12 December Wednesday

ടോട്ടനം പുറത്ത്, സിറ്റി കയറി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


ലണ്ടൻ > ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ച് സ്വന്തം മൈതാനിയിലിറങ്ങിയ ടോട്ടനം ഹോട്സ്പറിനെ ഇറ്റലിയുടെ യുവന്റസ് ഞെട്ടിച്ചു. വെംബ്ലിയിൽ ടോട്ടനത്തിന്റെ ആരാധകരെതന്നെ സാക്ഷിനിർത്തി യുവന്റസ് രണ്ട് ഗോൾ അടിച്ചിട്ടതോടെ അവർ ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിൽ ഇടംപിടിക്കാതെ മടങ്ങി. 2‐1നാണ് യുവന്റസ് ജയം. ആദ്യപാദം 2‐2 ആയിരുന്നു. ആകെ 4‐3ൽ യുവന്റസ് കയറി.

പ്രീമിയർ ലീഗിൽ ചാമ്പ്യൻപദവിയിലേക്കു കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം പാദത്തിൽ ബാസെലിനോട് 1‐2ന് തോറ്റെങ്കിലും ആദ്യപാദത്തിലെ 4‐0 അവരെ ക്വാർട്ടറിലെത്തിച്ചു. ആകെ 5‐2.

യുവന്റസിന്റെ തട്ടകത്തിലെ ആദ്യപാദ മത്സരത്തിൽ രണ്ട് ഗോൾ നേടിയതിന്റെ ആനുകൂല്യത്തിലാണ് ടോട്ടനം ഇറങ്ങിയത്. ഒന്നാം പകുതി അവസാനിക്കുന്നതിനുമുമ്പ് ഒരു ഗോൾകൂടി അടിച്ച് ടോട്ടനം അടുത്തപടി ഉറപ്പിക്കുകയും ചെയ്തു. എന്നാൽ എല്ലാ കണക്കുകൂട്ടലും യുവന്റസ് രണ്ടാം പകുതിയിൽ തെറ്റിച്ചു. ഗൊൺസാലൊ ഹിഗ്വെയ്ൻ, പാവ്ലോ ഡിബാല എന്നീ അർജന്റീനക്കാരുടെ കാലുകളിൽ ടോട്ടനത്തെ സംഹരിക്കാനുള്ള വെടിമരുന്നുണ്ടായി. രണ്ടാം പകുതിയിൽ മൂന്നു മിനിറ്റിനകമാണ് ഈ ഗോളുകൾ.

യുവന്റസിനെതിരെ ആദ്യപാദത്തിൽ രണ്ട് ഗോൾ മടക്കിയ ടോട്ടനം നിരയിൽ മാറ്റങ്ങളില്ലാതെയാണ് മൗറീസിയോ പൊച്ചെട്ടീനോ ടീമിനെ ഇറക്കിയത്. സൺ ഹിയൂങ് മിന്നിനെ ആദ്യ പതിനൊന്നിൽതന്നെ ഇറക്കി. ഇതിന് ഗുണവുമുണ്ടായി. യുവന്റസ് നിരയിലേക്ക് ഇരച്ചുകയറി സൺ. സണ്ണിലൂടെതന്നെ ടോട്ടനം മുന്നിലെത്തുകയും ചെയ്തു. ജിയാൻലുജി ബുഫൺ കാത്ത യുവന്റസ് വലയിൽ സൺ പന്തെത്തിച്ചു. ടോട്ടനത്തിന്റെ വെർട്ടോഗെൻ യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റയെ ബോക്സിൽ വീഴ്ത്തിയത് റഫറി കണ്ടില്ല. ഉറച്ച പെനൽറ്റി യുവന്റസിന് കിട്ടിയില്ല. ജയം ഉറപ്പിച്ച് ടോട്ടനം വിശ്രമത്തിന് മടങ്ങി.

പക്ഷെ രണ്ടാം പകുതിയിൽ യുവന്റസ് മാറി. കനത്ത പ്രതിരോധം ഉറപ്പിച്ച് യുവന്റസ് ആഞ്ഞടിച്ചു. സാമി ഖെദിരയുടെ പാസിൽ ഹിഗ്വെയ്ൻ ലക്ഷ്യംകണ്ടു. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ടോട്ടനം പ്രതിരോധക്കാർക്കിടയിലൂടെ കിട്ടിയ പന്ത് പിടിച്ച് പാഞ്ഞ ഡിബാല മനോഹരമായ ഷോട്ടിൽ ടോട്ടനത്തിന്റെ ഹൃദയംപിളർന്നു.

അവസാനഘട്ടത്തിൽ ടോട്ടനം പൊരിഞ്ഞുകളിച്ചു. കിയല്ലേനി എന്ന ഉരുക്കുമനുഷ്യൻ പ്രതിരോധത്തിൽ കോട്ടകെട്ടി. എങ്കിലും കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ ഹാരി കെയ്ൻ യുവന്റസ് വലയിലേക്ക് പൊള്ളുന്ന ഹെഡർ പായിച്ചു. ക്രോസ്ബാറിന്റെ അകത്ത് തട്ടി പന്ത് പുറത്തേക്കു തെറിച്ചു, അതോടെ ടോട്ടനവും. 2010‐11ലാണ് ടോട്ടനം അവസാനമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കളിച്ചത്.

നാലു ഗോളിന്റെ മേൽക്കൈയുമായി സ്വിസ് ക്ലബ് ബാസെലിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി തുടക്കത്തിൽതന്നെ ഒരു ഗോൾകൂടി അടിച്ച് ജയം ഉറപ്പിച്ചു. ഗബ്രിയേൽ ജീസസാണ് ഗോൾ നേടിയത്. രണ്ടു ഗോൾ ബാസെൽ മടക്കിയെങ്കിലും കാര്യമുണ്ടായില്ല.

പ്രധാന വാർത്തകൾ
Top