Top
18
Monday, December 2017
About UsE-Paper

ബയേണിന് വന്‍ ജയം അത്ലറ്റികോ പുറത്ത്

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

മ്യൂണിക് > ചാമ്പ്യന്‍സ് ല്ീഗ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാരിസ് സെന്റ് ജെര്‍മെയ്നെതിരെ ബയേണിന് ഗംഭീര ജയം. അത്ലറ്റികോ മാഡ്രിഡ് പുറത്തായി.
സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ്് ബയേണിന്റെ ജയം. കൊറെന്റിന്‍ ടോളിസോ ഇരട്ടഗോള്‍ നേടി. റോബെര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ വകയായിരുന്നു ബയേണിന്റെ ഇതരഗോള്‍. കൈലിയന്‍ എംബാപ്പെ പിഎസ്ജിയുടെ ഏക ഗോള്‍ മടക്കി. ഇതോടെ യൂറോപ്യന്‍ പോരാട്ടങ്ങളിലെ ഫ്രഞ്ചുകാരുടെ അപരാജിതക്കുതിപ്പിന് അവസാനമായി. ഗ്രൂപ്പ് ബിയില്‍ ഇരു ടീമിനും ഇതോടെ 15 പോയിന്റുവീതമായി. ഗോള്‍ വ്യത്യാസത്തില്‍ പിഎസ്ജിയാണ് ഒന്നാംപടിയില്‍.

ഇതരമത്സരങ്ങളില്‍ ബാഴ്സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും  എഎസ് റോമയും യുവന്റസും ജയിച്ചു. ഇംഗ്ളീഷ് ചാമ്പ്യന്‍മാരായ ചെല്‍സി അത്ലറ്റികോ മാഡ്രിഡുമായി സ്വന്തം തട്ടകത്തില്‍ ഒരുഗോള്‍ സമനില വഴങ്ങി ഗ്രൂപ്പ് സിയിലെ ഒന്നാംപടി നഷ്ടപ്പെടുത്തുകയും ചെയ്തു. അത്ലറ്റികോ പുറത്താകുകയും ചെയ്തു. അത്ലറ്റികോ മാഡ്രിഡിനെതിരെ സോള്‍ നിഗ്വെസിന്റെ ഗോളില്‍ ചെല്‍സി പിറകിലായി. എന്നാല്‍ ഇടവേളയ്ക്കുശേഷം അത്ലറ്റികോ പ്രതിരോധക്കാരന്‍ സ്റ്റെഫാന്‍ സാവിച്ചിന്റെ ദാനഗോള്‍ ചെല്‍സിക്ക് സമനില നേടിക്കൊടുക്കുകയും ചെയ്തു. റോമയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

പിഎസ്ജിയുടെ മൈതാനിയില്‍ മടക്കമില്ലാത്ത മൂന്നുഗോളിന് തോറ്റതിന്റെ മറുപടി നല്‍കുകയായിരുന്നു ബയേണ്‍ സ്വന്തം ഗ്രൌണ്ടില്‍. പൊരുതിക്കളിച്ച പിഎസ്ജി പക്ഷേ ആതിഥേയര്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തിയാണ് കളത്തില്‍നിന്ന് മടങ്ങിയത്.

എട്ടാം മിനിറ്റില്‍ പിഎസ്ജി പ്രതിരോധം തീര്‍ത്ത ഓഫ്സൈഡ് പൂട്ടുപൊളിച്ച് റോബെര്‍ട്ട് ലെവന്‍ഡോവ്സ്കി ബയേണിനെ മുന്നിലെത്തിച്ചു. 37-ാം മിനിറ്റില്‍ ടോളിസോ ലീഡുയര്‍ത്തി. ജെയിംസ് റോഡ്രിഗസിന്റെ പാസില്‍ ഗംഭീര ഹെഡ്ഡര്‍. ഇടവേളയ്ക്കുശേഷം എംബാപ്പെയിലൂടെ പിഎസ്ജി ഒരുഗോള്‍ മടക്കി. എന്നാല്‍ ടോളിസോയുടെ രണ്ടാംഗോള്‍ ബയേണിന്റെ ജയമുറപ്പിച്ചു.

റഷ്യന്‍ ടീം സിഎസ്കെ മോസ്ക്വയോട്  ഒരുഗോളിന് പിന്നില്‍നിന്ന 2-1നായിരുന്നു യുണൈറ്റഡിന്റെ ജയം. ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച് റൊമേലു ലുകാകുവും മാര്‍കസ് റാഷ്ഫഡും ലക്ഷ്യംകണ്ടു. വിക്ടര്‍ ഡോസ് സാന്റോസ് മോസക്വയുടെ ഗോള്‍ നേടി. സ്പോര്‍ടിങ് ലിസ്ബണിനെതിരെ ബാഴ്സയ്ക്കുവേണ്ടി പാകോ അല്‍കസാറും ജെറെമി മതിയൂവും വലകുലുക്കി. ദ്യേഗോ പെരേറ്റിയുടെ ഗോളിന് റോമ ഖറാബാഗിനെ തോല്‍പ്പിച്ചു. 

Categories