22 October Monday

ലങ്ക ഇന്ത്യയെ എറിഞ്ഞിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

ഇന്ത്യയുടെ ദിനേഷ് കാര്‍ത്തിക്കിനെതിരെ ലങ്കയുടെ ഏഞ്ചലോ മാത്യൂസിന്റെ അപ്പീല്‍

ധര്‍മശാല >  ഏകദിനത്തിലും ടെസ്റ്റിലും വിജയങ്ങളുടെ പരമ്പര കുറിച്ച ഇന്ത്യയുടെ കുതിപ്പിന് വിരാമം. ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ലങ്ക 112ന് എറിഞ്ഞിട്ടു. 29.2 ഓവര്‍ ശേഷിക്കെ മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആദ്യ ജയവും കുറിച്ചു. പര്യടനത്തിലെ ആദ്യജയത്തോടെ പരമ്പരയില്‍ 1-0ന് ലങ്ക മുന്നിലെത്തി. സ്കോര്‍ ഇന്ത്യ 112 (38.2), ലങ്ക 3-114 (20.4) നാലുവിക്കറ്റ് നേടി ഇന്ത്യയുടെ ബാറ്റിങ്നിരയുടെ നട്ടെല്ലൊടിച്ച സുരങ്ക ലക്മലാണ് കളിയിലെ താരം.

ഏകദിന റാങ്കിങ് പട്ടികയില്‍ ഒന്നാംപടി കയറാന്‍ തുനിഞ്ഞിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചദിവസമായിരുന്നു ധര്‍മശാലയില്‍. പകരക്കാരന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടമായി. ധര്‍മശാലയിലെ പിച്ചില്‍ ലങ്കയുടെ പുതിയ ക്യാപ്റ്റന്‍ തിസര പെരേര സംശയം ഒട്ടുമില്ലാതെ ബൌളിങ് തെരഞ്ഞെടുത്തു. പിന്നെ ഇന്ത്യന്‍ ബാറ്റിങ്നിരയെ കശാപ്പുചെയ്തു. ഇന്ത്യ ഏകദിനക്രിക്കറ്റിലെ സമീപകാലത്തെ മോശം പ്രകടനത്തോടെ ഇന്നിങ്സ് അവസാനിപ്പിച്ച് തിരിച്ചുകയറി. ഇന്ത്യക്കായി കന്നിമത്സരത്തിനിറങ്ങിയ ശ്രേയസ് അയ്യര്‍ ഒമ്പത് റണ്ണെടുത്ത് പുറത്തായി.

17 കൊല്ലംമുമ്പ് ലങ്കയുടെ മുന്നില്‍ ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായതിന്റെ ഓര്‍മ പുതുക്കുകയായിരുന്നു ഇന്ത്യന്‍ ബാറ്റിങ്നിര. 29 റണ്ണെടുക്കുന്നതിനിടെ ഏഴുവിക്കറ്റ് നഷ്ടപ്പെട്ട് ആ റെക്കോഡ് തിരുത്തപ്പെടുമെന്ന് തോന്നിച്ചു. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ അരസെഞ്ചുറി (87 പന്തില്‍ 65) ഇന്ത്യയെ നൂറ് കടത്തി നാണക്കേടില്‍നിന്ന് രക്ഷിക്കുകയായിരുന്നു.

ഓപ്പണര്‍ ശിഖര്‍ ധവാനും ടീമിലേക്ക് തിരിച്ചെത്തിയ ദിനേഷ് കാര്‍ത്തിക്കും അടക്കം അഞ്ചുപേര്‍ അക്കൌണ്ട് തുറക്കാതെ തിരിച്ചുകയറി. ധോണിയടക്കം രണ്ടക്കം കടന്നത് മൂന്നുപേര്‍ മാത്രം. പത്താമനായാണ് ധോണി പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യ 10 പന്തില്‍ 10ഉം കുല്‍ദീപ് യാദവ് 25 പന്തില്‍ 19ഉം റണ്ണെടുത്തു.

ലങ്കയുടെ മറുപടിയും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 19 റണ്ണെടുക്കുന്നതിനിടെ രണ്ടുവിക്കറ്റ് നഷ്ടമായി. ധനുഷ്ക ഗുണതിലകയും (11 പന്തില്‍ 1) ലാഹിരു തിരിമണ്ണെയും (മൂന്നുപന്തില്‍ 0) കൂടാരംകയറി. എന്നാല്‍ ക്ഷമയോടെ ബാറ്റുവീശി ഉപുല്‍ തരംഗ പിച്ചില്‍ അസാധാരണമായൊന്നുമില്ലെന്ന് തെളിയിച്ചു. 46 പന്തില്‍ അരസെഞ്ചുറിക്ക് ഒരു റണ്‍ അരികെ വച്ചാണ് തരംഗ പുറത്തായത്. 10 ബൌണ്ടറികള്‍ ഈ ഇടംകൈയന്റെ ബാറ്റില്‍നിന്ന് അതിര്‍ത്തി തേടിപ്പോയി.

തരംഗ തുടങ്ങിയത് ഏഞ്ചലോ മാത്യൂസും (42 പന്തില്‍ 25) നിരോഷന്‍ ഡിക്വെല്ലയും (24 പന്തില്‍ 26) അവസാനിപ്പിച്ചു. ഇരുവരും അഞ്ചുവീതം ബൌണ്ടറിയും നേടി.
മൊഹാലിയില്‍ 13നാണ് രണ്ടാം ഏകദിനം. അവസാന ഏകദിനം 17ന് വിശാഖപട്ടണത്ത്.

 

പ്രധാന വാർത്തകൾ
Top