24 October Wednesday
യുവേഫ നേഷൻസ‌് ലീഗ‌്

യുവേഫ നേഷൻസ‌് ലീഗ‌് : പോർച്ചുഗൽ ഇറങ്ങുന്നു, റൊണാൾഡോ ഇല്ലാതെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

ചോർസോ (പോളണ്ട‌്)
ക്ലബ‌് ഫുട‌്ബോൾ മത്സരങ്ങൾക്ക‌് നീണ്ട ഇടവേള നൽകി, യുവേഫ നേഷൻസ‌് ലീഗിന്റെ മൂന്നാംറൗണ്ടിന‌് ഇന്ന‌് തുടക്കമാകും. പോളണ്ട‌്–പോർച്ചുഗൽ മത്സരമാണ‌് ആദ്യദിനത്തിലെ പ്രധാന കളി. ലൈംഗികാരോപണം നേരിടുന്ന സൂപ്പർ താരം ക്രിസ‌്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കിയാണ‌് പോർച്ചുഗൽ  പോളണ്ടിൽ എത്തിയത‌്. ഇറ്റലിയുമായുള്ള ആദ്യ മത്സരത്തിലും റൊണാൾഡോയെ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ‌് പരിഗണിച്ചിരുന്നില്ല. പിന്നാലെയാണ‌് ലൈംഗികാരോപണമുണ്ടായത‌്. തുടർന്ന‌് സ‌്കോട‌്‌ലൻഡുമായുള്ള സൗഹൃദ മത്സരത്തിനുള്ള ടീമിൽനിന്ന‌് റൊണാൾഡോയെ ഒഴിവാക്കി. നവംബറിൽ നടക്കുന്ന നേഷൻസ‌് ലീഗ‌് മത്സരങ്ങളിലും റൊണാൾഡോ ഉണ്ടാകില്ല. റൊണാൾഡോ സ്വയം പിന്മാറുകയായിരുന്നുവെന്നാണ‌് സാന്റോസ‌് പറഞ്ഞത‌്.

ഇന്ന‌് നടക്കുന്ന മറ്റൊരു മത്സരത്തിൽ ലോകകപ്പിലെ അത്ഭുത സംഘമായ റഷ്യ സ്വീഡനെ നേരിടും. നാളെ ക്രൊയേഷ്യ–ഇംഗ്ലണ്ട‌്, ബൽജിയം–സ്വിറ്റ‌്സർലൻഡ‌് മത്സരങ്ങളും നടക്കും.

സെപ‌്തംബറിൽ ഇറ്റലിയുമായി നടന്ന മത്സരത്തിൽ ഒരു ഗോളിനാണ‌് പോർച്ചുഗൽ ജയിച്ചത‌്. പോളണ്ട‌് ആദ്യ കളിയിൽ ഇറ്റലിയുമായി 1–1ന‌് പിരിഞ്ഞു.
ഗ്രൂപ്പ‌് എയിൽ ഒന്നാംസ്ഥാനത്ത‌് തുടരാനാണ‌് പോർച്ചുഗലിന്റെ ലക്ഷ്യം. റൊണാൾഡോയുടെ അഭാവത്തിൽ 4–3–3 ശൈലിയിലാണ‌് സാന്റോസ‌് പോർച്ചുഗൽ ടീമിനെ കളത്തിലിറക്കുക. പ്രത്യാക്രമണമാണ‌് ലക്ഷ്യം. യൂറോ കപ്പ‌് ചാമ്പ്യൻമാരായ പോർച്ചുഗലിന്റെ ക്വാർട്ടറിലെ എതിരാളിയായിരുന്നു പോളണ്ട‌്. പെനൽറ്റി ഷൂട്ടൗട്ടിലാണ‌് പോളണ്ട‌ിനെ പോർച്ചുഗൽ കീഴടക്കിയത‌്. ഇന്ന‌് പോളണ്ടിനെ നേരിടുമ്പോൾ മാഞ്ചസ‌്റ്റർ സിറ്റി മധ്യനിരക്കാരൻ ബെർണാഡോ സിൽവയാണ‌് പോർച്ചുഗലിന്റെ കുന്തമുന. പരിക്കുകാരണം ഗൊൺസോലോ ഗുയെദെ‌സ‌് കളിക്കില്ല.

മുന്നേറ്റത്തിൽ ആന്ദ്രേ സിൽവ മികച്ച ഫോമിലാണ‌്. സ‌്പാനിഷ‌് ലീഗിൽ സെവിയ്യക്കുവേണ്ടി ഏഴ‌് ഗോളടിച്ചു. സിൽവയുടെ മികവിൽ ലീഗ‌് പട്ടികയിൽ സെവിയ്യ കരുത്തരായ ബാഴ‌്സലോണ, അത‌്‌ലറ്റികോ മാഡ്രിഡ‌്, റയൽ മാഡ്രിഡ‌് ടീമുകളെ പിന്തള്ളി ഒന്നാമതെത്തുകയും ചെയ‌്തു.സിൽവയായിരിക്കും പോർച്ചുഗൽ ആക്രമണത്തിന്റെ കേന്ദ്രം. ആദ്യ കളിയിൽ സിൽവയുടെ ഗോളിനാണ‌് പോർച്ചുഗൽ ഇറ്റലിയെ കീഴടക്കിയത‌്.

പോളണ്ട‌ിന‌് റോബർട്ട‌് ലെവൻഡോവ‌്സ‌്കിയിലാണ‌് പ്രതീക്ഷ. പോളണ്ട‌് കുപ്പായത്തിൽ ലെവൻഡോവ‌്സ‌്കിയുടെ 100–ാം മത്സരമാണ‌്. ഇതി‌ന‌് മുമ്പ‌് നാല‌് കളിക്കാർ മാത്രമാണ് പോളണ്ടിന‌് വേണ്ടി 100 മത്സരം കളിച്ചത‌്. ലോകകപ്പിലെ മങ്ങിയ പ്രകടനത്തിനുശേഷം ലെവൻഡോവ‌്സ‌്കി മങ്ങലിൽതന്നെയാണ‌്. ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കിൽ തിളങ്ങാനാകുന്നില്ല ഈ  മുപ്പതുകാരന‌്. ലെവൻഡോവ‌്സ‌്കി നിറംമങ്ങിയതോടെ ബയേണിന‌് ലീഗിൽ കനത്ത തിരിച്ചടി കിട്ടി. ഗോളടിയിലേക്ക‌് തിരിച്ചെത്താനുള്ള ശ്രമത്തിലാണ‌് ലെവൻഡോവ‌്സ‌്കി.

ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യക്കെതിരെ നാളെ ഇറങ്ങുന്ന ഇംഗ്ലണ്ട‌് യുവതാരങ്ങളെയാണ‌് പരീക്ഷിക്കുന്നത‌്. ബൊറൂസിയ ഡോർട്ട‌്മുണ്ടിന്റെ യുവതാരം ജെയ‌്ഡൻ സാഞ്ചോ ഉൾപ്പെടെയുള്ള കളിക്കാരാണ‌് ഇംഗ്ലീഷ‌് ടീമിൽ.


പ്രധാന വാർത്തകൾ
Top