21 July Saturday

കൊച്ചിയില്‍ 4 വന്‍കരകള്‍

പ്രദീപ് ഗോപാല്‍Updated: Saturday Oct 7, 2017


ഒരിക്കല്‍ ആഞ്ഞടിച്ച്, അവശേഷിപ്പിച്ചുപോയ ഫുട്ബോള്‍ ആരവങ്ങളുടെ വീണ്ടെടുപ്പിനായി കൊച്ചി കാത്തിരിക്കുകയാണ്. ലോകം ഇന്ന് ഒരു പന്തായി കൊച്ചിക്കുമുന്നില്‍ ഉയര്‍ന്നുപൊങ്ങും. കൌമാരമെന്നോ, യൌവനമെന്നോ ഇല്ല. ലോകകപ്പാണ്. ബ്രസീല്‍ ബ്രസീലും സ്പെയ്ന്‍ സ്പെയ്നുമാണ്. ലോകകിരീടങ്ങളില്‍ മാറിമാറി മുത്തമിട്ടവര്‍. എണ്ണംപറഞ്ഞ  മിന്നുംതാരങ്ങളെ ഓരോ കാലഘട്ടത്തിലും ഒരുക്കിനല്‍കിയവര്‍. നെയ്മറുടെ, റൊണാള്‍ഡീന്യോയുടെ, സാവിയുടെ, ഇനിയേസ്റ്റയുടെയും നാട്ടുകാര്‍. അവരുടെ പിന്മുറക്കാരാണ് കൊച്ചിക്കുമുന്നില്‍ ത്രസിപ്പിക്കാനൊരുങ്ങുന്നത്. ലോകകപ്പിന്റെ കന്നിക്കാഴ്ചകളിലേക്ക് വൈകിട്ടോടെ കൊച്ചി കണ്‍തുറക്കും.

ബ്രസീല്‍
ജനിക്കുന്ന കുഞ്ഞിന് ഞങ്ങള്‍ ആദ്യം നല്‍കുന്ന സമ്മാനം ഫുട്ബോളാണെന്ന ബ്രസീല്‍ കോച്ച് കാര്‍ലോസ് അമദ്യുവിന്റെ വാക്കുകളിലുണ്ട് ആ രാജ്യത്തെ ഹൃദയമന്ത്രം. അവര്‍ക്ക് കൌമാര ലോകകപ്പ് വെറുമൊരു ടൂര്‍ണമെന്റല്ല. ഭാവിയിലേക്കുള്ള കരുതിവയ്പാണ്. ഇവിടെനിന്ന് അവര്‍ ഊതിക്കാച്ചിയെടുക്കും. ഞങ്ങള്‍ക്ക് കിരീടം മാത്രമല്ല ലക്ഷ്യം. ബ്രസീലിനായി ഭാവിയില്‍ ബൂട്ടണിയുന്നവരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഒരു വിനീഷ്യസിനെ നഷ്ടപ്പെട്ടാല്‍ ഇവിടെനിന്ന് രണ്ട് വിനീഷ്യസുമാരെ സൃഷ്ടിക്കാനാകുമെന്ന് ക്യാപ്റ്റന്‍ വിറ്റാവോ പറയുന്നു.

മുംബൈയിലെ പരിശീലനംകഴിഞ്ഞ് കൊച്ചിയിലെത്തിയ ബ്രസീല്‍ ടീമിന് ആത്മവിശ്വാസത്തിന്റെ മുഖമാണ്. ബ്രസീല്‍ സാഹചര്യങ്ങളുമായി സാമ്യമുള്ള അന്തരീക്ഷമാണ് കൊച്ചിയില്‍. പെട്ടെന്നുതന്നെ ഒത്തിണങ്ങി. അമദ്യുവിന് അക്കാര്യത്തില്‍ ഏറെ സന്തോഷമുണ്ട്. ബ്രസീലിന്റെ പ്രതിരോധം എന്നത് ആക്രമണമാണ്. ആക്രമണംകൊണ്ട് അവര്‍ പ്രതിരോധിക്കും. ഗോളടിക്കാന്‍ പൌളീന്യോയും ലിങ്കണുമുണ്ട്. മധ്യനിരയില്‍ കളിമെനയുന്ന അലന്‍ സോസയുണ്ട്. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ വിറ്റാവോയും. സ്പെയ്നിന്റെ പന്ത് കൂടുതല്‍ സമയം കൈവശംവച്ചുള്ള കളിക്ക്, ഇടതടവില്ലാത്ത ആക്രമണങ്ങള്‍കൊണ്ടാകും ബ്രസീല്‍ മറുപടി പറയുക. വിനീഷ്യസിന്റെ അഭാവം ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് അമദ്യു. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ടീമില്‍ വിനീഷ്യസ് മാത്രമേ ഇല്ലാതുള്ളൂ. അഞ്ചുപേര്‍ 16 വയസ്സുകാരാണ്.

സ്പെയ്ന്‍
സ്പെയ്ന്‍ കിടയറ്റ തന്ത്രങ്ങളുടെ മറുവാക്കാണ്. കളത്തില്‍ കളംവരച്ച് അവര്‍ കോട്ടകെട്ടും. അതില്‍നിന്നുള്ള ഓരോ നീക്കവും എതിരാളികളുടെ പ്രതിരോധ മതിലുകളില്‍ വിള്ളലുണ്ടാക്കും. സ്പെയ്നിന്റെ കൌമാരനിരയിലും അതേ ഊര്‍ജമാണുള്ളത്. കാറ്റലോണിയന്‍ ഹിതപരിശോധനാ വിവാദങ്ങള്‍ ടീമിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് കോച്ച് സാന്റിയാഗോ ഡിനിയ പറയുന്നു. ഞങ്ങള്‍ ഒറ്റക്കെട്ടാണ്. കിരീടമാണ് ലക്ഷ്യം- സാന്റി പറയുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടത്തിന്റെ മധുരമുണ്ട്. ഇതുവരെ കിട്ടാത്ത കൌമാര ലോകകിരീടംകൂടി വേണമിനി. സെക് ഫാബ്രിഗസും ഡേവിഡ് സില്‍വയുമെല്ലാം ലോകഫുട്ബോളിന്റെ നെറുകയിലേക്കു വന്നെത്തിയത് ഈ കൌമാരമേളയില്‍ ചിറകുവിരിച്ചായിരുന്നു. ഈ ടീമില്‍ ആബേല്‍ റൂയിസുണ്ട്. വിശ്രമമില്ലാത്ത ഗോളടികൊണ്ട് ഇതിനകംതന്നെ യൂറോപ്പിനെ അമ്പരിപ്പിച്ച പതിനേഴുകാരന്‍. നെയ്മറിനെയും അല്‍വാരോ മൊറാട്ടയെയും ആരാധിക്കുന്ന സ്പെയ്ന്‍ കൌമാരപ്പടയുടെ നായകന്‍.

സ്പെയ്നിലും ഇന്ത്യയിലുമായി രണ്ടുഘട്ട പരിശീലനങ്ങളാണ് സ്പെയ്ന്‍ നടത്തിയത്. ജയത്തോടെ തുടങ്ങുകയാണ് ലക്ഷ്യം. അത് ബ്രസീലിനെതിരെയായാല്‍ പ്രീക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പിക്കാം. റൂയിസിനെ കൂടാതെ, പെഡ്രോ റൂയിസ്, സെര്‍ജിയോ ഗോമെസ്, യുവാന്‍ മിറാന്‍ഡ, അല്‍വരോ ഗാര്‍ഷ്യ എന്നിങ്ങനെ ഒരുപറ്റം പ്രതിഭകളുണ്ട് ഇന്ന് പന്തുതട്ടാന്‍. കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സ്പെയ്ന്‍ പാടുപെട്ടു. കളിയില്‍ അതൊരു ഘടകമാകില്ലെന്നാണ് സാന്റിയുടെ അഭിപ്രായം.

ഇത് ഭാവിയിലേക്കുള്ള ഒരുക്കം: അമദ്യു
കൊച്ചി>  ഭാവിയിലേക്കുള്ള തയ്യാറെടുപ്പാണ് ഈ ലോകകപ്പെന്ന് ബ്രസീല്‍ ടീം കോച്ച് കാര്‍ലോസ് അമദ്യു. ഫുട്ബോള്‍ ബ്രസീലിന്റെ ജീവതാളമാണ്. ഏത് പ്രായവിഭാഗമായാലും പ്രധാനപ്പെട്ടതുതന്നെ- അമദ്യു പറഞ്ഞു. സ്പെയ്നിനെതിരായ മത്സരത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അമദ്യു വ്യക്തമാക്കി.
ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അതേ ടീംതന്നെയാണ് കളിക്കുന്നത്. വിനീഷ്യസ് ജൂനിയറിന് പകരം ബ്രെന്നെര്‍ കളിക്കും. വിനീഷ്യസ് ഞങ്ങളുടെ പ്രധാന കളിക്കാരനാണ്. പക്ഷേ, ഇപ്പോള്‍ ലക്ഷ്യം ലോകകപ്പ് മാത്രം. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിലെ ജയമൊക്കെ കഴിഞ്ഞ കഥകളാണ്. കിരീടം നേടണം. സീനിയര്‍ ടീമിലേക്ക് യുവതാരങ്ങളെ വാര്‍ത്തെടുക്കണം. 16 വയസുള്ള അഞ്ച് കളിക്കാരാണ് ടീമിലുള്ളത്്. സ്പെയ്നിനെതിരെ പന്തില്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുത്ത് കളിക്കാനായിരിക്കും ശ്രമിക്കുക- ബ്രസീല്‍ കോച്ച് പറഞ്ഞു.

വിനീഷ്യസുമാര്‍ ഇനിയുമുണ്ടാകും: വിറ്റാവോ
കൊച്ചി>  പ്രധാന സ്ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറിന്റെ അഭാവം ടീമിനെ ബാധിക്കില്ലെന്ന് ബ്രസീല്‍ ടീം കോച്ച് വിറ്റാവോ. മത്സത്തില്‍ ഓരോ കളിക്കാരും തങ്ങളുടെ കഴിവിന്റെ പരമാവധി പ്രകടനം പുറത്തെടുക്കും. സമ്മര്‍ദ്ദമില്ല. ടീമില്‍ രണ്ട് വിനീഷ്യസുമാരുണ്ടാകും- വിറ്റാവോ പറഞ്ഞു.  സ്പെയ്നിന്റെ കളിശൈലിയെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തതയുണ്ട്. ഞങ്ങളുടെ ശക്തിദൌര്‍ബല്യങ്ങള്‍ എന്തെന്നും കൃത്യമായ ധാരണയുണ്ട്. മികച്ച കളി പുറത്തെടുക്കും.

ഞങ്ങളൊന്ന്: സാന്റി
കൊച്ചി>  ലോകകപ്പ് കളിക്കാനും കിരീടം നേടാനുമാണ് ഇവിടെ വന്നിരിക്കുന്നതെന്ന് സ്പെയ്ന്‍ കോച്ച് സാന്റിയാഗോ ഡിനിയ. ഗ്രൂപ്പ് ഡിയില്‍ മത്സരങ്ങള്‍ കടുപ്പമാണ്. ബ്രസീലിനെ കീഴടക്കുക എന്നത് കഠിനമാണ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമും ബ്രസീലാണ്. ജയത്തോടെ തുടങ്ങാനായാല്‍ അതിനെക്കാള്‍ സുന്ദരം മറ്റൊന്നില്ല.
ഞങ്ങള്‍ക്ക് ഇതുവരെ ലോകകപ്പില്‍ കിരീടം നേടാനായിട്ടില്ല. അതു തിരുത്തുകയാണ് ലക്ഷ്യം. ഇവിടുത്തെ സാഹചര്യങ്ങള്‍ മികച്ചതാണ്. കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പക്ഷേ, ഏറെ സമയം വേണ്ടിവന്നു. ബ്രസീലിനെതിരെ കളിക്കുമ്പോള്‍ അതൊരു ഘടകമാകില്ല. പരിശീലനം മികച്ചതായിരുന്നു. ആദ്യ ഘട്ടം സ്പെയ്നിലായിരുന്നു. രണ്ടാം ഘട്ടം ഇവിടെയും. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഒരുപറ്റം കളിക്കാരുണ്ട്- സാന്റി വ്യക്തമാക്കി.


ജയം പ്രധാനം: റൂയിസ്
കൊച്ചി > ആദ്യ മത്സരം ജയിച്ചുതുടങ്ങുകയാണ് പ്രധാനം. ബ്രസീലിനെതിരെ മികച്ച കളി പുറത്തെടുക്കും- ലോകകപ്പില്‍ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പ് സ്പെയ്ന്‍ ക്യാപ്റ്റന്‍ ആബേല്‍ റൂയിസ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞു. ആ പ്രകടനം തുടരുമെന്നും റൂയിസ് വ്യക്തമാക്കി.
ലോക ഫുട്ബോളില്‍ സ്പാനിഷ് മുന്നേറ്റക്കാരന്‍ അല്‍വാരോ മൊറാട്ടയും ബ്രസീല്‍ ക്യാപ്റ്റന്‍ നെയ്മറുമാണ് തന്നെ പ്രചോദിപ്പിക്കുന്ന കളിക്കാരുമെന്നും റൂയിസ് പറഞ്ഞു.

പ്രധാന വാർത്തകൾ
Top