14 December Friday

യൂത്ത‌് ഒളിമ്പിക‌്സ‌് : പൊന്നണിഞ്ഞ‌് സൗരഭ‌്

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018


ബ്യൂന‌സ‌് ഐറിസ‌്
യൂത്ത‌് ഒളിമ്പിക‌്സിൽ ഇന്ത്യ വീണ്ടും തിളങ്ങി. സൗരഭ‌് ചൗധരിയിലൂടെ ഇന്ത്യ മൂന്നാം സ്വർണംനേടി. ഷൂട്ടിങ്ങിലാണ‌് ഈ പതിനാറുകാരന്റെ പൊൻനേട്ടം. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത‌്. കഴിഞ്ഞ ദിവസം മനു ഭാക്കെറും സ്വർണംനേടി. ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിന്നുഗയിലൂടെയാണ‌് ഇന്ത്യ യൂത്ത‌് ഒളിമ്പിക‌്സിലെ കന്നി സ്വർണംതൊട്ടത‌്. നിലവിൽ മൂന്ന‌് സ്വർണവും മൂന്ന്‌ വെള്ളിയുമുൾപ്പെടെ ഇന്ത്യക്ക‌് ആറ്‌ മെഡലുകളായി. പോയിന്റ്‌ പട്ടികയിൽ മൂന്നാമതാണ്‌ ഇന്ത്യ. 13 സ്വർണമുള്ള റഷ്യയാണ്‌ ഒന്നാമത്‌.

പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ‌്റ്റളിലാണ‌് സൗരഭ‌് സ്വർണം നേടിയത‌്. ഫൈനലിൽ എതിരാളികളെ വൻ വ്യത്യാസത്തിലാണ‌് സൗരഭ‌് മറികടന്നത‌്. രണ്ടാമതുള്ള ദക്ഷിണ കൊറിയയുടെ സങ‌് യുന്യോയെക്കാൾ 7.5 പോയിന്റ‌് വ്യത്യാസത്തിലാണ‌് സൗരഭ‌് ഒന്നാമതെത്തിയത‌്. 244.2 പോയിന്റാണ‌് സൗരഭിന‌്. സങ്ങിന‌് 236.7 പോയിന്റും. സ്വിറ്റ‌്സർലൻഡിന്റെ ജാസൺ സൊളാരി 215.6 പോയിന്റുമായി വെങ്കലംനേടി.

ഫൈനലിൽ 9.8 സ‌്കോർ ചെയ‌്താണ‌് സൗരഭ‌് തുടങ്ങിയത‌്. അടുത്ത അഞ്ച‌് ഷോട്ടിൽ ലീഡ‌് 0.8 പോയിന്റായി. 10 ഷോട്ടിൽ 2.9 പോയിന്റായി ഉയർന്നു. 18 ഷോട്ട‌് കഴിയുമ്പോഴേക്കും ഇൗ മീററ്റുകാരൻ ഏറെ മുന്നിലെത്തി. യോഗ്യതാ റൗണ്ടിൽ 580 പോയിന്റായിരുന്നു സൗരഭ‌ിന‌്.

ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഭാവിതാരമായി വിലയിരുത്തപ്പെടുന്ന ഈ പതിനാറുകാരൻ ഈ വർഷം മിന്നുന്ന പ്രകടനമാണ‌് പുറത്തെടുത്തത‌്. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണംനേടിയാണ‌് സൗരഭ‌് വരവറിയിച്ചത‌്. ച‌ങ‌്‌വോണിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും ചരിത്രംകുറിച്ചു. 10 മീറ്റർ എയർ പിസ‌്റ്റൾ ജൂനിയർ വിഭാഗത്തിൽ ലോക റെക്കൊഡുമുണ്ട‌്. മീററ്റുകാരനായ സൗരഭ‌് ഡൽഹിയിലെ കർണി സിങ‌് ഷൂട്ടിങ‌് റേഞ്ചിലാണ‌് പരിശീലിക്കുന്നത‌്.

ടേബിൾ ടെന്നീസ‌് വനിതാ സിംഗിൾസിൽ അർച്ചന കാമത്ത‌് സെമിയിൽ തോറ്റു. ചൈനയുടെ യിങ‌്ഷ സണ്ണിനോട‌് 1–4നായിരുന്നു അർച്ചനയുടെ തോൽവി.  യൂത്ത‌് ഒളിമ്പിക‌്സിൽ സെമിയിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ‌് കുറിച്ചിരുന്നു ഈ പതിനെട്ടുകാരി.
വനിതാ ഹോക്കിയിൽ ഇന്ത്യ വണാട്ടുവിനെ 16 ഗോളിന‌് നിലംപരിശാക്കി.മേളയിലെ അത്‌ലറ്റിക്‌ മത്സരങ്ങൾ ഇന്ന്‌ തുടങ്ങും.


പ്രധാന വാർത്തകൾ
Top