21 July Saturday

ഒന്ന്, ഘാന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

ന്യൂഡല്‍ഹി > ഘാന നിരാശപ്പെടുത്തിയില്ല. രണ്ടു കിരീടം ഉള്‍പ്പെടെ നാലുതവണ കലാശക്കളിക്കിറങ്ങിയ ഘാന അണ്ടര്‍ 17 ലോകകപ്പിന്റെ ഇന്ത്യന്‍പതിപ്പില്‍ വരവറിയിച്ചു. ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒറ്റഗോളിന്ആഫ്രിക്കന്‍സംഘം കീഴടക്കി.  മധ്യനിരതാരം സാദിഖ് ഇബ്രാഹിം ഘാനയുടെ ജയമുറപ്പിച്ച ഗോള്‍ കുറിച്ചു.   

ആഫ്രിക്കന്‍ ഫുട്ബോളിന്റെ കരുത്തും ലാറ്റിനമേരിക്കന്‍ കാല്‍പ്പന്തിന്റെ സൌന്ദര്യവും നിറഞ്ഞുനിന്ന മത്സരത്തില്‍ ആക്രമണതന്ത്രങ്ങളുമായാണ് ഇരുടീമും ഇറങ്ങിയത്. കളിക്കളത്തില്‍ സുന്ദരനിമിഷങ്ങള്‍ സമ്മാനിച്ച കൊളംബിയന്‍സംഘത്തിന് പക്ഷേ ലക്ഷ്യത്തിലെത്താനുള്ള മിടുക്കില്ലാതെപോയി. 4-2-3-1 ഘടനയിലാണ് ഇരുടീമും ഇറങ്ങിയത്.

തുടക്കംമുതല്‍ ആക്രമിച്ചുകളിക്കുകയായിരുന്നു ഘാന. മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ എറിക് അയ്യയും മധ്യനിരയില്‍ സാദിഖ് ഇബ്രാഹിമു താളംകണ്ടെത്തിയതോടെ കൊളംബിയന്‍ പ്രതിരോധത്തിന് ജോലിഭാരം കൂടി. മറുവശത്ത് ഇടതുവിങ്ങില്‍ ലിയാന്‍ഡ്രോ കംപാസിനെ ചുറ്റിപ്പറ്റിയായിരുന്നു കൊളംബിയയുടെ നീക്കങ്ങളത്രയും. കംപാസ് ചില മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവച്ചെങ്കിലും ലക്ഷ്യംമാത്രം അകന്നുനിന്നു. മുന്നേറ്റത്തില്‍ ഡെയ്മന്‍ കോര്‍ട്ടസ് നിറംമങ്ങിയത് അവര്‍ക്ക് വിനയായി. കംപാസിന്റെ കാലില്‍ പന്തുകിട്ടിയപ്പോഴൊക്കെ ജാഗ്രതപുലര്‍ത്തിയ ഘാനയുടെ പ്രതിരോധനിരയും മികച്ചുനിന്നു.

പത്താം മിനിറ്റില്‍ കൊളംബിയയാണ് ആദ്യ അവസരം തുറന്നത്. 14-ാം മിനിറ്റില്‍ കൊളംബിയന്‍ ഗോളി കെവിന്‍ മിയര്‍ മാത്രം മുന്നില്‍ അയ്യാ അടി പാഴാക്കി. തൊട്ടടുത്ത മിനിറ്റില്‍ സാദിഖ് ഇബ്രാഹിമിന്റെ ഷോട്ട് കെവിന്‍ മിയര്‍ തട്ടിയകറ്റിയതോടെ മത്സരം ചൂടുപിടിച്ചു. പ്രത്യാക്രമണത്തില്‍ ഗോള്‍മുഖം വിറപ്പിച്ച കംപാസിന്റെ ഷോട്ട് പുറത്തേക്കുപോയതോടെ ആഫ്രിക്കക്കാര്‍ ആശ്വസിച്ചു. 17-ാം മിനിറ്റില്‍ മധ്യവരയില്‍നിന്നു ലഭിച്ച പന്തുമായി വീണ്ടും കംപാസ് മുന്നേറിയെങ്കിലും ഘാനയുടെ പ്രതിരോധം ഭേദിക്കാനായില്ല.

25-ാം മിനിറ്റില്‍ അയ്യ-സാദിഖ് കൂട്ടുകെട്ട് വീണ്ടും അവസരം തുറന്നെടുത്തു. അയ്യയുടെ ക്രോസിന് സാദിഖ് തലവച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. 32-ാം മിനിറ്റില്‍ കംപാസിലൂടെ കൊളംബിയ മറ്റൊരു നീക്കം നടത്തിയെങ്കിലും ഫലം മറിച്ചായിരുന്നില്ല. ആദ്യപകുതി അവസാനിക്കാന്‍ ആറുമിനിറ്റ് ശേഷിക്കേ ഘാന നടത്തിയ മുന്നേറ്റം ഗോളില്‍ കലാശിച്ചു. ഇമ്മാനുവല്‍ ടോക്കുവില്‍നിന്ന് പന്ത് സ്വീകരിച്ച് ഇടതുഭാഗത്തുനിന്ന് അയ്യ നല്‍കിയ ക്രോസ് കൊളംബിയന്‍ പ്രതിരോധതാരങ്ങളെ മറികടന്ന് ഓടിക്കയറിയ സാദിഖ് വലംകാല്‍കൊണ്ട് പോസ്റ്റിലെത്തിക്കുമ്പോള്‍ ഗോളി കെവിന്‍ മിയര്‍ കാഴ്ചക്കാരനായി.

ഒരു ഗോളിന് മുന്നിലെത്തിയെങ്കിലും പിന്‍വലിയാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റില്‍ സാദിഖ്-അയ്യ സഖ്യം വീണ്ടും എതിര്‍ ഗോള്‍മുഖം വിറപ്പിച്ചു. മറുവശത്ത് സമനിലഗോളിനായി കൊളംബിയയും കിണഞ്ഞുശ്രമിച്ചതോടെ കളത്തില്‍ ആവേശം വര്‍ധിച്ചു. നിറംമങ്ങിയ ഡെയ്മന്‍ കോര്‍ട്ടസിനു പകരം 67-ാം മിനിറ്റില്‍ സാന്റിയാഗോ ബറേരോ വന്നതോടെ കൊളംബിയന്‍ മുന്നേറ്റങ്ങള്‍ക്ക് വേഗംകൂടി. 77-ാം മിനിറ്റില്‍ ഇമ്മാനുവല്‍ ടോക്കുവില്‍നിന്ന് പന്തു സ്വീകരിച്ച് മുന്നേറിയ അമിന് മുഹമ്മദ് ഘാനയുടെ ലീഡ് ഉയര്‍ത്തുമെന്ന് തോന്നിച്ചെങ്കിലും ഗോളി ഡണ്‍ലാഡ് ഇബ്രാഹിം രക്ഷകനായി. മത്സരസമയത്തിന്റെ 56 ശതമാനവും പന്ത് കൈവശംവച്ചത് കൊളംബിയയാണെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. അവര്‍ക്ക് ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനായത് മൂന്നുതവണ മാത്രം. മറുവശത്ത് ഘാന ആറുതവണയാണ് എതിര്‍ ഗോള്‍മുഖം വിറപ്പിച്ചത്.
തിങ്കളാഴ്ച അമേരിക്കയുമായാണ് ഘാനയുടെ അടുത്ത മത്സരം.  അന്നുതന്നെ ആതിഥേയരുമായി കൊളംബിയ ഏറ്റുമുട്ടും.

പ്രധാന വാർത്തകൾ
Top