17 August Friday

കൊറിയ ചരിത്രമാകും ഒരു പതാകയ്‌ക്കുകീഴിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കൊറിയൻ ടീമുകൾ സംയുക്ത പതാകയുമായി


മാർച്ച്പാസ്റ്റിൽ ഇരുകൊറിയയും ഒറ്റ പതാകയ്ക്കുകീഴിൽ നീങ്ങുന്നത് ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ ഏറ്റവും ആവേശകരമായ കാഴ്ചയാകും. ചോരയിൽമുങ്ങിയ യുദ്ധകാലവും അയൽപക്കവൈരത്തിന്റെ തീരാക്കളങ്കങ്ങളും പേറുന്ന രാജ്യങ്ങളുടെ സൗഹൃദനീക്കത്തിൽ മഹത്തായ ചുവടാകും കളിക്കളത്തിലെ ഒരുമ. മൂന്നിനങ്ങളിൽ സംയുക്ത ടീമിനെ മത്സരിപ്പിക്കും. ഈ ഇനങ്ങളിൽ സ്വർണം പിറന്നാൽ കൊറിയൻ സമാധാനശ്രമങ്ങൾക്ക് കൂടുതൽ നിറംപകരുന്ന നേട്ടമാകും.

ഏഷ്യൻഗെയിംസിലെ രണ്ടാം വൻശക്തിയായ ദക്ഷിണകൊറിയയും അത്രയൊന്നും മോശമല്ലാത്ത ഉത്തരകൊറിയയും ഒന്നിക്കുന്നത്  ബാസ്ക്കറ്റ്ബോൾ, റോവിങ്, കനോയിങ് ഇനങ്ങളിലാണ്. ഉത്തരകൊറിയയുടെ 34 താരങ്ങൾ കഴിഞ്ഞമാസം ദക്ഷിണകൊറിയയിൽ പരിശീലനത്തിന് എത്തിയിരുന്നു. വരുംനാളുകളിൽ ഏഷ്യാഡിലും ഒളിമ്പിക്സിലും 'കൊറിയ' എന്നപേരിൽ കൂടുതൽ ഇനങ്ങളിൽ ഒന്നിച്ചു മത്സരിച്ചേക്കും.

കഴിഞ്ഞ അഞ്ച് ഗെയിംസിലും ചൈനയ്ക്കുപിന്നിൽ രണ്ടാമതാണ് ദക്ഷിണകൊറിയ. ആകെ ഒമ്പതുതവണ രണ്ടാമതെത്തിയവർഅഞ്ചുതവണ മൂന്നാംസ്ഥാനത്തുമായി. 1951ൽ ഒഴികെ 18 തവണയും പങ്കെടുത്ത ഇവർ ആകെ 2064 മെഡൽ നേടി. ഇതിൽ 697 സ്വർണമുണ്ട്. 2002ൽ സ്വന്തം നാട്ടിൽ നടന്ന ഗെയിംസിലായിരുന്നു ഏറ്റവുംവലിയ മെഡൽവേട്ട. ബുസാനിൽ 96 സ്വർണം ഉൾപ്പെടെ 260 മെഡൽ നേടി. കഴിഞ്ഞവർഷം ഇഞ്ചിയോണിൽ 79 സ്വർണവും 71 വെള്ളിയും 84 വെങ്കലവുമായിരുന്നു സമ്പാദ്യം.

ചൈനയെപ്പോലെ ഷുട്ടിങ്ങിലാണ് ദക്ഷിണകൊറിയ കൂടുതൽ സ്വർണം വീഴ്ത്തിയത്. 63 സ്വർണമടക്കം 243 മെഡൽ. ബോക്സിങ്ങിൽ കരുത്തരാണ് കൊറിയ. 58 സ്വർണമടക്കം 113 മെഡൽ ഇടിക്കൂട്ടിൽനിന്നുണ്ട്. തെയ്ക്വാണ്ടോ (53 സ്വർണം), ഗുസ്തി (52) എന്നിവയിലും ശക്തർ. അമ്പെയ്ത്ത് (38), ബൗളിങ് (32), സൈക്ലിങ് (30), ഫെൻസിങ്് (40), ജൂഡോ(37) ഇനങ്ങളിലും മികച്ചപ്രകടനം കാഴ്ചവയ്ക്കുന്നു. അത്ലറ്റിക്സിൽ  വമ്പൻതാരങ്ങളില്ലെങ്കിലും 33 സ്വർണമടക്കം 122 മെഡൽ ട്രാക്കിൽനിന്നു സ്വന്തമാക്കി.

നീന്തലിൽ 2006‐14 കാലയളവിൽ ആറു സ്വർണമടക്കം 17 മെഡൽ നേടിയ പാർക്ക് തൈ ഹ്വാനാണ് രാജ്യത്തിനായി ഏറ്റവും കൂടുതൽ മെഡൽ നേടിയത്. ഫെൻസിങ്ങിൽ വനിതാതാരം നാം ഹ്യൂൻ ഹീ ആറു സ്വർണമടക്കം ഏഴ് മെഡലണിഞ്ഞു.  ഇത്തവണ 779 അംഗ ടീമാണ് ജക്കാർത്തയിൽ എത്തുന്നത്.

ഉത്തരകൊറിയ 1974 മുതലാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ സോൾ, ഹിരോഷിമ ഗെയിംസികളിൽനിന്ന് വിട്ടുനിന്നു. 1982ലെ ഡൽഹി ഏഷ്യൻ ഗെയിംസിലായിരുന്നു ഏറ്റവും കൂടുതൽ മെഡൽ. 17 സ്വർണമടക്കം 56 മെഡൽ. 1978, 82, 90 ഗെയിംസുകളിലെ നാലാംസ്ഥാനമാണ് മികച്ച നേട്ടം. പിന്നീട് മങ്ങി. 2014ൽ തിരിച്ചുവരവിന്റെ സൂചന കാണിച്ചവർ ഇത്തവണ കൂടുതൽ മെഡൽ നേടുമെന്നാണ് പ്രതീക്ഷ. ഇഞ്ചിയോണിൽ 11 സ്വർണവും 11 വെള്ളിയും 14 വെങ്കലവുമായി ഏഴാം സ്ഥാനമുണ്ട്.

പ്രധാന വാർത്തകൾ
Top