11 December Tuesday

മിനർവ ഐ ലീഗ്‌ ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

ലുധിയാന/കൊൽക്കത്ത > ദേശീയ ഫുട്ബോൾ ലീഗ് കിരീടം മിനർവ പഞ്ചാബിന്. അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ ഒറ്റഗോളിന് തോൽപ്പിച്ചാണ് മിനർവ ചാമ്പ്യൻമാരായത്. 18 കളിയിൽ 35 പോയിന്റുണ്ട്. ആദ്യമായാണ് പഞ്ചാബിൽനിന്ന് ഐ ലീഗ് കിരീടത്തിന് അവകാശികൾ ഉണ്ടായത്. 15‐ാം മിനിറ്റിൽ വില്യം ഒപോകു അസീദു നേടിയ ഏക ഗോൾ കിരീടാവകാശികളെ നിർണയിച്ചു.

ഈസ്റ്റ് ബംഗാളിനെ ഒരുഗോൾ സമനിലയിൽ തളച്ച് വടക്കുകിഴക്കന്മാരായ നെരോക എഫ്സി രണ്ടാമതും ഗോകുലം കേരള എഫ്സിയോട് സമനിലയിൽ കുരുങ്ങി മോഹൻ ബഗാൻ മൂന്നാമതുമെത്തി. ഈസ്റ്റ് ബംഗാളാണ് നാലാമത്. നെരോകയ്ക്ക് 32ഉം ബഗാനും ഈസ്റ്റ് ബംഗാളിനും 31ഉം വീതമാണ് പോയിന്റ്. നിലവിലെ ചാമ്പ്യൻമാരായ ഐസ്വാൾ എഫ്സി 24 പോയിന്റുമായി അഞ്ചാമതും അണ്ടർ 17 ഇന്ത്യൻ ടീമിലെ അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ആരോസ് 15 പോയിന്റുമായി അവസാനപടിയിലും സീസൺ അവസാനിപ്പിച്ചു.

നിർണായക മത്സരങ്ങളാണ് ലീഗിന്റെ അവസാനദിനത്തിൽ നടന്നത്. മൂന്നു കളിയിലും കിരീടം നേടാൻ സാധ്യതയുള്ള ആദ്യ നാലുസ്ഥാനക്കാർ ഇറങ്ങി. നാലു സംഘവും തമ്മിൽ വ്യത്യാസം രണ്ടുപോയിന്റ് മാത്രം. ജയിച്ചാൽ മിനർവയ്ക്കും, മിനർവ തോറ്റാലോ സമനിലയിലായാലോ നെരോകയ്ക്കും, ബഗാനും ഈസ്റ്റ് ബംഗാളിനും ഒരുപോലെയായിരുന്നു ചാമ്പ്യൻ പട്ടത്തിലേക്കുള്ള അകലം. നെരോകയെ തോൽപ്പിച്ചാൽ ഈസ്റ്റ് ബംഗാളും ഇവർ തമ്മിലുള്ള കളി സമനിലയിലായാൽ ജയം ബഗാനും കിരീടമൊരുക്കുമായിരുന്നു.
എന്നാൽ ചർച്ചിൽ ബ്രദേഴ്സിനെ മിനർവ കീഴ്പ്പെടുത്തിയതോടെ ശേഷിച്ച സമവാക്യങ്ങൾ വെറുതെയായി.  ജെസിടി ഫഗ്വാരയ്ക്കുശേഷം ദേശീയ ലീഗിൽ കിരീടം നേടുന്ന ആദ്യ പഞ്ചാബ് ടീമായി മിനർവ.

കഴിഞ്ഞ എട്ടു കളിയിൽ രണ്ടിൽ മാത്രം ജയിച്ചാണ് മിനർവ ചർച്ചിലിനെതിരെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയത്. ലീഗിലെ ദുർബലരായ ചെന്നൈ സിറ്റി എഫ്സിയോട് കഴിഞ്ഞ കളി തോറ്റതും മിനർവയ്ക്ക് ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ചർച്ചിലിന്റെ പേടിച്ച കളി മിനർവയ്ക്ക് ആത്മവിശ്വാസം നൽകി. 13‐ാം മിനിറ്റിൽ ആകാശ് സങ്വാന്റെ ഗോൾശ്രമം ഗോവൻ ഗോളി റികാർഡോ കർദോസോ കുത്തിയകറ്റിയതിനു പിന്നാലെ വില്യം അസീദു വലകുലുക്കി. വലതുവശത്തുനിന്ന് ചെഞ്ചോ തൊടുത്ത അടി കർദോസോ തടുത്തു. പന്തെത്തിയത് സങ്വാന്റെ കാലിൽ. അടി പാളി, ഇക്കുറി പന്ത് അസീദുവിലേക്ക്. ക്ലോസ് റേഞ്ചിൽ ഈ ഘാനക്കാരൻ വലകുലുക്കി. ഗോവക്കാർ പതറി. കളി മിനർവയുടെ കാലിൽതന്നെ നിന്നു. ഇടവേളകഴിഞ്ഞ് ചർച്ചിൽ താളം കണ്ടെത്തി. ദാവ്ദ സീസെയും വിലിസ് പ്ലാസയും ആക്രമിച്ചു. പക്ഷേ മിനർവ പ്രതിരോധവും ഗോളി കിരൺ ലിമ്പുവും കോട്ടകെട്ടി. അവസാന നിമിഷങ്ങളിൽ ഗോൾവഴങ്ങാതിരിക്കാൻ മിനർവ കിണഞ്ഞുശ്രമിച്ചു. ഫലമുണ്ടായി. ഗോവക്കാർ തരംതാഴ്ത്തലിലേക്ക്‌ വീഴുകയും ചെയ്‌തു.

കൊൽക്കത്തയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി. നൈജീരിയക്കാരൻ ഡുഡു ഒമാഗ്ബെമിയാണ് അവസരങ്ങൾ തുലയ്ക്കാൻ മുന്നിൽനിന്നത്. മലയാളിതാരം ജസ്റ്റിനും ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിക്കാൻ അവസരമുണ്ടായിരുന്നു. മറുവശത്ത് കിട്ടിയ അവസരത്തിൽ ഫെലിക്സ് ചിഡി നെരോകയുടെ ഗോൾ നേടി. 71‐ാം മിനിറ്റിൽ ഡുഡു പ്രായശ്ചിത്തം ചെയ്തു.

േഗാകുലത്തിന്‌ സമനില
സൂപ്പർകപ്പിന്‌
കാത്തിരിക്കണം
സ്വന്തം ലേഖകൻ
കോഴിക്കോട് > ഐ ലീഗ് ഫുട്ബോളിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്സിക്ക് മോഹൻ ബഗാനെതിരെ ഒരുഗോൾ സമനില. ഇതോടെ 18 കളിയിൽ ഗോകുലത്തിന്റെ സമ്പാദ്യം 21 പോയിന്റ്. ആറ് ജയവും ഒമ്പത് തോൽവിയും മൂന്ന് സമനിലയുമാണ് സീസണിലെ നേട്ടം. 
കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഗോകുലം ബഗാനെ കീഴടക്കിയിരുന്നു. ആദ്യത്തെ ഒമ്പത് കളിയിൽ നാലു പോയിന്റ് മാത്രമുണ്ടായിരുന്ന ഗോകുലം അവസാന ഒമ്പത് മത്സരത്തിൽ 17 പോയിന്റോടെ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്.
കോർപറേഷൻ ഇ എം എസ് സറ്റേഡിയത്തിൽ ബഗാനാണ് ആദ്യം ഗോളടിച്ചത്. 25‐ാം മിനിറ്റിൽ കാമറൂൺ താരം ദിപാന്ത ഡിക്ക വലകുലുക്കി. ഇടവേളയ്ക്കു പിരിയുന്നതിന് നിമിഷങ്ങൾ ബാക്കിയിരിക്കെ ഉഗാണ്ടൻ താരം ഹെൻറി കിസേക്ക ആതിഥേയരെ ഒപ്പമെത്തിച്ചു.
 

പ്രധാന വാർത്തകൾ
Top