19 September Wednesday

സിമിയോണിയുടെ മകന് ഗോളടിച്ച് അരങ്ങേറ്റം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ലൊസാഞ്ചലസ്
ദേശീയ ടീം കുപ്പായത്തിൽ ദ്യേഗോ സിമിയോണിയുടെ മകൻ ജിയോവാനി സിമിയോണിക്ക് ഗംഭീര അരങ്ങേറ്റം. ഗ്വാട്ടിമലക്കെതിരെ അർജന്റീന മൂന്നു ഗോൾ ജയംകുറിച്ച സൗഹൃദമത്സരത്തിൽ ഒരു ഗോൾ ജിയോവാനിയുടെ വകയായിരുന്നു. 23 വയസ്സുള്ള മുന്നേറ്റക്കാരൻ ഇറ്റാലിയൻ ക്ലബ് ഫിയന്റീനയുടെ താരമാണ്.

അർജന്റീനയ്ക്കായി മൂന്നു ലോകകപ്പ് കളിച്ചിട്ടുണ്ട് സിമിയോണി. ക്ലബ് തലത്തിൽ അത്ലറ്റികോ മാഡ്രിഡിനായി കളത്തിലിറങ്ങിയ മധ്യനിരക്കാരൻ ദീർഘകാലമായി  ക്ലബ്ബിന്റെ  പരിശീലകനാണ്. സിമിയോണിയുടെ മൂന്ന് ആൺമക്കളിൽ മൂത്തവനാണ് ജിയോവാനി. കളിക്കാലത്ത് സിമിയോണി മാഡ്രിഡിലായിരുന്നപ്പോഴാണ്  ജിയോവാനിയുടെ ജനനം. അതിനാൽ സ്പെയ്ൻ പൗരത്വവുമുണ്ട്. ദേശീയ ടീം തെരഞ്ഞെടുക്കേണ്ടി വന്നപ്പോൾ സ്പെയ്നെ കൈവിട്ടു.

ജൂനിയർ തലത്തിൽ അർജന്റീനയ്ക്കായി നിരവധി മത്സരങ്ങൾ കളിച്ചു. പിതാവ് അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച് 16 വർഷം പിന്നിടവെയാണ് സീനിയർ ടീം അരങ്ങേറ്റം. ഫിയന്റീനയിൽ എത്തും മുമ്പ് അർജന്റീനയിൽ റിവർപ്ലേറ്റിനും ഇറ്റലിയിൽ ജിനോവയ്ക്കും കളിച്ചു.


പ്രധാന വാർത്തകൾ
Top