Top
24
Friday, November 2017
About UsE-Paper

കിരീടത്തിലേക്ക്

Saturday Nov 11, 2017
രജീഷ് ബാലന്‍
പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ സാന്ദ്ര ബാബു കേരളത്തിനായി സ്വര്‍ണം നേടുന്നു ഫോട്ടോ > സുരേന്ദ്രന്‍ മടിക്കൈ


ഭോപാല്‍ > കായിക കൌമാരകിരീടം ഒരിക്കല്‍ക്കൂടി കേരളത്തിലേക്ക്. ദേശീയ ജൂനിയര്‍ സ്കൂള്‍ കായികമേളയില്‍ ഒരുദിവസംകൂടി ശേഷിക്കെ എതിരാളികളെ ബഹുദൂരം പിറകിലാക്കി കേരളം പോയിന്‍്പട്ടികയില്‍ മുന്നില്‍. നാലാംദിനം നേടിയ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം കേരളത്തിന് 16 മെഡലായി. ആകെ 68 പോയിന്റ്. രണ്ടാംപടിയില്‍ തമിഴ്നാടിന് 31ഉം മൂന്നാംപടിയില്‍ ഉത്തര്‍പ്രദേശിന് 22ഉം പോയിന്റാണുള്ളത്.

4-100 റിലേയില്‍ ഇരുവിഭാഗങ്ങളിലും അതിഗംഭീര പ്രകടനത്തോടെ റെക്കോഡ്കുറിച്ച കേരളത്തിനുവേണ്ടി പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ സാന്ദ്ര ബാബുവാണ് (12.41 മീറ്റര്‍) മൂന്നാം സ്വര്‍ണം നേടിയത്. പി എസ് പ്രഭാവതി (12.17) സാന്ദ്രയ്ക്ക് തൊട്ടുപിറകിലെത്തി. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഖില്‍ ബാബുവും രണ്ടാമതെത്തി. പെണ്‍കുട്ടികളില്‍ അന്ന മാത്യു തോമസ് വെങ്കലം സ്വന്തമാക്കി. നേരത്തെ പെണ്‍കുട്ടികളുടെ മൂന്നുകിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി സ്വന്തമാക്കി സാന്ദ്ര സുരേന്ദ്രനാണ് (15 മിനിറ്റ് 10 സെക്കന്‍ഡ്) നാലാംദിനത്തില്‍ കേരളത്തിന് ആദ്യ മെഡല്‍ നല്‍കിയത്.

നാലാംദിനം നാല് റെക്കോഡാണ് പിറന്നത്. നാലും ട്രാക്കില്‍. അതില്‍ രണ്ടെണ്ണം കേരളത്തിന്റെ പേരില്‍. 4-100 മീറ്റര്‍ റിലേയില്‍ ആണ്‍കുട്ടികള്‍ ആദ്യ മൂന്ന് സ്ഥാനക്കാരും 2015ലെ തമിഴ്നാടിന്റെ 43.10 സെക്കന്‍ഡ് തിരുത്തി. കേരളം 42.86 സെക്കന്‍ഡില്‍ റെക്കോഡ് സ്വര്‍ണത്തില്‍ തൊട്ടു. ഡല്‍ഹി വെള്ളിയും തമിഴ്നാട്  വെങ്കലവും നേടി.
പെണ്‍കുട്ടികളില്‍ 48.05 സെക്കന്‍ഡിലാണ് കേരളം റെക്കോഡ്സ്വര്‍ണത്തില്‍ മുത്തമിട്ടത്. 2015ല്‍ കേരളത്തെ പിറകിലാക്കി മഹാരാഷ്ട്ര ഓടിയെത്തിയ 48.40 സെക്കന്‍ഡിന്റെ റെക്കോഡ് തകര്‍ന്നു. തമിഴ്നാട് രണ്ടാമതായപ്പോള്‍ മഹാരാഷ്ട്ര വെങ്കലത്തിലൊതുങ്ങി.

ആണ്‍കുട്ടികളുടെ അഞ്ചുകിലോമീറ്റര്‍ നടത്തത്തിലും റെക്കോഡ് പിറന്നു. ആദ്യ മൂന്ന് സ്ഥാനക്കാരും നിലവിലെ മികച്ച സമയം മറികടന്നപ്പോള്‍ മധ്യപ്രദേശിന്റെ സര്‍വജീത് പട്ടേല്‍ (21:36.80) സ്വര്‍ണം നേടി. ഉത്തരാഖണ്ഡിന്റെ പരംജീത് ബിഷ്ട് സിങ്ങും കൂട്ടുകാരന്‍ മുകേഷ് കുമാറും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞ പതിപ്പില്‍ ഹരിയാനയുടെ മനീഷ് കുമാര്‍ കുറിച്ച 21:58.29 സെക്കന്‍ഡ്  മാഞ്ഞു. ഈയിനത്തില്‍ കേരളത്തിന്റെ ഡി കെ നിഷാന്ത് (23:26.58) ആറാമതായി.

കഴിഞ്ഞ രണ്ടുപതിപ്പിലായി കേരളം സ്വന്തമാക്കിവച്ച  പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്നാടിന്റെ പി എം തബിത റെക്കോഡിട്ടു. 14.38 സെക്കന്‍ഡില്‍ തബിത അവസാനവര കടന്നപ്പോള്‍ തകര്‍ന്നത് അപര്‍ണ റോയി വഡോദരയില്‍ തീര്‍ത്ത 14.41 സെക്കന്‍ഡ്. മഹാരാഷ്ട്രയുടെ പ്രഞ്ജലി പാട്ടീല്‍ 14.88 സെക്കന്‍ഡ് വെള്ളി നേടി. കേരളത്തിന്റെ അന്ന മാത്യു തോമസ് വെങ്കലം നേടിയത് 15.14 സെക്കന്‍ഡില്‍. മീറ്റിന്റെ അവസാനദിനമായ ഇന്ന് 11 ഫൈനലുകളാണുള്ളത്.

റിലേയില്‍  കേരളത്തിന്റെ ആധിപത്യം
ഭോപാല്‍ > സ്വര്‍ണമുറപ്പിച്ചിറങ്ങിയ 100 മീറ്റര്‍ ഹര്‍ഡില്‍സിലും 3000 മീറ്ററിലും വീണപ്പോള്‍ കേരളം മൂന്നാംദിനം വാണത് റിലേയിലെ ഗംഭീര പ്രകടനത്തോടെ. 4-100 മീറ്റര്‍ റിലേയില്‍ ആദ്യം ആണ്‍കുട്ടികളും തൊട്ടുപിറകെ പെണ്‍കുട്ടികളും റെക്കോഡ്സമയം കുറിച്ചു. ഇരുസംഘവും മായ്ച്ചത് 2015ല്‍ കോഴിക്കോടിന്റെ മണ്ണില്‍ തമിഴ്നാടും മഹാരാഷ്ട്രയും കുറിച്ച സമയം. അന്ന് കേരളമായിരുന്നു ഇരുവിഭാഗത്തിലും രണ്ടാമതായത്. ഇക്കുറിയും ഇതേ ടീമുകള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തി. പക്ഷേ ജയം കേരളത്തിനൊപ്പംനിന്നു.

ആദ്യമായി ഉള്‍പ്പെടുത്തിയ 4-400 മീറ്റര്‍ റിലേയുടെ ഹീറ്റ്സിലും കേരളം മികച്ച സമയത്തില്‍തന്നെ ഫൈനലിലേക്ക് യോഗ്യതനേടി. അതും സ്വര്‍ണമുറപ്പിക്കുന്ന പ്രകടനത്തോടെതന്നെ.

ഇഞ്ചിനിഞ്ച് പോരില്‍ ഡല്‍ഹിയുടെ വെല്ലുവിളി അവസാനിപ്പിച്ചാണ് ആണ്‍കുട്ടികള്‍ സ്വര്‍ണത്തിലേക്കു കുതിച്ചത്. വി എസ് പ്രണവും, അഖില്‍ ബാബുവും എ സി അരുണും സി അഭിനവും കേരളത്തിനെ സ്വര്‍ണമണിയിച്ചു.

മൂന്നാം ട്രാക്കില്‍ പ്രണവില്‍ തുടങ്ങി അഖിലിലൂടെ അരുണിലേക്ക് ബാറ്റണെത്തിയപ്പോള്‍ ഒരു കൈ അകലത്തിന്റെ ലീഡുണ്ടായിരുന്നു കേരളത്തിന്. അതു നിലനിര്‍ത്തി അരുണ്‍ കുതിച്ചു. പക്ഷേ ആ മികവോടെ  ബാറ്റണ്‍ കൈമാറാനായില്ല. വേഗമെടുത്തു തുടങ്ങിയ അഭിനവിന് ബാറ്റണ്‍ ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കേണ്ടിവന്നു. പിന്നെ കുതിച്ചു. മീറ്റിന്റെ വേഗക്കാരന്‍ നിസാര്‍ അഹമ്മദായിരുന്നു ഡല്‍ഹിക്കുവേണ്ടി അവസാന ലാപ്പിലോടിയ എസ് നേഹലിന് ബാറ്റണ്‍ എത്തിച്ചത്. അഞ്ചാം ട്രാക്കില്‍ അഭിനവിന്റെ മുന്നില്‍ കുതിച്ച നേഹല്‍ അവസാനവര കടന്നപ്പോള്‍ ആഘോഷം തുടങ്ങിയിരുന്നു. പക്ഷേ സ്വര്‍ണം അത് അഭിനവിലൂടെ കേരളത്തിന്റെ പെട്ടിയിലേക്ക് വീണിരുന്നു.

ആണ്‍കുട്ടികള്‍ സ്വര്‍ണം പോരാടി നേടിയപ്പോള്‍ എളുപ്പമായിരുന്നു പെണ്‍കുട്ടികളുടെ സംഘത്തിന്. രണ്ടാം മേഖലയില്‍ ബാറ്റണ്‍ കൈമാറുന്നതിലുണ്ടായ ചെറിയ പിഴവ് ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ മികച്ച സമയത്ത് പെണ്‍കുട്ടികള്‍ സ്വര്‍ണം തൊടുമായിരുന്നു. ക്യാപ്റ്റന്‍ പി ഡി അഞ്ജലി, അനു ജോസഫ്, ആന്‍ റോസ് ടോമി എന്നിവര്‍ക്കൊപ്പം മീറ്റിന്റെ വേഗക്കാരി ആന്‍സി സോജനും കേരളത്തിനുവേണ്ടി അണിനിരന്നു.

 

Categories