18 October Thursday
ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക്സ്: കേരളത്തിന് 2 വെങ്കലം

രണ്ടില്‍ രണ്ട് റെക്കോഡ്

രജീഷ് ബാലന്‍Updated: Thursday Nov 9, 2017

പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ ആര്‍ ശ്രീലക്ഷ്മി വെങ്കലം നേടുന്നു ഫോട്ടോ > സുരേന്ദ്രന്‍ മടിക്കൈ


ഭോപാല്‍ > തടാകങ്ങളുടെ നാട്ടില്‍ ദേശീയ ജൂനിയര്‍ സ്കൂള്‍ കായികമേളയ്ക്ക് ഇരട്ടറെക്കോഡ് തിളക്കത്തോടെ തുടക്കം. മത്സരയിനങ്ങള്‍ തുടങ്ങിയ ആദ്യദിവസത്തെ രണ്ട് ഫൈനലിലും റെക്കോഡ് പിറന്നു. പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഡല്‍ഹിയുടെ ഹര്‍ഷിത സെഹ്റാവത്ത് പുതിയ ദൂരം കുറിച്ചപ്പോള്‍ തമിഴ്നാടിന്റെ സത്യ തമിഴരസന്‍ പോള്‍വോള്‍ട്ടില്‍ പുതിയ ഉയരം താണ്ടി. രണ്ടിനങ്ങളിലും കേരളം വെങ്കലം നേടി. ഹാമര്‍ത്രോയില്‍ കെസിയ മറിയം ബെന്നിയും പോള്‍വോള്‍ട്ടില്‍ ആര്‍ ശ്രീലക്ഷ്മിയും മൂന്നാംസ്ഥാനത്തെത്തി.

എട്ടു പോയിന്റുമായി തമിഴ്നാടാണ് മെഡല്‍ പട്ടികയില്‍ മുന്നില്‍. അഞ്ചു പോയിന്റുമായി ഡല്‍ഹി രണ്ടാംപടിയിലുള്ളപ്പോള്‍ നാലാംപടിയിലാണ് നിലവിലെ ചാമ്പ്യന്‍മാരായ കേരളം. രണ്ടു പോയിന്റാണ് കേരളത്തിന്. മൂന്നു പോയിന്റുമായി പഞ്ചാബാണ് മൂന്നാം പടിയില്‍.

രാവിലെ ഹീറ്റ്സുകളും യോഗ്യതാമത്സരങ്ങളും മാത്രമാണ് നടന്നത്. എന്നാല്‍ ഉച്ചതിരിഞ്ഞ് പിറ്റിലും ഫീല്‍ഡിലും ഗംഭീര പോരാട്ടം നടന്നു. തന്റെതന്നെ പേരിലുള്ള റെക്കോഡ് തിരുത്തിഹര്‍ഷിത മീറ്റിന്റെ ആദ്യത്തെ റെക്കോഡിനും സ്വര്‍ണത്തിനും ഉടമയായി. 49.75 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ചു ഹര്‍ഷിത. 2015ല്‍ കോഴിക്കോട് കുറിച്ച 46.35 മീറ്ററിന്റെ സ്വന്തം ദൂരംതന്നെ ഈ ഡല്‍ഹിക്കാരി മറികടന്നു. ആറാം ശ്രമത്തിലാണ് റെക്കോഡ് ദൂരം കുറിച്ചത്. 43.35 മീറ്റര്‍ ദൂരത്തില്‍ പഞ്ചാബിന്റെ അമന്‍ദീപ് കൌറിന് വെള്ളി. കേരളത്തിന്റെ കെസിയ മറിയം ബെന്നിക്ക് 40.06 മീറ്ററില്‍ വെങ്കലം. കേരളത്തിന്റെതന്നെ പി എ അതുല്യ (39.16 മീ.) നാലാമതായി.

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഹര്‍ഷിത ഈയിനത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം ബറോഡയിലും സ്വര്‍ണം കുറിച്ചെങ്കിലും പക്ഷേ, 46.15 മീറ്റര്‍ മാത്രമായിരുന്നു എറിഞ്ഞത്. ഡിസംബറില്‍ നടക്കുന്ന പസഫിക് സ്കൂള്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി ഹര്‍ഷിത ഇറങ്ങും. ഈ പതിനാലുകാരിയുടെ ആദ്യ അന്തര്‍ദേശീയ മത്സരമാണ്. ദ്വാരക ശാന്തി ഗ്യാന്‍ നികേതന്‍ സ്കൂളിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനിയാണ് ഹര്‍ഷിത.

കേരളത്തിന്റെ നിവ്യ ആന്റണിയുടെ (3.35 മീ.) പേരിലുള്ള റെക്കോഡാണ് സത്യയുടെ കുതിപ്പില്‍ തകര്‍ന്നത്. മൂന്നുമീറ്റര്‍ ഉയരത്തില്‍ സത്യ മത്സരിക്കാനിറങ്ങുമ്പോള്‍ എതിരാളിയായി നാട്ടുകാരി വി കാവ്യ മാത്രമാണ് അവശേഷിച്ചത്. കാവ്യ 2.90 മീറ്റര്‍ ഉയരത്തില്‍ വെള്ളിയില്‍ അവസാനിച്ചപ്പോള്‍ സത്യയുടെ പോരാട്ടം തനിച്ചായി. ഉയരങ്ങള്‍ ഓരോന്നായി കീഴടങ്ങി. 3.35 മീറ്ററും  3.40 മീറ്ററും ആദ്യ ശ്രമത്തില്‍തന്നെ കീഴടങ്ങി. എന്നാല്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ശ്രമം പരാജയപ്പെട്ടു. ഇതോടെ മത്സരവും അവസാനിപ്പിച്ചു.

2.60 മീറ്ററില്‍ ശ്രീലക്ഷ്മി മൂന്നാമതായി. എസ് അക്ഷര 2.30 മീറ്ററില്‍ അഞ്ചാമതായി.
കേരളത്തിന് മെഡല്‍പ്രതീക്ഷയുള്ള ട്രാക്കിനങ്ങളടക്കം മൂന്നാംദിനം 11 ഫൈനലുകള്‍ നടക്കും.

ഒരുങ്ങി, കേരളം
ഭോപാല്‍ > ആദ്യദിനം രണ്ട് വെങ്കലത്തിലൊതുങ്ങിയെങ്കിലും കേരളം ഹീറ്റ്സില്‍ നല്ല പ്രകടനം കാഴ്ചവച്ചു. ഒരാളൊഴികെ എല്ലാവരും സെമി, ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടി.

1500 മീറ്ററില്‍ പെണ്‍കുട്ടികളില്‍ കേരളത്തിന്റെ സി ചാന്ദ്നിയും മിന്നു പി റോയിയും ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യുവും ജെ അശ്വിനും ഫൈനലില്‍ കടന്നു. ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ യാദവ് നരേഷ് കൃപാല്‍, ജിബിന്‍ തോമസ്, ഹൈജമ്പില്‍ കെ എം ശ്രീകാന്ത്, അബ്രിന്‍ കെ ബാബു, 400 മീറ്ററില്‍ അഭിഷേക് മാത്യു, എസ് കിരണ്‍, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍ കെ സൂര്യജിത്, അഖില്‍ ബാബു, ലോങ്ജമ്പില്‍ കെ എം ശ്രീകാന്ത്, ആകാശ് വര്‍ഗീസ്, ഷോട്ട്പുട്ടില്‍ അലക്സ് ജോസഫ് എന്നിവരും ഫൈനലില്‍ ഇടംപിടിച്ചു.

പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കെസിയ മറിയം ബെന്നി, ലോങ്ജമ്പില്‍ ആന്‍സി സോജന്‍, സാന്ദ്ര ബാബു, 400 മീറ്ററില്‍ ഡി പ്രിസ്കില്ല ഡാനിയല്‍, എ എസ് സാന്ദ്ര, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അന്ന തോമസ് മാത്യു, പി എസ് അതുല്യ എന്നിവരും ഫൈനലിലെത്തി.  4-100 മീറ്റര്‍ റിലേയില്‍ കേരളത്തിന്റെ ഇരുടീമും ഫൈനലിലെത്തി.

പ്രധാന വാർത്തകൾ
Top