22 September Saturday

‘ഇംഗ്ലീഷ്‌ മയം’

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

ലോകകപ്പിൽ ഇംഗ്ലണ്ട് സെമിയിൽ എത്തിയതിനൊപ്പം മറ്റു ടീമുകളിലും 'ഇംഗ്ലീഷ് സാന്നിധ്യം' ശക്തം. ലോകത്തെ ഏറ്റവും ശക്തവും ജനപ്രീതിയുള്ളതുമായ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ ബൽജിയം, ഫ്രാൻസ്, ക്രൊയേഷ്യ ടീമുകളിലുണ്ട്. സെമിഫൈനലിന് യോഗ്യത നേടിയ ടീമുകളിലെ 92 കളിക്കാരിൽ 39 പേരും പ്രീമിയർ ലീഗിൽ പന്തുതട്ടുന്നവരാണ്. രണ്ടുപേർ ഇംഗ്ലണ്ടിലെ ഫസ്റ്റ് ഡിവിഷനിൽനിന്നാണ്. സ്പാനിഷ്, ഫ്രഞ്ച് ലീഗുകളിൽനിന്ന് 12 വീതം താരങ്ങളുണ്ട്. ജർമനിയിൽനിന്നും ഇറ്റലിയിൽനിന്നും ഏഴുപേർ.  ബൽജിയം, ചൈന, ക്രൊയേഷ്യ ലീഗുകളിൽനിന്ന് രണ്ടുപേർവീതം. റഷ്യ, ഓസ്ട്രിയ, തുർക്കി, ഉക്രയ്ൻ, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും.

സെമിഫൈനലിൽ കളിക്കുന്ന ടീമുകളിലെ താരങ്ങളുടെ ക്ലബ്ബുകളുടെ കാര്യത്തിലും ഇംഗ്ലണ്ടാണ് മുന്നിൽ. പ്രീമിയർ ലീഗിൽ ഇത്തവണ മൂന്നാം സ്ഥാനം നേടിയ ടോട്ടനം ഹോട്സ്പറിൽനിന്നുള്ള ഒമ്പതുപേർ സെമിയിലെത്തിയ ടീമുകളിലുണ്ട്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ക്ലബ്ബുകളിൽനിന്ന് ഏഴുപേർവീതം കളിക്കുന്നു. ലിവർപൂളിൽനിന്ന് നാലും. ഇംഗ്ലീഷ് ക്ലബ്ബുകൾ കഴിഞ്ഞാൽ ഫ്രാൻസിലെ പാരീസ് സെന്റ് ജർെമയ്നിൽനിന്നാണ് കൂടുതൽ‐ നാലുപേർ. സ്പെയ്നിലെ ബാഴ്സലോണയും ഫ്രാൻസിലെ മൊണാകോയും നാലുപേരെ സംഭാവന ചെയ്യുന്നു.

  റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, യുവന്റസ് ക്ലബ്ബുകളിൽനിന്ന് മൂന്നുവീതവും ലെസ്റ്റർ സിറ്റി, ഇന്റർമിലാൻ ക്ലബ്ബുകളിൽനിന്ന് രണ്ടുപേർവീതവും ഉണ്ട്. ഇംഗ്ലീഷ് ക്ലബ്ബുകളായ അഴ്സണൽ, എവർടൺ, ബേൺലി, സ്റ്റോക് സിറ്റി, വെസ്റ്റ് ബ്രോംവിച്ച് ആൽബിയൻ എന്നിവരിൽനിന്ന് ഓരോരുത്തരുണ്ട്.

  ഇംഗ്ലണ്ട് ടീമിലെ മുഴുവൻ പേരും സ്വന്തം ലീഗിൽനിന്നാണ്. ഇംഗ്ലണ്ടും ബൽജിയവും ഫൈനലിൽ കടക്കുകയാണെങ്കിൽ രണ്ടു ടീമുകളുടെയും ആദ്യ ഇലവനിൽ മുഴുവൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങളായാൽപ്പോലും അത്ഭുതമില്ല. ബൽജിയത്തിന്റെ 11 പേർ പ്രീമിയർലീഗിൽനിന്നാണ്. ഫ്രാൻസിന്റെ അഞ്ചുപേരും ക്രൊയേഷ്യയുടെ ഒരു താരവും ഇവിടെനിന്നുതന്നെ. 

പ്രീമിയർ ലീഗ് ശക്തമായിട്ടും 1966നുശേഷം ഇംഗ്ലണ്ടിന് ലോകകപ്പ് നേടാൻ സാധിക്കാത്തത് എന്നും വിമർശിക്കപ്പെടാറുണ്ട്.   അതിനുശേഷം ഒരിക്കൽ മാത്രമാണ് ടീമിന് സെമിഫൈനലിൽപ്പോലും എത്താൻ സാധിച്ചത്. വിദേശതാരങ്ങൾക്ക് ക്ലബ്ബുകൾ അമിതപ്രാധാന്യം നൽകുന്നത് ഇംഗ്ലീഷ് ഫുട്ബോളിന് തിരിച്ചടിയാകുന്നതായി എന്നും പരാതിയുണ്ട്. അഴ്സണലും മറ്റും മുഴുവൻ വിദേശതാരങ്ങളെ ആദ്യ ഇലവനിൽ കളിക്കാൻ ഇറക്കിയ അവസരങ്ങളുണ്ട്. 

കഴിഞ്ഞ കുറേക്കാലമായി ഇംഗ്ലീഷ് ഫുട്ബോൾ മാറ്റത്തിന്റെ പാതയിലാണ്. അണ്ടർ 16 തലംമുതലുള്ള ഫുട്ബോൾ ഗൗരവമായി എടുത്തതാണ് ഉണർവിനു പിന്നിൽ. പ്രീമിയർ ലീഗ് ഈ താരങ്ങൾക്ക് കളിച്ചുതെളിയാൻ അവസരം നൽകുന്നു. യൂറോപ്പിലെയും ആഫ്രിക്കയിലെയും കളിക്കാരെ പണമൊഴുക്കുന്ന പ്രീമിയർ ലീഗ് ക്ലബ്ബുകൾ എന്നും ആകർഷിക്കുന്നു. ഫുട്ബോൾ വിപണനത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ ഏറെ മുന്നിലാണ്. ഏഷ്യയിലെ സമ്പന്നർപോലും ഈ ക്ലബ്ബുകളിൽ പണം മുടക്കാനും ക്ലബ്ബുകൾ സ്വന്തമാക്കാനും രംഗത്തുവരുന്നു.

പ്രധാന വാർത്തകൾ
Top