എം സുഗിന (12.10), എം അഖില (12.19) എന്നിവരും മികച്ച സമയത്തോടെ യോഗ്യത നേടി. മദ്രാസ് സര്‍വകലാശാലയുടെ അര്‍ചനയാണ് ഏറ്റവും മികച്ച സമയം കുറിച്ചത് (11.88). പുരുഷവിഭാഗം 100ല്‍ പ്രതീക്ഷിച്ചപോലെ എംജിയുടെ കെ എസ് പ്രണവില്‍ ഒതുങ്ങി കേരളത്തിന്റെ സാന്നിധ്യം. 10.70 സെക്കന്‍ഡില്‍ പ്രണവ് ഫൈനലിന് യോഗ്യതനേടി. 10.53 സെക്കന്‍ഡില്‍ അവസാനവര തൊട്ട കാകതീയ സര്‍വകലാശാലയുടെ സി എച്ച് സുധാകര്‍ മീറ്റ് റെക്കോഡ് മറികടന്നു. മദ്രാസിന്റെ എളകിയ ദാസന്‍ (10.66) ആണ് സെമിയില്‍ പ്രണവിനെക്കാള്‍ മികച്ച സമയം കുറിച്ച മറ്റൊരു താരം. അതുകൊണ്ടുതന്നെ പ്രണവിന് ഒരു മെഡല്‍ ഏറെക്കുറെ ഉറപ്പിക്കാം.

അതിരാവിലെ നടന്ന 5000 മീറ്റര്‍ ഹീറ്റ്സില്‍ എംജിയുടെ അനു മേരി സണ്ണി, ഏഞ്ചല്‍ ജയിംസ് എന്നിവരും കലിക്കറ്റിന്റെ കെ കെ വിദ്യയും ഫൈനലില്‍ കടന്നു. പി യു ചിത്ര ഈയിനത്തില്‍നിന്ന് അവസാനനിമിഷം പിന്മാറിയത് കലിക്കറ്റിനു തിരിച്ചടിയായി. 1500ല്‍ കൂടുതല്‍ നന്നായി ശ്രദ്ധിക്കാനാണ് പിന്മാറ്റമെന്ന് ചിത്ര പറയുന്നു. 5000 മീറ്റര്‍ ഫൈനല്‍ വ്യാഴാഴ്ച രാവിലെ നടക്കും.

വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ കേരളയുടെ ആല്‍ഫി ലൂക്കോസും (12.28) എംജിയുടെ വിനിജ വിജയനും (12.28) അലീന ജോസും (12.07) കലിക്കറ്റിന്റെ കെ അക്ഷയയും (11.84) ഫൈനലില്‍ കടന്നു. മാംഗ്ളൂരിനായി ഇറങ്ങുന്ന മലയാളിതാരം ഷീന (12.60)യുടേതാണ് സെമിയിലെ മികച്ചദൂരം. കഴിഞ്ഞവര്‍ഷം എംജിയിലായിരുന്ന ഷീന ആദ്യമായാണ് മാംഗ്ളൂരിനായി അഖിലേന്ത്യാ മീറ്റിന് ഇറങ്ങുന്നത്. പോള്‍വോള്‍ട്ടില്‍ കേരളയുടെ അഞ്ജലി ഫ്രാന്‍സിസ് ഫൈനലിനുണ്ട്.

വനിതകളുടെ ഡിസ്കസില്‍ മെഡല്‍സാധ്യതയില്‍നിന്ന് ഏറെ അകലെയാണെങ്കിലും കലിക്കറ്റിന്റെ റീമ നാഥും സോഫിയ എം ഷാജുവും ഫൈനലിന് യോഗ്യത നേടി. പഞ്ചാബി സര്‍വകലാശാലയുടെ കമല്‍പ്രീതാണ് ഈയിനത്തില്‍ ഒന്നാമതായി യോഗ്യത നേടിയത്. 50.60 മീറ്റര്‍ ഷോട്ട് പായിച്ച കമല്‍പ്രീത് എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്.

800 മീറ്ററില്‍ കലിക്കറ്റിന്റെ അഞ്ജു മോഹന്‍, എംജിയുടെ സ്മൃതിമോള്‍ വി രാജന്‍ എന്നിവര്‍ വനിതാ വിഭാഗത്തിലും പുരുഷന്മാരില്‍ കേരളയുടെ ട്വിങ്കിള്‍ ടോമിയും ഫൈനലില്‍ കടന്നു. 4-400 മീറ്റര്‍ റിലേയില്‍ എംജിയും കലിക്കറ്റും കേരളയും ഫൈനലിന് യോഗ്യതനേടി.

പുരുഷന്മാരുടെ ഹൈജമ്പില്‍ എംജിയുടെ മനുവും ജിയോ ജോസും കലിക്കറ്റിന്റെ സല്‍മാന്‍ ഖാനും ഫൈനലിനുണ്ട്. മാംഗ്ളൂരിന്റെ മലയാളിതാരം ശ്രീനിത് മോഹനും അന്തിമ പോരിനുണ്ട്.

സംഘാടനത്തില്‍ പിഴവുകള്‍ മാത്രം
കോയമ്പത്തൂര്‍ > ഇത്ര മോശമായി സംഘടിപ്പിച്ച മീറ്റ് ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല... കോയമ്പത്തൂരില്‍ അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ അത്ലറ്റിക്സ് മീറ്റിനെത്തിയ പരിചയസമ്പന്നരായ പരിശീലകര്‍ ഒരേസ്വരത്തില്‍ പറയുന്നു.  മത്സരക്രമങ്ങള്‍ തുടര്‍ച്ചയായി മാറിമറിയുകയാണ്.  സംഘാടകരെ എങ്ങും കാണാനില്ല. ഒരാഴ്ചമുമ്പ് ടീമുകള്‍ക്കു നല്‍കേണ്ട മത്സരക്രമം നല്‍കിയത് മത്സരം തുടങ്ങുന്നതിന്റെ തൊട്ടുതലേന്ന് വൈകിട്ട്.

താമസസൌകര്യം ഒരുക്കിയത് 40 കിലോ മീറ്റര്‍ അകലെയായതിനാല്‍ ഭൂരിപക്ഷം ടീമുകളും സ്റ്റേഡിയത്തിന്റെ പരിസരത്തെ ലോഡ്ജുകളിലും മറ്റുമാണ് തങ്ങുന്നത്. സംഘാടകരുടെ താമസസൌകര്യംതന്നെ നേടിയവര്‍ വെറും നിലത്തുകിടക്കുന്നു.  റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ടീമുകള്‍ക്ക് വാഹനസൌകര്യം ഏര്‍പ്പെടുത്തിയിരുന്നില്ല.

കേരളത്തില്‍നിന്നുള്ള ആരോഗ്യ സര്‍വകലാശാല ദിവസങ്ങള്‍ക്കുമുമ്പ് ഓണ്‍ലൈനായി എന്‍ട്രി നല്‍കിയതാണ്. എന്നാല്‍, ഇവിടെ എത്തിയപ്പോള്‍ ഇങ്ങനെയൊരു ടീം രജിസ്റ്റര്‍ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇത്തരത്തില്‍ നാല്‍പ്പതോളം ടീമുകളുടെ എന്‍ട്രി രേഖപ്പെടുത്തിയിരുന്നില്ല. അതോടെ ബുധനാഴ്ച രാവിലെ ആറിനു നിശ്ചയിച്ച മത്സരങ്ങള്‍ വൈകി. നട്ടുച്ചയ്ക്കും മത്സരങ്ങള്‍ നടത്തിയാണ് അധികൃതര്‍ ഇതു പരിഹരിച്ചത്. മത്സരാര്‍ഥികള്‍ക്ക് തലേന്നുതന്നെ ചെസ്റ്റ്നമ്പര്‍ നല്‍കുന്ന പതിവും ഇവിടെ തെറ്റി. മത്സരത്തിനു തൊട്ടുമുമ്പാണ് താരങ്ങള്‍ക്ക് ചെസ്റ്റ്നമ്പര്‍ ലഭിക്കുന്നത്.

കോയമ്പത്തൂരില്‍ അഖിലേന്ത്യാ മത്സരങ്ങള്‍ നടത്തുക ഒട്ടും പ്രായോഗികമല്ലെന്ന് ഇവിടത്തെ മുന്‍താരങ്ങള്‍തന്നെ ഓള്‍ ഇന്ത്യ യൂണിവേഴ്സിറ്റി അസോസിയേഷനെ അറിയിച്ചതാണ്.

റാഞ്ചിയെടുക്കാന്‍ മാംഗ്ളൂര്‍

കോയമ്പത്തൂര്‍> കിരീടം കൊതിക്കുന്ന എം ജി, കലിക്കറ്റ് സര്‍വകലാശാലാകള്‍ക്ക് ഭീഷണി മലയാളികളുടെ കരുത്തില്‍ മത്സരിക്കുന്ന മാംഗ്ളൂര്‍ സര്‍വകലാശാല. പുരുഷ-വനിതാ വിഭാഗങ്ങളിലായി എട്ടു മലയാളി താരങ്ങളാണ് മാംഗ്ളൂര്‍ നിരയിലുള്ളത്. മാംഗ്ളൂര്‍ കിരീടം നേടിയാല്‍ അതിന് ഇവരുടെ വിയര്‍പ്പിന്റെ വിലയുണ്ടാകും.

പ്രവീണ്‍ ജയിംസ്, ശ്രീജിത് മോന്‍(ട്രിപ്പിള്‍ ജമ്പ്), സിറാജുദ്ദീന്‍(ലോങ്ജമ്പ്), ശ്രീനിത് മോഹന്‍(ഹൈജമ്പ്) എന്നീ പുരുഷ താരങ്ങളും അനു രാഘവന്‍ (400, 400 ഹര്‍ഡില്‍സ്), സഫീദ(1500, സ്റ്റീപ്പിള്‍ ചെയ്സ്) എം വി ഷീബ, ശില്‍പ ചാക്കോ(ട്രിപ്പിള്‍ ജമ്പ്) എന്നീ വനിതാതാരങ്ങളുമാണ് ഇത്തവണ മാംഗ്ളൂര്‍ നിരയിലെ മലയാളി അത്ലറ്റുകള്‍. പ്രവീണ്‍, ശ്രീജിത്, ശ്രീനിത്, സഫീദ, ശില്‍പ എന്നിവര്‍ കേരളത്തിലെ സായ് കേന്ദ്രങ്ങളില്‍ പരിശീലിക്കുന്നവരാണ്. സിറാജുദ്ദീനും ഷീബയും കേരള സ്പോട്സ് കൌണ്‍സിലിനു കീഴിലെ എലൈറ്റ് പദ്ധതിയിലും.
മാംഗ്ളൂര്‍ സര്‍വകലാശാലയ്ക്കു കീഴിലെ  ആല്‍വാസ് എജുക്കേഷന്‍ ഫൌണ്ടേഷനു കീഴിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ് ഇവരെല്ലാം. ആല്‍വാസ് പണം കൊടുത്തു സ്വന്തമാക്കുന്ന താരങ്ങളാണ് മാംഗ്ളൂരിന്റെ  കുതിപ്പിനു പിന്നില്‍. പ്രകടനത്തിന് അനുസരിച്ച്  മാസം പതിനായിരം മുതല്‍ മുപ്പതിനായിരം വരെ താരങ്ങള്‍ക്കു നല്‍കും. 

പണത്തിന്റെ ബലത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് താരങ്ങളെ റാഞ്ചുന്ന പതിവ് മാംഗ്ളൂര്‍ തുടങ്ങിയിട്ട് ഏറെ നാളായില്ല. 17 വര്‍ഷം മുമ്പ് അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും രണ്ട് മൂന്നാംസ്ഥാനവും മാത്രമാണ് മാംഗ്ളൂരുവിനുണ്ടായിരുന്നത്. എന്നാല്‍, 2015 സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമായി അത്ഭുതം കാട്ടി.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള താരങ്ങളെയും ആല്‍വാസ് ചാക്കിട്ടു പിടിക്കുന്നു. ഇത്തവണ ഡിസ്കസില്‍ മത്സരിക്കുന്ന ലഖ്വിന്ദര്‍ സിങ്, രഞ്ജിത് പട്ടേല്‍ എന്നിവര്‍ ഉദാഹരണമാണ്.

മാംഗ്ളൂരിനായി താരങ്ങളെ ചാക്കിടാന്‍ ഏജന്റുമാര്‍ രംഗത്തുണ്ട്. ജൂനിയര്‍ തല മത്സരവേദികളിലും സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പുകളിലും ഇവര്‍ താരങ്ങളെ തെരഞ്ഞുപിടിച്ച് വിലപറയുന്നു. കേരളത്തിലെ ചില പരിശീലകര്‍ പോലും ഇതിനു കൂട്ടു നില്‍ക്കുന്നതായി കായികരംഗത്തെ പ്രമുഖര്‍ പറയുന്നു. മത്സരത്തിനു മാത്രമാണ് മാംഗ്ളൂര്‍ താരങ്ങളെ ഉപയോഗിക്കുന്നത്. താരങ്ങള്‍ക്ക് ആവശ്യമായ പരിശീലനം അവരുടെ പരിഗണനയേ അല്ല.

പ്രധാന വാർത്തകൾ
Top