Top
18
Monday, December 2017
About UsE-Paper

ലങ്ക സമനില പിടിച്ചു

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ജേതാക്കളായ ഇന്ത്യന്‍ ടീം കിരീടവുമായി

ന്യൂഡല്‍ഹി > ഫിറോസ് ഷാ കോട്ലയില്‍ ശ്രീലങ്കയുടെ പുതുനിര ഇന്ത്യയെ ചെറുത്തു. മൂന്നാം ടെസ്റ്റില്‍ പൊരുതിക്കളിച്ച ലങ്ക സമനില പിടിച്ചു. 410 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ലങ്ക അഞ്ചാംദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്ണെടുത്താണ് കളി സമനിലയില്‍ അവസാനിപ്പിച്ചത്. എങ്കിലും മൂന്ന് മത്സര പരമ്പര ഇന്ത്യ 1-0ന് നേടി.

തുടര്‍ച്ചയായ ഒമ്പതാം പരമ്പര ജയമാണിത്. ആദ്യമായാണ് ഇന്ത്യയുടെ ഈ നേട്ടം. ഓസ്ട്രേലിയ മാത്രമേ ഇതിനുമുമ്പ് ഒമ്പത് പരമ്പരകള്‍ തുടര്‍ച്ചയായി ജയിച്ചിട്ടുള്ളൂ.
ഒന്നാം ഇന്നിങ്സില്‍ ഇരട്ടസെഞ്ചുറിയും രണ്ടാം ഇന്നിങ്സില്‍ അരസെഞ്ചുറിയും കുറിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.  പരമ്പരയുടെ മികച്ച കളിക്കാരനും കോഹ്ലിതന്നെ. സ്കോര്‍: ഇന്ത്യ 7-536 ഡി., 5-246 ഡി.; ശ്രീലങ്ക 373, 5-299.

പതിനൊന്ന് ടെസ്റ്റിന്റെ മാത്രം പരിചയമുള്ള ധനഞ്ജയ  ഡി സില്‍വയും അരങ്ങേറ്റക്കാരന്‍ റോഷെന്‍ സില്‍വയുമാണ് ഇന്ത്യയുടെ ലോകോത്തര സ്പിന്നര്‍മാരെ ചെറുത്തത്. നാഗ്പുരിലെ രണ്ടാംടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ ലങ്കയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ സമനില. ഡി സില്‍വ 119 റണ്ണെടുത്തു. റോഷെന്‍  74 റണ്ണുമായി പുറത്താകാതെനിന്നു.  ഡി സില്‍വ പരിക്കുകാരണം കളി പൂര്‍ത്തിയാക്കിയില്ല. 44 റണ്ണുമായി പുറത്താകാതെനിന്ന നിരോഷന്‍ ഡിക്വെല്ലയും ഇന്ത്യയെ ഏറെ വിഷമിപ്പിച്ചു.

അഞ്ചാംദിനം ഇന്ത്യക്ക് ആകെ നേടാനായത് രണ്ട് വിക്കറ്റ്. ഒന്നാം ഇന്നിങ്സിലെ സെഞ്ചുറിക്കാരായ ഏഞ്ചലോ മാത്യൂസിനെയും (1) ക്യാപ്റ്റന്‍ ദിനേശ് ചന്‍ഡിമലിനെയും (36). മാത്യൂസിനെ രവീന്ദ്ര ജഡേജയും ചന്‍ഡിമലിനെ ആര്‍ അശ്വിനും പുറത്താക്കി. ജയം എളുപ്പത്തില്‍ നേടാമെന്ന പ്രതീക്ഷിച്ച ഇന്ത്യയെ പിന്നീട് ഡി സില്‍വയും റോഷെനും ഡിക്വെല്ലയും ചേര്‍ന്ന് പരീക്ഷിക്കുകയായിരുന്നു. ചന്‍ഡിമല്‍- ഡി സില്‍വ സഖ്യം 112 റണ്ണെടുത്തു. തുടര്‍ന്ന് റോഷെനുമായി ചേര്‍ന്ന് ഡി സില്‍വ 58 റണ്ണും കൂട്ടിച്ചേര്‍ത്തു. റോഷെന്‍-ഡിക്വെല്ല സഖ്യം 94 റണ്ണും നേടി. ഡിക്വെല്ലയെ പുറത്താക്കാന്‍ ഒരു അവസരം കിട്ടിയെങ്കിലും അത് പാഴായി. ജഡേജയുടെ പന്ത് കയറിഅടിക്കാന്‍ ശ്രമിച്ച് ഡിക്വെല്ല ക്രീസ് വിട്ടെങ്കിലും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് സ്റ്റമ്പ് ചെയ്യാന്‍കഴിഞ്ഞില്ല. ബൌളര്‍മാര്‍ക്ക് വലിയ പിന്തുണയൊന്നും പിച്ചില്‍നിന്ന് ലഭിച്ചില്ല. ഫിറോസ് ഷാ കോട്ലയില്‍ കളിച്ച 12 ടെസ്റ്റില്‍ 10ലും ഇന്ത്യക്കായിരുന്നു ജയം. രണ്ടാമത്തെ മാത്രം സമനിലയാണിത്. 

2015ല്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പര നേട്ടത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ളണ്ട്, ബംഗ്ളാദേശ്, ഓസ്ട്രേലിയ ടീമുകളെയും തോല്‍പ്പിച്ചു. ഒടുവില്‍ ശ്രീലങ്കയ്ക്കെതിരെ രണ്ട് പരമ്പര ജയങ്ങളും.

സ്കോര്‍
ഇന്ത്യ ഒന്നാം ഇന്നിങ്സ് 7-536 ഡി.
ശ്രീലങ്ക ഒന്നാം ഇന്നിങ്സ് 373
ഇന്ത്യ രണ്ടാം ഇന്നിങ്സ് 5-246 ഡി.
ശ്രീലങ്ക രണ്ടാം ഇന്നിങ്സ്
കരുണരത്നെ സി സാഹ ബി ജഡേജ 13, സമരവിക്രമ സി രഹാനെ ബി ഷമി 5, ഡി സില്‍വ 119 (റിട്ടയേര്‍ഡ് ഹര്‍ട്ട്), ലക്മല്‍ ബി ജഡേജ 0, മാത്യൂസ് സി രഹാനെ ബി ജഡേജ 1, ചന്‍ഡിമല്‍ ബി അശ്വിന്‍ 36, റോഷെന്‍ 74*, ഡിക്വെല്ല 44*. എക്സ്ട്രാസ് 7. ആകെ 5-299.
വിക്കറ്റ് വീഴ്ച: 1-14, 2-31, 3-31, 4-35, 5-147. ബൌളിങ്: ഇശാന്ത് 13-2-32-0, ഷമി 15-6-50-1, അശ്വിന്‍ 35-3-126-1, ജഡേജ 38-13-81-3, വിജയ് 1-0-3-0, കോഹ്ലി 1-0-1-0.

 

Categories