23 September Sunday

ലോകകപ്പ്‌ സന്നാഹ മത്സരങ്ങൾ ഉറുഗ്വേ, ഇംഗ്ലണ്ട്, പോർച്ചുഗൽ ജയിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

ഉസ്‌ബെക്കിസ്ഥാനെതിരെ ഉറുഗ്വെയുടെ ലൂയിസ്‌ സുവാരസിന്റെ ഗോൾശ്രമം


മോസ്കോ
ലോകകപ്പ് സന്നാഹമത്സരങ്ങളിൽ ഉറുഗ്വേ, ഇംഗ്ലണ്ട്, പോർച്ചുഗൽ ടീമുകൾക്ക് ജയം. ഐസ്ലൻഡ് സമനില വഴങ്ങി.
ഉസ്ബെക്കിസ്ഥാനെ മൂന്നുഗോളിന് തോൽപ്പിച്ചാണ് ഉറുഗ്വേ ഒരുങ്ങിയത്. സൂപ്പർതാരം ലൂയിസ് സുവാരസ് ഉറുഗ്വേയ്ക്കായി ലക്ഷ്യംകണ്ടു. ജോർജിയൻ ഡി അറാസ്കയെറ്റ, ഹോസെ മരിയ ജിമിനെസ് എന്നിവരും ഉറുഗ്വേയ്ക്കായി ഗോളടിച്ചു.

റാങ്കിങ്പട്ടികയിൽ 81 സ്ഥാനം പിന്നിലുള്ള ഉസ്ബെക്കിസ്ഥാനെതിരെ ഉറുഗ്വേ മികച്ച കളി പുറത്തെടുത്തു. ആദ്യ അരമണിക്കൂറിൽ ഉറുഗ്വേ മുന്നിലെത്തി. എഡിൻസൺ കവാനിയും സുവാരസും ചേർന്നൊരുക്കിയ നീക്കത്തിൽ അറാസ്കയെറ്റ ഗോൾ നേടി. രണ്ടാംപകുതിയുടെ തുടക്കത്തിൽ പെനൽറ്റിയിലൂടെ സുവാരസ് ലീഡുയർത്തി. അവസാനനിമിഷം കോർണറിൽ തലവച്ച് ജിമിനെസ് ഉറുഗ്വേ ജയം പൂർത്തിയാക്കി. കഴിഞ്ഞ ഒമ്പത് കളിയിൽ ഉറുഗ്വേ ഒരു കളി മാത്രമേ തോറ്റിട്ടുള്ളൂ.

കോസ്റ്റ റിക്കയെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഒരുങ്ങിയത്. മാർകസ് റാഷ്ഫഡിന്റെ തകർപ്പൻ ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ട് ഡാനി വെൽബെക്കിലൂടെ ജയം ഉറപ്പിച്ചു. ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. രണ്ടുദിവസം മുമ്പ് നൈജീരിയയെയും ഇംഗ്ലണ്ട് കീഴടക്കി.

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയ കളിയിൽ പോർച്ചുഗൽ മൂന്നു ഗോളിന് അൾജീരിയയെ തകർത്തു. മുന്നേറ്റക്കാരൻ ഗൊൺസാലോ ഗുയെദിസ് ഇരട്ടഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസും ലക്ഷ്യംകണ്ടു. ഫെർണാണ്ടസിന്റെ ഗോളിന് റൊണാൾഡോ അവസരമൊരുക്കി.

ഐസ്ലൻഡ് ഘാനയുമായി രണ്ടുവീതം ഗോളടിച്ച് അവസാനിപ്പിച്ചു. രണ്ടു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ഐസലൻഡ് സമനില വഴങ്ങിയത്.

ദക്ഷിണ കൊറിയ നിരാശപ്പെടുത്തി. ദുർബലരായ ബൊളീവിയയോട് കൊറിയ ഗോളടിക്കാതെ തിരിച്ചുകയറി.

പ്രധാന വാർത്തകൾ
Top