26 September Wednesday

തോറ്റവർ, പക്ഷേ പോരാളികൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

മോസ്കോ

തോറ്റിട്ടും അവരെ റഷ്യ പോരാളികൾ എന്നുവിളിക്കുന്നു,  ലോകകപ്പിൽ റഷ്യ ക്വാർട്ടറിൽ കടക്കുമെന്നും ഇതുപോലെ അവിസ്മരണീയപോരാട്ടം നടത്തുമെന്നും ആരും കരുതിയതല്ല. ലോകറാങ്ക് 70 ആണ്. സമീപകാലത്തൊന്നും മികച്ച പ്രകടനമില്ല.

ലോകകപ്പിനുമുമ്പ് ഏഴ് സൗഹൃദമത്സരങ്ങൾ കളിച്ചെങ്കിലും മുഴുവനും തോറ്റു. എന്നാൽ, സൗദി അറേബ്യയെ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തകർത്തായിരുന്നു ലോകകപ്പിലെ അരങ്ങേറ്റം. തുടർന്ന് ഈജിപ്തിനെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി. ഉറുഗ്വേയോട് അവസാന ഗ്രൂപ്പ് മത്സരത്തിൽ മൂന്ന് ഗോളിന് തോറ്റ് രണ്ടാംസ്ഥാനക്കാരായാണ് പ്രീക്വാർട്ടറിൽ കടന്നത്. അവിടെ സ്പെയ്നിനെ തോൽപ്പിച്ചു. ഷൂട്ടൗട്ടിൽ റഷ്യ ജയിച്ചുകയറിയപ്പോൾ അത് ചരിത്രമായി. ക്വാർട്ടറിൽ ക്രൊയേഷ്യയ്ക്കെതിരെ അവസാനനിമിഷംവരെ പൊരുതിയാണ് അവരുടെ പിൻവാങ്ങൽ.

ഗോൾകീപ്പർ അകിൻഫീവിന്റെ ഉജ്വലപ്രകടനത്തിന് ലോകകപ്പ് സാക്ഷിയായി. പ്രതിരോധത്തിൽ ഉരുക്കുകോട്ടതന്നെ കെട്ടി. ഇഗ്നാഷെവിച്ചും മരിയോ ഫെർണാണ്ടസും കുഡ്രിയാഷോവും ഉൾപ്പെട്ട പ്രതിരോധത്തെ മറികടക്കുക ദുഷ്കരമായിരുന്നു. 60 മത്സരങ്ങൾ വിലയിരുത്തുമ്പോൾ ഏറ്റവും മികച്ച പ്രതിരോധം റഷ്യയുടേതാണ്. മധ്യ നിരയിൽ കളംഭരിച്ച ഡെനിസ് ചെറിഷേവ് നാല് ഗോളടിച്ചു. മുന്നേറ്റത്തിൽ ആർടം സ്യൂബയെന്ന സ്ട്രൈക്കർ  അപകടകാരിയായിരുന്നു. സ്യൂബ മൂന്ന് ഗോളടിച്ചു.

11 ഗോളടിച്ച് ഏഴെണ്ണം തിരിച്ചുവാങ്ങിയ റഷ്യയുടെ മുന്നേറ്റത്തിൽ കോച്ച് സ്റ്റാനിസ്ലേവ് ചെർചെസോവിന്റെ തന്ത്രങ്ങൾ നിർണായകമായി. ഈ മികച്ച പ്രകടനം റഷ്യൻ ഫുട്ബോളിന് ഊർജം പകരും. സോവിയറ്റ് യൂണിയന്റെ കാലത്ത് 1966ൽ നാലാംസ്ഥാനം നേടിയതാണ് ഏറ്റവുംവലിയ നേട്ടം. 1958, 1962, 1970 വർഷങ്ങളിൽ ക്വാർട്ടർഫൈനലിലുമെത്തി. എന്നാൽ, റഷ്യൻടീമായശേഷമുള്ള ആദ്യ ക്വാർട്ടറായിരുന്നു ഇന്നലത്തേത്. 1994, 2002, 2014 ലോകകപ്പുകളിൽ ഗ്രൂപ്പ് മത്സരത്തിൽ പുറത്തായി. 1998, 2006, 2010 ലോകകപ്പുകളിലേക്ക് യോഗ്യത നേടാൻപോലുമായില്ല. ഈ സാഹചര്യത്തിൽ 2018ലെ പ്രകടനം ഗംഭീരംതന്നെ.

ഈ കളിക്കാരിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് വ്ളാഡിമർ പുടിൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. 'പൊരുതിയാണ് കീഴടങ്ങിയത്. ഇവർ യഥാർഥ നായകന്മാരാണ്'. ടീമിനെ പ്രസിഡന്റ് ക്രെംലിൻ കൊട്ടാരത്തിലേക്ക് അതിഥികളായി ക്ഷണിച്ചു.

പ്രധാന വാർത്തകൾ
Top