19 December Wednesday

പെയ്തില്ല, റണ്‍മഴ

വി എസ് വിഷ്ണുപ്രസാദ്Updated: Wednesday Nov 8, 2017

ഇഷ് സോധിയുടെ പന്തില്‍ പുറത്തായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നിരാശ ഫോട്ടോ > ജി പ്രമോദ്


തിരുവനന്തപുരം >  മഴ പെയ്തൊഴിഞ്ഞിട്ടും റണ്‍ മഴയുണ്ടായില്ല ഗ്രീന്‍ഫീല്‍ഡില്‍. റണ്‍ മഴയ്ക്കായി കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. ഇന്ത്യന്‍ നിരയില്‍ 11 പന്തില്‍ 17 റണ്ണെടുത്ത മനീഷ് പാണ്ഡെയാണ് ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (6 പന്തില്‍ 13), ഹാര്‍ദിക് പാണ്ഡ്യ (10 പന്തില്‍ 14*) എന്നിവര്‍ പൊരുതാന്‍ ശ്രമിച്ചു. രോഹിത് ശര്‍മ (9 പന്തില്‍ 8), ശിഖര്‍ ധവാന്‍ (6 പന്തില്‍ 6), ശ്രേയസ് അയ്യര്‍ (6 പന്തില്‍ 6) എന്നീ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് തിളങ്ങാനായില്ല.

എട്ടോവറിന്റെ ആദ്യ 12 പന്ത് മാത്രമാണ് പവര്‍ പ്ളേയ്ക്ക് കിട്ടിയത്. ഇതില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നേടിയതാകട്ടെ 14 റണ്ണും. ആദ്യ ഓവര്‍ എറിയാനെത്തിയ പേസര്‍ ട്രെന്റ് ബോള്‍ട്ട്. കഴിഞ്ഞ കളിയിലെ മികച്ച വിക്കറ്റ് വേട്ടക്കരനായ ബോള്‍ട്ടിന്റെ ആദ്യ പന്ത് തന്നെ രോഹിത് ശര്‍മയെ വിറപ്പിച്ചു. ഈ വലംകൈയന്റെ ബാറ്റില്‍തട്ടി ആദ്യ റണ്‍. രണ്ടാമത്തെ പന്ത് ശിഖര്‍ ധവാന്റെ ബാറ്റിന് അരികിലൂടെ മൂളിപ്പറന്നു. സ്വിങ് ബൌളിന്റെ മനോഹാരിത കാട്ടിത്തന്നു ബോള്‍ട്ട്. നാലാമത്തെ പന്തില്‍ കണ്ണുംപൂട്ടിയടിച്ച ധവാന്‍ ഭാഗ്യത്തിനാണ് ക്യാച്ചില്‍നിന്ന് രക്ഷപ്പെട്ടത്. തൊട്ടടുത്ത ബൌണ്ടറി പായിച്ച് ധവാന്‍ ആശ്വാസം നേടി.

രണ്ടാമത്തെ ഓവര്‍ സ്പിന്നര്‍ മിച്ചെല്‍ സാന്റ്നെര്‍ക്കാണ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നല്‍കിയത്. ആദ്യ പന്ത് രോഹിത് ബാറ്റിന് അരികില്‍കുത്തി കറങ്ങി ഉയര്‍ന്നു. ആ ഓവറില്‍ ആകെ ആറ് റണ്ണാണ് നേടാനായത്.

മൂന്നാം ഓവര്‍ എറിയാനെത്തിയ ടിം സൌത്തി ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. ഓപ്പണര്‍മാര്‍ പുറത്ത്. രണ്ടാമത്തെ പന്ത് ഓഫ് കട്ടറായിരുന്നു. കയറി അടിക്കാനായിരുന്നു ധവാന്റെ ശ്രമം . പന്ത് ബാറ്റില്‍കൊണ്ടെങ്കിലും ഉദ്ദേശിച്ച ദൂരം കണ്ടില്ല. ഡീപ് സ്ക്വയര്‍ ലെഗിലൂടെ ഓടിയ സാന്റ്നെര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ധവാനെ മടക്കി. തൊട്ടടുത്ത പന്തില്‍ രോഹിത്തും പുറത്ത്. ഇക്കുറിയും ഓഫ് കട്ടറായിരുന്നു. പുള്‍ ചെയ്യാനായിരുന്നു രോഹിത്തിന്റെ ശ്രമം. പക്ഷേ, അത് അല്‍പ്പം നേരത്തെ ആയിപ്പോയി. സാന്റ്നെര്‍ മറ്റൊരു മിന്നുന്ന ക്യാച്ചിലൂടെ ഇന്ത്യയെ ഞെട്ടിച്ചു.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി എത്തിയതിനുശേഷമാണ് ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിന് ജീവന്‍ വച്ചത്്. ഇഷ് സോധിയുടെ ഓവറില്‍ തുടര്‍ച്ചയായി ബൌണ്ടറിയും സിക്സറും പറത്തി കോഹ്ലി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. പക്ഷേ, ആ ആവേശം ഓവറിലെ അഞ്ചാമത്തെ പന്തില്‍ തീര്‍ന്നു. മറ്റൊരു സിക്സറിന് ശ്രമിച്ച  കോഹ്ലിയെ ബൌണ്ടറി വരയ്ക്കരികെ ബോള്‍ട്ട് പിടികൂടി. ഇന്ത്യയുടെ സ്കോര്‍ 3-30.

അവസാന ഓവറുകളിലും ഇന്ത്യ പ്രതീക്ഷിച്ച റണ്‍ കിട്ടിയില്ല. ന്യൂസിലന്‍ഡ് ബൌളര്‍മാര്‍ കൃത്യതയോടെ തന്ത്രപരമായി പന്തെറിഞ്ഞു. ആറാമത്തെ ഓവറില്‍ ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടമായി. സോധിയുടെ പന്തില്‍ സിക്സറിന് ശ്രമിച്ച ശ്രേയസ് അയ്യര്‍ മാര്‍ടിന്‍ ഗപ്റ്റിന്റെ കൈയിലൊതുങ്ങി. കിവി ബൌളര്‍മാര്‍ക്ക് മികച്ച പിന്തുണയാണ് ഫീല്‍ഡര്‍മാരും നല്‍കിയത്. അവസരങ്ങളൊന്നും പാഴാക്കിയില്ല. രണ്ട് മിന്നുന്ന ക്യാച്ചെടുത്ത സാന്റ്നെറായിരുന്നു കളത്തില്‍ അവരുടെ ഹീറോ. മനീഷ് പാണ്ഡെയെ പുറത്താക്കിയത് ഈ ഓള്‍ റൌണ്ടറുടെ തകര്‍പ്പന്‍ പ്രകടനമാണ്. സിക്സറിലേക്ക് നീങ്ങിയ പാണ്ഡെയുടെ ഷോട്ടിനെ വായുവില്‍ പറന്ന് കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമിന്റെ കൈയിലേക്ക് തട്ടിയിട്ടു.
 

പ്രധാന വാർത്തകൾ
Top