Top
18
Monday, December 2017
About UsE-Paper

ആന്‍സി നയിച്ചു, കേരളം തുടങ്ങി

Friday Nov 10, 2017
രജീഷ് ബാലന്‍
ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റ് ലോങ്ജമ്പില്‍ കേരളത്തിന്റെ ആന്‍സി സോജന്‍ റെക്കോഡോടെ സ്വര്‍ണം നേടുന്നു ഫോട്ടോ > സുരേന്ദ്രന്‍ മടിക്കൈ

 ഭോപാല്‍ > ദേശീയ സ്കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ഉയിര്‍പ്പ്. ആദ്യദിനം രണ്ട് വെങ്കലത്തില്‍ ഒതുങ്ങിപ്പോയ കേരളം ട്രാക്കിലും പിറ്റിലും ഒരുപോലെ തിളങ്ങി മെഡല്‍പ്പട്ടികയില്‍ രണ്ടാംദിനം ഒന്നാംപടിയിലെത്തി. രണ്ടാംദിനം മീറ്റിന്റെ വേഗക്കാരിപ്പട്ടവും, ഒരു റെക്കോഡടക്കം അഞ്ച് സ്വര്‍ണവും രണ്ടുവെള്ളിയും നിലവിലെ ചാമ്പ്യന്‍മാര്‍ നേടിയെടുത്തു. ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും, പോള്‍വോള്‍ട്ടിലും ലോങ്ജമ്പിലും റെക്കോഡ് പിറന്നു.

പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ സ്വര്‍ണവും വെള്ളിയും നേടിയ ആന്‍സി സോജനും സാന്ദ്ര ബാബുവും 5.94 മീറ്ററില്‍ റെക്കോഡ് തൊട്ടു. ബംഗാളിന്റെ സിബാനി ഭുംജി 2006ല്‍ കുറിച്ച 5.88 മീറ്ററിന്റെ ദൂരമാണ് ഇരുവരും മറികടന്നത്. മീറ്റിന്റെ വേഗക്കാരിപ്പട്ടമണിഞ്ഞ് ആന്‍സി ആദ്യ ഇരട്ടസ്വര്‍ണക്കാരിയുമായി. 12.43 സെക്കന്‍ഡിലാണ് ഈ നാട്ടികക്കാരി ഒന്നാമതെത്തിയത്. കടുത്ത പോരാട്ടത്തില്‍ ഫോട്ടോഫിനിഷില്‍ മഹാരാഷ്ട്രയുടെ അവന്തിക നരാലെയെ (12.47) മൂന്നാമതാക്കി പി ഡി അഞ്ജലി (12.46) വെള്ളിയണിഞ്ഞു. ഡല്‍ഹിയുടെ നിസാര്‍ അഹമ്മദ് 10.76 സെക്കന്‍ഡില്‍ വേഗക്കാരനായി. മഹാരാഷ്ട്രയുടെ കരണ്‍ ഹെഗിസ്തെ (10.84 സെ.) വെള്ളിയും കര്‍ണാടകയുടെ വി എ ശശികാന്ത് (10.85 സെ.) വെങ്കലവും സ്വന്തമാക്കി.

പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സി ചാന്ദിനി, പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഡി പ്രിസ്കില്ല ഡാനിയേല്‍, ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു എന്നിവരും സ്വര്‍ണമണിഞ്ഞു.

ഇതോടെ ഒന്നാംപടിയില്‍ 33 പോയിന്റായി കേരളത്തിന്. 17 പോയിന്റുള്ള തമിഴ്നാടാണ് രണ്ടാമത്. ഡല്‍ഹിയും ഉത്തര്‍പ്രദേശും 12 പോയിന്റോടെ മൂന്നാംപടിയിലും.

ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആദ്യ മൂന്ന് സ്ഥാനക്കാരും നിലവിലെ റെക്കോഡ് മറികടന്നു. വിദ്യാഭാരതിയുടെ അഭിഷേക് സിങ് 18.84 മീറ്ററില്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശിന്റെ സൌരഭ് മിശ്ര 18.63ല്‍ വെള്ളിയും കൂട്ടുകാരന്‍ രുദ്രനാരായണ്‍ പാണ്ഡെ 18.06 മീറ്ററില്‍ വെങ്കലവും സ്വന്തമാക്കി. ഹരിയാനയുടെ മോഹിത് കഴിഞ്ഞവര്‍ഷം കുറിച്ച 17.99 മീറ്ററായിരുന്നു റെക്കോഡ്.
പോള്‍വോള്‍ട്ടില്‍ സ്വന്തം ഉയരം തിരുത്തി വിദ്യാഭാരതിയുടെ ദീപക് യാദവാണ് മൂന്നാംദിനത്തിലെ അവസാന റെക്കോഡിന് ഉടമയായത്. ബറോഡയില്‍ മറികടന്ന 4.31 മീറ്ററിന്റെ ഉയരം 4.45 മീറ്ററാക്കി മാറ്റി ദീപക്.

‌ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ഹരിയാനയുടെ ഭൂപേന്ദര്‍ സിങ് 7.21 മീറ്ററില്‍ റെക്കോഡ് ദൂരം താണ്ടി. 2009ല്‍ ഡല്‍ഹിയുടെ അങ്കിത് ശര്‍മ ചാടിയ 7.16 മീറ്റര്‍ മാഞ്ഞു. വെള്ളിയും വെങ്കലവും ഉത്തര്‍പ്രദേശ് താരങ്ങള്‍ സ്വന്തമാക്കി. 7.08 മീറ്ററില്‍ മുഹമദ് ഷാരൂഖ് രണ്ടാമതും കുശാല്‍ സിങ് (6.91 മീ.) മൂന്നാമതുമെത്തി. കേരളത്തിന്റെ ആകാശ് എം വര്‍ഗീസ് 6.88 മീറ്ററില്‍ നാലാമതും കെ എം ശ്രീകാന്ത് 6.61 മീറ്ററില്‍ ഒമ്പതാമതും. ആയി.
ഇരുവിഭാഗങ്ങളിലെയും 4-100 മീറ്റര്‍ റിലേയടക്കം കേരളത്തിന് മെഡല്‍പ്രതീക്ഷയുള്ള 12 ഫൈനലുകളാണിന്ന്.

Categories