Top
17
Sunday, December 2017
About UsE-Paper

ഓസീസ്തന്നെ, ജയം 120 റണ്ണിന്

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

അഡ്ലെയ്ഡ് > ഒളിപ്പിച്ചുവച്ച പേസ് കൊടുങ്കാറ്റ് അഞ്ചാംദിനം ഓസീസുകാര്‍ അഡ്ലെയ്ഡില്‍ അഴിച്ചുവിട്ടു. ഇംഗ്ളണ്ട് ഒന്നടങ്കം അതില്‍ നിലംപൊത്തി. ആഷസിലെ ആദ്യപകല്‍ രാത്രി ടെസ്റ്റില്‍ ഓസ്ട്രേലിയ അങ്ങനെ ചരിത്ര ജയവും കുറിച്ചു. 120 റണ്ണിനായിരുന്നു ഓസീസുകാരുടെ ജയം. പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തി. ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ഓസീസ് ബാറ്റ്സ്മാന്‍ ഷോണ്‍ മാര്‍ഷാണ് കളിയിലെ കേമന്‍. സ്കോര്‍: ഓസ്ട്രേലിയ 8-442, 138; ഇംഗ്ളണ്ട് 227, 233.

അഡ്ലെയ്ഡില്‍ അഞ്ചാംദിനം ഇറങ്ങുമ്പോള്‍ പ്രതീക്ഷയും ആശങ്കയും ഒരുപോലെയായിരുന്നു ഇരുസംഘത്തിനും.  ക്യാപ്റ്റന്‍ ജോ റൂട്ടില്‍ ഇംഗ്ളണ്ട് വിശ്വസിച്ചു, ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് പേസര്‍മാരിലും. ആദ്യ 17 പന്തില്‍ത്തന്നെ സ്മിത്തിന്റെ മുഖത്ത് ചിരിവിടര്‍ന്നു. ജോഷ് ഹാസെല്‍വുഡിന്റെ തീതുപ്പുന്ന പന്തുകളില്‍ റൂട്ടും (67) വോക്സും (5) അടിതെറ്റിവീണു. തലേദിനത്തെ സ്കോറിനോട് ചേര്‍ത്തത് ഒരു റണ്‍. നാലിന് 176 എന്നനിലയില്‍നിന്ന് 6-177ലേക്ക്. ചരിത്രജയം കൊതിച്ച ഇംഗ്ളണ്ട് അവിടെ തീര്‍ന്നു.  

അഞ്ചാംദിനം 178 റണ്‍ ലക്ഷ്യവുമായി കളത്തിലെത്തിയ ഇംഗ്ളീഷുകാര്‍ക്ക് 57 റണ്ണെടുക്കുന്നതിനിടെ ശേഷിച്ച ആറ് വിക്കറ്റും നഷ്ടമായി. രണ്ട് മണിക്കൂറിനുള്ളില്‍ ഓസീസ് ഇംഗ്ളീഷുകാരുടെ കഥകഴിച്ചു. മിച്ചെല്‍ സ്റ്റാര്‍ക് ആകെ അഞ്ച് വിക്കറ്റെടുത്തു. ഹാസെല്‍വുഡും നതാന്‍ ല്യോണും രണ്ടുവീതം നേടി. പാറ്റ് കമ്മിന്‍സ് ഒന്നും.

നാലാംദിനം കണ്ട പേസര്‍മാരായിരുന്നില്ല അവസാനദിനം അഡ്ലെയ്ഡില്‍. തലേദിവസം കൃത്രിമ വെളിച്ചത്തിനു കീഴെ, റൂട്ടിന്റെ കടന്നാക്രമണത്തില്‍ പകച്ചുപോയ ഓസീസ് പേസ് പട ഇരട്ടിവീര്യവുമായാണ് തിരിച്ചെത്തിയത്. ആദ്യ ഓവറിലെ രണ്ടാംപന്ത് വോക്സിന്റെ ബാറ്റിനെ ചുംബിച്ച് ടിം പെയ്നിന്റെ കൈകളില്‍ വിശ്രമിച്ചു. ഹാസെല്‍വുഡിന്റെ അടുത്ത ഓവറില്‍ റൂട്ടും സമാന രീതിയില്‍ മടങ്ങി. പിങ്ക് പന്ത് റൂട്ടിന്റെ ബാറ്റിന് അരികുതൊട്ടു. അമ്പയര്‍ അലീംദാര്‍ വിരലുയര്‍ത്തി. അവസാനിച്ചുവെന്ന് തിരിച്ചറിഞ്ഞ റൂട്ട് റിവ്യൂവില്‍ ഭാഗ്യപരീക്ഷണം നടത്താതെ തലകുനിച്ചു. ഇംഗ്ളണ്ടും.

ശേഷിച്ച ചടങ്ങുകള്‍ സ്റ്റാര്‍കും ല്യോണും ചേര്‍ന്ന് പൂര്‍ത്തിയാക്കി. മൊയീന്‍ അലിയെ (2) ല്യോണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. സ്റ്റാര്‍ക്കിന്റെ ചാഞ്ഞുവന്ന പന്ത് ക്രെയ്ഗ് ഒവെര്‍ട്ടന്റെ (7) കാലില്‍പതിച്ചു. സ്റ്റുവര്‍ട്ട് ബ്രോഡിനെ (8) പെയ്നിന്റെ കൈകളിലൊതുക്കി. ഒടുവില്‍ ജോണി ബെയര്‍സ്റ്റോവിന്റെ (36) കുറ്റി പിഴുത് സ്റ്റാര്‍ക് ആഷസിന്റെ ആവേശകരമായ അധ്യായത്തിന് തിരശീലയിട്ടു.

പെര്‍ത്തിലാണ് മൂന്നാം ടെസ്റ്റ്. പേസര്‍മാരുടെ പറുദീസയാണിവിടെ. ജയിച്ചാല്‍ പരമ്പര ഓസീസിന് കിട്ടും.

Categories