18 September Tuesday

ദേശീയ സീനിയർ അത്ലറ്റിക്‌ മീറ്റ് : ജിൻസണ് ഡബിൾ

എം പ്രശാന്ത്Updated: Friday Mar 9, 2018

1500 മീറ്ററിൽ ജിൻസൺ ജോൺസൺ സ്വർണത്തിലേക്ക്‌ കുതിക്കുന്നു

പട്യാല > ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സിന്റെ അവസാനദിവസം ട്രിപ്പിൾജമ്പിൽ ഹരിയാനയുടെ അർപീന്ദർ സിങ്ങും 400 മീ. ഹർഡിൽസിൽ തമിഴ്നാടിന്റെ ധരുൺ അയ്യസാമിയും കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി. ദേശീയ റെക്കോഡ് തിരുത്തിയാണ് ധരുൺ സ്വർണമണിഞ്ഞത്.

1500 മീറ്ററിൽ കേരളത്തിന്റെ ജിൻസൺ ജോൺസൺ മീറ്റ്റെക്കോഡോടെ ഇരട്ടസ്വർണനേട്ടം പൂർത്തിയാക്കി. എന്നാൽ തലനാരിടയ്ക്ക് കോമൺവെൽത്ത് യോഗ്യത നഷ്ടമായി. 800 മീറ്ററിലും നേരിയ വ്യത്യാസത്തിലാണ് ജിൻസണ് യോഗ്യത നഷ്ടമായത്. 1500 മീറ്ററിൽ പി യു ചിത്ര കേരളത്തിനായി സ്വർണം നേടി. പുരുഷ‐വനിത 200 മീറ്ററിൽ സ്വർണം നേടിയ തമിഴ്നാടിന്റെ ശിവകുമാറും അസമിന്റെ ഹിമ ദാസും ഇരട്ടസ്വർണനേട്ടം കൈവരിച്ചു. 3000 മീ. സ്റ്റീപ്പിൾ ചെയ്സിൽ ഹരിയാനയുടെ നവീൻകുമാർ മീറ്റ്റെക്കോഡ് തിരുത്തി.

ട്രിപ്പിളിൽ തന്റെ അഞ്ചാം ശ്രമത്തിൽ 16.61 മീ. ചാടിയ അർപീന്ദർ സ്വർണവും കോമൺവെൽത്ത് യോഗ്യതയും സ്വന്തമാക്കി. 16.51 മീ. ചാടിയ രഞ്ജിത് മഹേശ്വരി വെള്ളി നേടി. ഇന്ത്യൻ ഗ്രാൻപ്രീയിൽ സ്വർണം നേടിയ എ വി രാകേഷ്ബാബു 16.31 മീറ്ററിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

1500 മീറ്ററിൽ 3:39.69 എന്ന സമയത്തിലാണ് ജിൻസൺ ഫിനീഷിങ്പോയിന്റ് പിന്നിട്ടത്. 3:39.50 ആയിരുന്നു കോമൺവെൽത്ത് യോഗ്യതാ മാർക്ക്. ഹംസ ചാത്തോളിയുടെ മീറ്റ്റെക്കോഡാണ് ജിൻസൻ ഭേദിച്ചത്. ഹരിയാനയുടെ മഞ്ജിത് സിങ്ങും ബിർ സിങ്ങും വെള്ളിയും വെങ്കലവും നേടി. 4:15.25 സമയത്തിലാണ് പി യു ചിത്ര 1500 മീറ്ററിൽ സ്വർണം നേടിയത്. ബംഗാളിന്റെ ഷിപ്ര സർക്കാരിനാണ് വെള്ളി.

വനിതകളുടെ 400 മീ. ഹർഡിൽസിൽ കർണാടകയുടെ അർപിതയ്ക്കു (57.43) പിന്നിൽ കേരളത്തിന്റെ ആർ അനു (58.05) രണ്ടാമതായി. പഞ്ചാബിന്റെ വീർപാൽ കൗറിന് വെങ്കലം. പുരുഷന്മാരുടെ 110 മീ. ഹർഡിൽസിൽ ദേശീയ റെക്കോഡിന് ഉടമയായ മഹാരാഷ്ട്രയുടെ സിദ്ധാന്ത് തിങ്കാലയ (13.76 സെക്കൻഡ്) സ്വർണം നേടി. കേരളത്തിന്റെ മെയ്മോൻ പൗലോസിനാണ് (14.08) വെള്ളി. വനിതാ ഹെപ്റ്റാത്ലണിൽ 5299 പോയിന്റോടെ കേരളത്തിന്റെ ലിക്സി ജോസഫ് വെള്ളി നേടി. 5815 പോയിന്റ് നേടിയ ഒഡിഷയുടെ പൂർണിമ ഹേംബാറാമിനാണ് സ്വർണം.
400 മീ. ഹർഡിൽസിൽ 49.45 സെക്കൻഡിനാണ് ധരുൺ കോമൺവെൽത്ത് യോഗ്യത നേടിയത്. ഒപ്പം കേരളത്തിന്റെ ജോസഫ് എബ്രഹാം 2007ൽ ഒസാക്കയിൽ സ്ഥാപിച്ച 49.51 സെക്കൻഡ് റെക്കോഡ്സമയം തിരുത്തുകയും ചെയ്തു.

അസമിൽനിന്നുള്ള പതിനെട്ടുകാരി ഹിമ ദാസ് 400 മീറ്ററിലെ അത്ഭുതപ്രകടനം 200 മീറ്ററിലും ആവർത്തിച്ചു (23.37 സെ.). 21.14 സെക്കൻഡിൽ തമിഴ്നാടിന്റെ ശിവകുമാർ ഇരട്ടസ്വർണം പൂർത്തിയാക്കി.

പ്രധാന വാർത്തകൾ
Top