Top
17
Tuesday, October 2017
About UsE-Paper

ആത്മവിശ്വാസത്തോടെ നൈജര്‍ x ഉത്തര കൊറിയ

Saturday Oct 7, 2017
രജീഷ് ബാലന്‍


അതിവമ്പന്‍മാരുടെ ഡി ഗ്രൂപ്പില്‍ പന്തുതട്ടാനിറങ്ങുകയാണ് ആഫ്രിക്കക്കാരായ നൈജറും ഏഷ്യന്‍ പ്രതിനിധികളായ ഉത്തര കൊറിയയും 2-ാം മത്സരത്തില്‍. അടുത്തമത്സരത്തില്‍ ബ്രസീലിനെയും സ്പെയ്നിനെയും നേരിടുന്നതിന്റെ മുന്നൊരുക്കമായാണ് നൈജര്‍ കൊറിയയുമായുള്ള പോരാട്ടത്തെ കാണുന്നത്. അതേസമയം എതിരാളികള്‍ പുതുക്കക്കാരെന്നുള്ള ലാഘവം ഒരിക്കലുമുണ്ടാകില്ലെന്ന ഉറപ്പോടെ പൊരുതാനുറച്ചാണ് കൊറിയക്കാര്‍ കളത്തിലിറങ്ങുക.

തികഞ്ഞ ആത്മവിശ്വാസമാണ് നൈജറിന്റെ പരിശീലകന്‍ ടീമോഗോ സുമൈലയുടെ വാക്കുകളില്‍. 'ലോകകപ്പിന് യോഗ്യതനേടിയതുമുതല്‍ ഞങ്ങള്‍ ഈ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. കഠിനമായി പരിശീലിച്ചു. നൈജീരിയയെ തോല്‍പ്പിച്ചവരെന്ന നിലയില്‍ ആത്മവിശ്വാസത്തോടെയാണ് യോഗ്യതാമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആതേ വിശ്വാസത്തോടെ ബ്രസീലിനെതിരെയും സ്പെയ്നിനെതിരെയും കൊറിയയെയും ഇറങ്ങും.'-സുമൈല പറഞ്ഞു.
അതേസമയം ഓരോ ടീമുകള്‍ക്കെതിരെയും അവരുടെ കളിക്കനുസരിച്ചുള്ള തന്ത്രമാണ് നൈജറിന്റെത്. കളിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടാണ് സുമൈല കുട്ടികളെ തയ്യാറാക്കിയത്. നാട്ടിലെ ഒന്നാം ഡിവിഷന്‍ ടീമുകള്‍ക്കെതിരെ കളിച്ച് വേഗവും കരുത്തും ഒത്തുനോക്കുകയും ചെയ്തു. അള്‍ജീരിയയിലും മൊറാക്കോയിലും പരിശീലനമത്സരങ്ങള്‍ കളിച്ചത് ടീമിന് ഏറെ ഗുണംചെയ്തിട്ടുണ്ട്. 

ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ പേര് ഉയര്‍ത്തുവാന്‍ ഏറ്റവും നല്ല കളി പുറത്തെടുക്കുമെന്നാണ് ക്യാപ്റ്റനും ഗോള്‍കീപ്പറുമായ മൂസ ലൌആലിയുടെ പ്രതികരണം. ലോകകപ്പില്‍ രാജ്യത്തെ നയിക്കുന്നതിലുള്ള സന്തോഷം നൈജര്‍ ക്യാപ്റ്റന്‍ മറച്ചുവച്ചില്ല.

ഗ്രൂപ്പിലെ ആദ്യ മത്സരമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നാണ് കൊറിയന്‍ പരിശീലകന്‍ കിങ് യോങ് സൂവിന്റെ പക്ഷം. ആദ്യമത്സരം ജയിച്ചാല്‍ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജമാകും. സ്പെയ്നിനെയും ബ്രസീലിനെയും നേരിടാന്‍ ആത്മവിശ്വാസവും ലഭിക്കും. മറിച്ചാണെങ്കില്‍ ബുദ്ധിമുട്ടാകുമെന്നുറപ്പ്. മറ്റ് മൂന്നു ടീമുകളും കരുത്തര്‍ തന്നെ-സൂ പറഞ്ഞു.

യോഗ്യതനേടിയശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ അവസരംകിട്ടാത്തതിന്റെ കുറവ് മാത്രമാണ് തയ്യാറെടുപ്പിലുണ്ടായിരുന്നതെന്ന് സൂ പറഞ്ഞു.  നാട്ടിലെ സീനിയര്‍ ക്ളബ്ബുകളോട് മാത്രമാണ് കൊറിയ പരിശീലന മത്സരംകളിച്ചത്. കൃത്യമായി പറഞ്ഞാല്‍ ഏഴ് കളി.

2016 എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ പരിശീലകനായിരുന്ന ചായിയോങ് കുംപിയാം വിലക്കിലായതിനുശേഷമാണ് മുന്‍ ദേശീയ താരംകൂടിയായ സൂ ടീമിന്റെ ചുമതലയേറ്റെടുത്തത്്. അന്നത്തെ  എതിരാളികളെക്കാള്‍ ശക്തരാണ് ലോകകപ്പിലെ ടീമുകള്‍. ബ്രസീല്‍, സ്പെയ്ന്‍ മത്സരങ്ങള്‍ കടുപ്പമാകുമെന്നാണ് സൂ കരുതുന്നത്.
ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞെന്നും നല്ല കളി പുറത്തെടുക്കുമെന്നും ലയണല്‍ മെസ്സിയുടെയും അര്‍ജന്റീനയുടെയും ആരാധകന്‍ കൂടിയായ ക്യാപ്റ്റന്‍ കിം ചുങ് ജിന്‍ പറഞ്ഞു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Categories